തലസ്ഥാനം സംഘർഷഭരിതം, പോലീസ് അതിക്രമത്തിൽ KSU മാർച്ച്; അസഭ്യവർഷം, പോലീസിനു നേരെ കല്ലേറ്

Photo: Screengrab/ Mathrubhumi News
Photo: Screengrab/ Mathrubhumi News

തിരുവനന്തപുരം: പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിനുനേരെ പ്രവർത്തകർ കമ്പും കല്ലും വലിച്ചെറിഞ്ഞു. ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളുൾപ്പെടെ സമരക്കാർ തകർത്തു. പ്രതിഷേധക്കാർക്കുനേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു.

ഇതിന് പിന്നാലെ കെഎസ്‌യു പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്കും മാർച്ച് നടത്തി. സെക്രട്ടേറിയറ്റിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പൊഴിയണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രിക്കും പോലിസിനുമെതിരേ മുദ്രാവാക്യം വിളികളുമായി കെഎസ്‌യു പ്രവർത്തകർ രംഗത്തെത്തി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പോലീസിനു നേരെ അസഭ്യവർഷവും പ്രതിഷേധക്കാർ നടത്തി. വനിതാ പ്രവർത്തകർ ഉൾപ്പെടെ പ്രതിഷേധ മാർച്ചിൽ അണിനിരന്നു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാനും ശ്രമം നടത്തി.

അപ്രതീക്ഷിതമായിട്ടായിരുന്നു കെഎസ്‌യു പ്രവർത്തകർ സെക്രട്ടേറിയറ്റ് പരിസരത്ത് എത്തിയത്. രണ്ട് വാഹനങ്ങളിലായിട്ടായിരുന്നു എത്തിയത്. സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതിഷേധം നടക്കുമെന്ന വിവരം പോലീസിന് ലഭിച്ചിരുന്നില്ലെന്നാണ് വിവരം.

നേരത്തെ നിയമസഭയ്ക്ക് മുമ്പിലായിരുന്നു പ്രതിഷേധം നടന്നിരുന്നത്. ഇതിന് പിന്നാലെയാണ് സമരക്കാർ പ്രതിഷേധവുമായി എംജി റോഡിലേക്ക് എത്തിയത്.

Content Highlights: KSU Protest at Kerala Secretariat Turns Violent: Clashes Erupt with Police