'കേരള'യിലും കെ.എസ്.യു. മുന്നേറ്റം; മാര്‍ ഇവാനിയസ് പിടിച്ചെടുത്തു, ലോ കോളേജിൽ ചെയർമാൻ സ്ഥാനം

മാർ ഇവാനിയസ് കോളേജിന് മുന്നിൽ കെ.എസ്.യു. പ്രവർത്തകരുടെ വിജയാഹ്ളാദം | ഫോട്ടോ: Mathrubhumi News
മാർ ഇവാനിയസ് കോളേജിന് മുന്നിൽ കെ.എസ്.യു. പ്രവർത്തകരുടെ വിജയാഹ്ളാദം | ഫോട്ടോ: Mathrubhumi News

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ കേരള സര്‍വ്വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പിലും അട്ടിമറി വിജയങ്ങളുമായി കെ.എസ്.യു. എസ്.എഫ്.ഐയുടെ അധീനതയിലുണ്ടായിരുന്ന പല കോളേജുകളുടെയും ഭരണം കെ.എസ്.യു. പിടിച്ചെടുത്തു. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജില്‍ കെ.എസ്.യു. വിജയിക്കുന്നത്. 

നെടുമങ്ങാട് ഗവ. കോളേജും ദീര്‍ഘകാലത്തിന് ശേഷം കെ.എസ്.യു. പിടിച്ചെടുത്തു. 14 വര്‍ഷത്തിന് ശേഷമാണ് ഈ കോളേജ് ഭരണം കെ.എസ്.യുവിന്റെ കൈകളിലെത്തുന്നത്. തിരുവനന്തപുരം ഗവ. ലോ കോളേജിലെ ചെയര്‍മാന്‍ സ്ഥാനവും കെ.എസ്.യു. പിടിച്ചെടുത്തു. 

അതേസമയം സര്‍വ്വകലാശാലയിലെ ഭൂരിപക്ഷം കോളേജുകളിലും എസ്.എഫ്.ഐ. തന്നെയാണ് വിജയിച്ചിരിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ഗവ. വിമന്‍സ് കോളേജ്, ഗവ. ആര്‍ട്‌സ് കോളേജ്, കാര്യവട്ടം ഗവ. കോളേജ്, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, ചെമ്പഴന്തി എസ്.എന്‍. കോളേജ്, ആറ്റിങ്ങല്‍ ഗവ. കോളേജ് എന്നീ കോളേജുകളില്‍ എസ്.എഫ്.ഐ. വിജയിച്ചു. 

പാങ്ങോട് മനാനിയ കോളേജ്, ഇഖ്ബാല്‍ കോളേജ്, എ.ജെ. കോളേജ് തോന്നയ്ക്കല്‍, ശ്രീശങ്കര കോളേജ് എന്നീ കോളേജുകളില്‍ കെ.എസ്.യു. വിജയിച്ചു. അതേസമയം ധനുവച്ചപുരം കോളേജ് എ.ബി.വി.പി. നിലനിര്‍ത്തി.

Content Highlights: KSU has significant progress in college union election in Kerala University