‘സർക്കാർ അനുകൂലതീരുമാനം എടുക്കുമെന്ന് പ്രതീക്ഷ’; പ്ലീഡർനിയമന വിഷയത്തിൽ മുഖ്യമന്ത്രിയെ കണ്ട് അലോഷ്യസ്

#ന്യൂസ് ഡെസ്ക്
അലോഷ്യസ് സേവ്യർ, വി.ഡി. സതീശൻ | Photo: മാതൃഭൂമി
അലോഷ്യസ് സേവ്യർ, വി.ഡി. സതീശൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾക്കിടെ കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രി വി.ഡി. സതീശനുമായി സെക്രട്ടേറിയറ്റിൽ കൂടിക്കാഴ്ച നടത്തി. നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു.വിനുള്ള മുഴുവൻ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചതായി കൂടിക്കാഴ്ചയ്ക്കുശേഷം അലോഷ്യസ് വ്യക്തമാക്കി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആദേശ് സുധർമൻ, അരുൺ രാജേന്ദ്രൻ, യദുകൃഷ്ണൻ എന്നിവരും തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ ഗോപു നെയ്യാറും അലോഷ്യസിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഗവൺമെന്റ് പ്ലീഡറായി നിയമിക്കപ്പെട്ട ജിയോണ ജെയിംസിനെ മാറ്റണമെന്നതാണ് കെ.എസ്.യു. നിലപാട്. ലോ കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകയായിരുന്ന ജിയോണ ഇപ്പോഴും ഇടതുപക്ഷ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെ.എസ്.യു. ആരോപിക്കുന്നു. ഈ പശ്ചാത്തലം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കെ.എസ്.യു.വിന്റെ വികാരം ഉൾക്കൊണ്ട് സർക്കാർ വളരെ പോസിറ്റീവായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അലോഷ്യസ് പറഞ്ഞു.

കെ.എസ്.യു. സർക്കാരിനെതിരാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ അലോഷ്യസ് തള്ളി. മുഖ്യമന്ത്രിയും മറ്റു മിക്ക മന്ത്രിമാരും കെ.എസ്.യു.വിലൂടെ വളർന്നുവന്നവരാണ്. അതിനാൽ കെ.എസ്.യു.ക്കാരുടെ വൈകാരികത അവർക്ക് മനസ്സിലാകും. തങ്ങൾ സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇത് തങ്ങളുടെകൂടി സർക്കാരാണെന്ന ബോധ്യം സംഘടനയ്ക്കുണ്ടെന്നും അലോഷ്യസ് വ്യക്തമാക്കി.

പ്ലീഡർ നിയമന വിഷയത്തിൽ കോൺഗ്രസിനുള്ളിലെ ഭിന്നതകളും കെ.എസ്.യു.വിന്റെ പ്രതിഷേധവും ശക്തമായ സാഹചര്യത്തിൽ കെ.പി.സി.സി. കൂടി ഇടപെട്ടതിനെത്തുടർന്നാണ് അലോഷ്യസുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി തയ്യാറായത്.

Content Highlights: KSU state president Aloysius Xavier held discussions with the CM VD Satheesan regarding the controversial appointment of Giona James as Government Pleader., KSU alleges that the appointee holds pro-Left leanings due to her past SFI involvement.