മണ്ഡല-മകരവിളക്കിന് KSRTC സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കും; പ്രിയദർശിനി സർവീസ് ഉണ്ടാകില്ല

പത്തനംതിട്ട: മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും. ഇതിനായി സ്വീകരിച്ച ഇ-ടെൻഡുകളുടെ പരിശോധന പുരോഗമിക്കുന്നു. കിലോമീറ്ററിന് ഏറ്റവും കുറഞ്ഞ തുക കാണിച്ചിരിക്കുന്ന ബസുകൾക്കാണ് ടെൻഡർ ഉറപ്പിക്കുക. കേരളത്തിലെ എല്ലാ ഡിപ്പോകളിലുംകൂടി മുന്നൂറ് സ്വകാര്യബസുകൾ ഒാടിക്കാനാണ് തീരുമാനം.
മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി. ആദ്യമായാണ് സ്വകാര്യബസുകൾ ഒാടിക്കുന്നത്. ഡ്രൈവർ സഹിതം ബസ് തരാൻ താത്പര്യമുള്ളവരിൽനിന്നാണ് ടെൻഡർ ക്ഷണിച്ചത്. എട്ടുവർഷത്തിൽ താഴെ പഴക്കമുള്ള ടൂറിസ്റ്റ് ബസിന്റെ മാതൃകയിലുള്ള ബസുകളെയാണ് പരിഗണിക്കുന്നത്. കെ.എസ്.ആർ.ടി.സി. നിശ്ചയിച്ചിരിക്കുന്ന നിരക്കുതന്നെയായിരിക്കും വാടകബസിലും ഇൗടാക്കുന്നത്. എ.സി. ബസുകളും പരിഗണനയിലുണ്ട്. എന്നാൽ കരാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം വരേണ്ടതുണ്ട്. സ്വകാര്യബസ് ഉടമകളുമായി ചർച്ച നടത്തിയശേഷമാണ് ടെൻഡർ ക്ഷണിച്ചതെങ്കിലും ഉടമകളിൽനിന്ന് പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല.
സീസണിൽ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളാണ് കൂടുതലായി പമ്പയ്ക്കു വിടുന്നത്. സ്ത്രീ സൗജന്യയാത്ര ഉണ്ടാകില്ല. നിലവിൽ പമ്പയ്ക്ക് പതിവുസർവീസ് നടത്തുന്ന പ്രിയദർശിനി ബസുകൾകൂടി തീർഥാടനകാലത്ത് ഒഴിവാക്കിയേക്കും. മുൻ വർഷങ്ങളിൽ കെ.എസ്.ആർ.ടി.സി. പുതിയ ബസുകൾ വാങ്ങി മണ്ഡല-മകരവിളക്കുകാലത്തെ പമ്പ ഒാട്ടംകഴിയുമ്പോൾ ബസുകൾ ആവശ്യമുളള ഡിപ്പോകൾക്കു നൽകുകയായിരുന്നു. കെ.എസ്.ആർ.ടി.സി. ബസുകളുടെ കാലപ്പഴക്കവും പുതിയതു വാങ്ങാനുള്ള സാമ്പത്തിക തടസ്സവുമാണ് സ്വകാര്യബസുകൾ വാടകയ്ക്കെടുക്കാൻ പ്രേരിപ്പിക്കുന്നത്.
ശബരിമല സീസണിൽ കെ.എസ്.ആർ.ടി.സി.ക്ക് വരുമാനം കൂടുമെങ്കിലും ബസുകൾ ആവശ്യത്തിനില്ല. ഉള്ളതിലേറെയും പതിനാറുവർഷത്തിൽ കൂടുതൽ പഴക്കമുള്ള ബസുകളാണ്. പതിനഞ്ചുവർഷംകഴിഞ്ഞ പൊതുമേഖലാ വാഹനങ്ങൾ പൊളിക്കണമെന്നാണ് കേന്ദ്രസർക്കാർ നയമെങ്കിലും ബസുകളുടെ കുറവും സാമ്പത്തിക പ്രതിസന്ധിയുംകാരണം കെ.എസ്.ആർ.ടി.സി.യുടെ കാലാവധി ഇരുപതുവർഷമാക്കിയിട്ടുണ്ട്.
Content Highlights: KSRTC to use 300 private buses for Pamba services during Mandala-Makaravilakku for the first time., E-tender process is currently underway to select buses with the lowest per-kilometer rates., Buses must be under 8 years old, tourist-style, and can include AC variants with drivers., Financial constraints and aging KSRTC fleet prompted this decision to rent private vehicles.