ജീവിതത്തിലേക്ക് ഉയർന്ന കരം...മൺകൂനയ്ക്കുള്ളിൽ നിന്ന് രതീഷ് രക്ഷപ്പെട്ടത് അത്ഭുതകരമായി

#വിഷ്ണു എം.കുറുപ്പ്

തൊടുപുഴ: അവർ ഓടിയെത്തിയപ്പോൾ എല്ലായിടത്തും ഇരുട്ടായിരുന്നു. എല്ലായിടത്തും നനഞ്ഞ ചെളിയുടെയും അരഞ്ഞ ചെടികളുടെയും ഗന്ധം. എവിടെയോ ഒരു ഞരക്കം. മൊബൈൽ ഫോണിന്റെ അരണ്ടവെളിച്ചത്തിൽ അവർ അതുകണ്ടു. മൺകൂനയിൽനിന്ന് പുറത്തേക്ക് നീണ്ടൊരു കൈ. രതീഷ് ജീവിതത്തിലേക്കായിരുന്നു ആ കൈ നീട്ടിപ്പിടിച്ചത്. കുടയത്തൂർ അടൂർമല ഉരുൾപൊട്ടലിൽനിന്ന് മഷികല്ലേൽ രതീഷ് രക്ഷപ്പെട്ടത് അദ്ഭുതകരമായാണ്. ഉരുൾവരുന്നത് മനസ്സിലായി അച്ഛൻ രവിക്കും അമ്മ സുമതിക്കുമൊപ്പം വീടിന് പുറത്തേക്ക് ഓടാൻ ശ്രമിച്ച രതീഷ് മണ്ണിലും കല്ലിലും പുതഞ്ഞുപോയി.

തലയ്ക്ക് തൊട്ടുമുകളിലായി ഒരു സ്ലാബുംവന്ന് തങ്ങിനിന്നു. അതാണ് രക്ഷയായത്. രതീഷിന്റെ മുഖത്തേക്ക് മണ്ണുവീണില്ല. അല്പാല്പം ശ്വാസം എടുക്കാൻകഴിഞ്ഞു. അതാണ് ജീവൻ നിലനിർത്തിയത്. അപ്പോഴേക്കും താഴത്തെ വീട്ടിലെ ജമിനിഷ് കേശവും കൂട്ടുകാരനും ദുരന്തഭൂമിയിലേക്ക് ഓടിയെത്തി. നിലവിളികേട്ട് ടോർച്ച് അടിച്ചുനോക്കിയപ്പോഴാണ് മൺകൂനകൾക്ക് ഇടയിൽ രതീഷിന്റെ കൈ ഉയർന്ന് നിൽക്കുന്നത് കണ്ടത്.

ചതുപ്പുപോലായ പ്രദേശത്ത് കൂടി ഏറെ പണിപ്പെട്ടാണ് ഇവർ സ്ലാബിന് അടുത്തേക്ക് എത്തിയത്. വല്ലവിധേനയും രതീഷിനെ പുറത്തേത്തിച്ചു. ഉടൻതന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പാഞ്ഞു. രതീഷിന്റെ ശരീരത്തിൽ ഒന്നിലധികം ഒടിവുകളും മുറിവുകളുമുണ്ട്. രസ്നയാണ് മരിച്ച സുമതിയുടെ മകൾ.

Content Highlights: Ratheesh miraculously survived being buried under mud during the Kudayathur landslide., A structural slab prevented the soil from crushing him, allowing him to breathe., Local residents Jamnish Keshav and friends performed a daring rescue operation., The incident highlights the dangers of the Adormal disaster and current rescue efforts.