‘കുട്ടികളോട് പെരുമാറിയത് ഒരു അധ്യാപകനെന്ന നിലയിൽ’; വിവാദത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ

#ന്യൂസ് ഡെസ്ക്
കെ.ടി ജലീല്‍ | ഫോട്ടോ: മാതൃഭൂമി
കെ.ടി ജലീല്‍ | ഫോട്ടോ: മാതൃഭൂമി

മണ്ണാർക്കാട്: മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിൽ മികച്ച വിജയംനേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിനിടെ കുട്ടികളെ അപമാനിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി മുൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ. കുട്ടികളിൽ പഠനത്തിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും പൊതുവായന കുറവാണെന്ന് മനസിലാക്കിയപ്പോൾ ഒരു അധ്യാപകനെന്ന നിലയിൽ സംസാരിക്കുകയാണ് താൻ ചെയ്തതെന്ന് ജലീൽ പറഞ്ഞു. 

പൊതുവായന അത്യന്താപേക്ഷിതമാണെന്നും, ആ ലക്ഷ്യത്തോടെയാണ് താൻ വിദ്യാർഥികളുമായി സംവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനപരമായി ഒരു അധ്യാപകനായതിനാലാണ് കുട്ടികളുമായി ഇത്തരത്തിൽ സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദിയിൽ വിലാസം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ ഒരു വിദ്യാർഥി വരുത്തിയ ചെറിയ അക്ഷരത്തെറ്റ് തിരുത്തി നൽകിയതിനെ ചിലർ വിവാദമാക്കുകയായിരുന്നു. തമാശരൂപേണ കുട്ടിയുടെ ചെവിയിൽ പിടിച്ചതിനെ അവഹേളനമായി ചിത്രീകരിക്കാനാണ് ശ്രമം നടന്നത്. എന്നാൽ, സംഭവത്തിൽ വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ യാതൊരു പരാതിയുമില്ലെന്നും ഒരു അധ്യാപകൻ കുട്ടികളെ ഉപദേശിക്കുന്ന രീതിയിലാണ് താൻ പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിദ്യാഭ്യാസത്തെ താറടിക്കാനാണ് ചിലർ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നതെന്ന് ജലീൽ ആരോപിച്ചു. ആർക്കെങ്കിലും അപമാനം തോന്നിയെങ്കിൽ നൂറുതവണ ക്ഷമ ചോദിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: KT Jaleel clarifies his actions at a Mannarkkad student award ceremony., Emphasized the importance of general reading and social awareness for students., Addressed allegations regarding the public correction of a student's Hindi writing., Stated that neither students nor parents have filed complaints., Denounced the politicization of the incident.