അറബിക്കടലിൽ വേണ്ടത്ര വെള്ളം ഇല്ലാത്തതിനാൽ പിഎം ശ്രീ കടലിൽ എറിയുന്നത് മാറ്റിവെച്ചു; പരിഹാസവുമായി ജലീൽ

മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ തുടരാനുള്ള യുഡിഎഫിന്റെ നീക്കങ്ങൾക്കിടെ മുസ്‌ലിംലീഗിനെ പരിഹസിച്ച് മുൻ ഇടത് എംഎൽഎ കെ.ടി.ജലീൽ. അറബിക്കടലിൽ വേണ്ടത്ര വെള്ളം ഇല്ലാത്തതിനാൽ പിഎം ശ്രീ കടലിൽ എറിയുന്നത് മാറ്റിവെച്ചുവെന്നും പാണക്കാട് നിന്നുള്ള അറിയിപ്പാണെന്നും ജലീൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. തങ്ങൾ അധികാരത്തിലേറിയാൽ പിഎം ശ്രീ അറബിക്കടലിൽ എറിയുമെന്ന് ഇടത് സർക്കാർ ഇതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പുവെച്ച ഘട്ടത്തിൽ ചില ലീഗ് നേതാക്കൾ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണിപ്പോൾ ജലീലിന്റെ പോസ്റ്റ്.
'വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 251% ത്തിൽ നിന്ന് 125% ആക്കി കുറച്ചതിനാൽ, നിസ്സാര വിലക്ക് ലഭ്യമാകുന്ന വീര്യം കുറഞ്ഞ മദ്യത്തിന്റെ ഒരു കൃത്രിമ കുളം ഉണ്ടാക്കി പി.എം ശ്രീ അതിലേക്കെറിഞ്ഞാലും കുഴപ്പമില്ല' എന്നും ജലീൽ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
അതേസമയം പദ്ധതി നടപ്പാക്കാനുള്ള സ്‌കൂളുകൾ തിരഞ്ഞെടുക്കുന്നതിലും കരിക്കുലത്തിലും പിടിമുറുക്കി പി.എം.ശ്രീയുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ് തീരുമാനിച്ചതായാണ് വിവരം.
വിദ്യാഭ്യാസമേഖലയിൽ കേന്ദ്രസഹായം നിർണായകമായ സാഹചര്യത്തിൽ പദ്ധതിയിൽനിന്ന് പിന്മാറുന്നത് സംസ്ഥാനത്തിന് സാമ്പത്തികമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണിത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് അടുത്തയാഴ്ച വരുന്നതോടെ കൂടുതൽ വ്യക്തതയുണ്ടാവും. റിപ്പോർട്ടിന്റെ ഉള്ളടക്കവും നിയമോപദേശവും കേന്ദ്രസർക്കാരുമായുള്ള ചർച്ചകളുടെ ഫലവും വിലയിരുത്തിയശേഷമാകും അന്തിമതീരുമാനം.
രാഷ്ട്രീയവിവാദമായതോടെ വിശദമായ പരിശോധനയ്ക്കും ആലോചനകൾക്കും ശേഷമാണ് തീരുമാനമെടുത്തതെന്നു വ്യക്തമാക്കാനുള്ള തന്ത്രംകൂടിയാകും ഇത്. കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുന്നത് നിയമപരമായി പ്രയാസമാണെന്ന ഉപദേശവും സർക്കാരിന് ലഭിച്ചതായി അറിയുന്നു. പദ്ധതിപ്രകാരം ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂളുകൾക്ക് ഒരുകോടിരൂപ വീതം കേന്ദ്രസഹായം ലഭിക്കും.
ഈ തുക നഷ്ടമാകുന്നതിനപ്പുറം മറ്റു കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ സഹായധന വിതരണത്തിലും പ്രതികൂല സാഹചര്യം ഉണ്ടായേക്കാമെന്ന ആശങ്കയും സർക്കാരിനുണ്ട്.
അതേസമയം വിഷയത്തിൽ കരുതലോടെയാണ് ലീഗിന്റെ നീക്കം. പി.എം.ശ്രീ വിഷയത്തിൽ ഉപസമിതിയുടെ റിപ്പോർട്ടിനുശേഷം യു.ഡി.എഫും മുഖ്യമന്ത്രിയും അഭിപ്രായം പറയുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത് ലീഗിന്റെ കരുതലോടെയുള്ള പ്രതികരണത്തിന്റെ ഭാഗമാണ്.
കഴിഞ്ഞദിവസം ലീഗ് എം.പി. അബ്ദുൾവഹാബിന്റെ ചോദ്യത്തിന് മന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ നൽകിയ മറുപടിയിൽ പി.എം.ശ്രീ. പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാനാവും എന്ന് സൂചനനല്കിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ഒന്നും പ്രതികരിച്ചില്ല.
കോൺഗ്രസ് എം.പി. ജെബി മേത്തർ കഴിഞ്ഞദിവസം രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി ജയന്ത് ചൗധരിയുടെ മറുപടി കേരളത്തിന് ഇതുവരെ പി.എം.ശ്രീ. ഫണ്ട് അനുവദിച്ചിട്ടില്ല എന്നാണ്. 2025 ഒക്ടോബർ രണ്ടിന് കേരളസർക്കാർ ധാരണാപത്രം ഒപ്പിട്ടെങ്കിലും സ്‌കൂളുകളുടെ പട്ടിക നൽകുകയോ തുടർനടപടികളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ലെന്നും പറഞ്ഞു.
Content Highlights: KT Jaleel mocks UDF for reconsidering the PM SHRI scheme despite earlier threats to scrap it., The UDF is evaluating the scheme due to potential financial setbacks in the education sector., Union Minister Jayant Chaudhary confirmed no funds have been released to Kerala as of late 2025., Legal challenges and loss of central aid are primary concerns for the state government., A cabinet sub-committee report is expected to determine the final decision on the scheme.