പഴയ മന്ത്രിയുടെ 'കുഞ്ഞ്', പുതിയ മന്ത്രിക്ക് 'ബാധ്യത'; ഇലക്ട്രിക് ബസ് വിവാദങ്ങളുടെ റൂട്ട് മാപ്പ്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിയിൽ കൊണ്ടുവന്ന വലിയൊരു മാറ്റമായിരുന്നു പഴഞ്ചൻ വണ്ടികൾക്ക് പകരം ഇലക്ട്രിക് ബസ് കൊണ്ടുവന്നത്. ആന്റണി രാജു ഗതാഗത മന്ത്രിയായിരിക്കെയാണ് ഇലക്ട്രിക് ബസ് എന്ന ആശയം നടപ്പാക്കുന്നത്. കോവിഡിനെ തുടർന്ന് പൊതുഗതാഗതത്തിൽ നിന്നകന്ന യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് അടുപ്പിക്കാൻ വെറും 10 രൂപയ്ക്ക് യാത്രയെന്ന ആശയമായിരുന്നു തുടക്കം. ഇത് ഫലം കണ്ടു. നഗരത്തിന്റെ ഉൾപ്രദേശങ്ങളിലും ഇടവഴികളിലുമെത്തുന്ന ബസിൽ തിരക്കേറി. ഒരു ദിവസം ശരാശരി 600 യാത്രക്കാരെന്ന നിലയിലേക്ക് സർവീസ് മെച്ചപ്പെട്ടു.
എന്നാൽ 600 പേർ ബസിൽ കയറിയാലും വരുമാനം വെറും 6000 രൂപ. അങ്ങനെയിരിക്കെയാണ് ഗതാഗത മന്ത്രിയായി കെ.ബി ഗണേഷ് കുമാർ എത്തുന്നത്. ഒരു കോടി രൂപ മുതൽമുടക്കുള്ള ബസിന്റെ വരുമാനം ഉയർത്താൻ ആദ്യ നീക്കം. അതിന്റെ ഭാഗമായി 10 രൂപ ടിക്കറ്റിന്റെ നിരക്ക് കൂട്ടി. തിരുവനന്തപുരം നഗരത്തിൽ 10 രൂപ ടിക്കറ്റ് നൽകിയുള്ള കെഎസ്ആർടിസിയുടെ യാത്ര തുടരില്ലെന്നും അത് ദീർഘവീക്ഷണമില്ലാത്ത തീരുമാനമായിരുന്നുവെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ നിലപാട്.
കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ നിരക്കു വർധനയല്ലാതെ മറ്റു വഴികളില്ലാതായതോടെ 10 രൂപ നിരക്ക് അവസാനിപ്പിച്ചു. ഓർഡിനറി ബസിന്റെ നിരക്ക് കൊണ്ടുവന്നു. എന്നാൽ ഇലക്ട്രിക് ബസിൽ ആളുകളുടെ എണ്ണം കുറഞ്ഞെങ്കിലും വരുമാനം കൂടി. വൈദ്യുതി ചാർജ്, ജീവനക്കാരുടെ ശമ്പളം എന്നിവ ഉൾപ്പെടെ ഒരു കി.മീ സർവീസ് നടത്താൻ 23 രൂപ മാത്രമാണ് ഇലക്ട്രിക് ബസിന്റെ ചെലവ്. ശരാശരി വരുമാനം കി.മീ 35 രൂപയും. ഡീസൽ ബസുകളുടെ ചെലവ് കി.മീ 74 രൂപയാണ്. കെഎസ്ആർടിസി സ്വിഫ്റ്റ് ജീവനക്കാരെ ഉപയോഗിച്ച് ഇലക്ട്രിക് ബസിൽ സർവീസ് നടത്തുന്നതിനാൽ ജീവനക്കാരുടെ ശമ്പളയിനത്തിൽ ഒരു മാസം ശരാശരി 12 ലക്ഷം രൂപയും ലാഭിക്കാനാകും. ഡീസൽ ബസുകളെ പോലെ ഓയിൽ മാറ്റുകയോ മറ്റ് ചെലവുകളോ ഇല്ലാത്തതിനാൽ മെയിന്റനൻസ് ഇനത്തിലും ലാഭമുണ്ട്.
എന്നാൽ ഇലക്ട്രിക് ബസ് ലാഭകരമാണെന്ന് ഇപ്പോഴത്തെ ഗതാഗത മന്ത്രി ഒരിക്കലും പറയില്ല. കാരണം ഇത് പഴയ മന്ത്രിയുടെ കുഞ്ഞാണ്. ഇലക്ട്രിക് ബസ് കൈനഷ്ടം തന്നെയാണെന്നാണ് ഗണേഷ് കുമാറിന്റെ നിലപാട്. കാരണം 28 ലക്ഷം രൂപ കൊടുത്താൽ ഒരു ഡീസൽ മിനി ബസ് ലഭിക്കും. ഇല്ക്ട്രിക് ബസിന്റെ വില ഒരു കോടി രൂപയാണ്. അഞ്ചാം വർഷം ഇലക്ട്രിക് വണ്ടിക്ക് 25-28 ലക്ഷം രൂപ മുടക്കി ബാറ്ററി മാറണം. മന്ത്രി പറഞ്ഞത് ശരിയാണ്. അഞ്ചു വർഷത്തിലൊരിക്കൽ ഇലക്ട്രിക് ബസിന്റെ ബാറ്ററി മാറുന്ന പണമുണ്ടെങ്കിൽ ഒരു മിനി ബസ് വാങ്ങാം.
ഇതിനു പിന്നാലെയാണ് ഇപ്പോൾ സ്മാർട്‌സിറ്റിയുടെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ കെഎസ്ആർടിസിക്കു നൽകിയ ഇലക്ട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും മേയർ വി.വി. രാജേഷും നേർക്കുനേർ ഏറ്റുമുട്ടിയത്. കെഎസ്ആർടിസിക്കു നൽകിയ 113 ഇ-ബസുകൾ കോർപ്പറേഷന് ആവശ്യപ്പെട്ടാൽ തിരികെനൽകാൻ തയ്യാറാണെന്ന് മന്ത്രി പറഞ്ഞതിനു പിന്നിലും ഇല്ക്ട്രിക് ബസുകളോടുള്ള അനിഷ്ടം വ്യക്തം.
Content Highlights: Explore the KSRTC electric bus controversy. Was it a fiscally sound decision or a costly legacy? Understand the financial implications and political debate.