കൊച്ചിയില്‍ KSRTC ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം; മരിച്ചത് പമ്പ് ജീവനക്കാർ

കൊച്ചി: വൈറ്റില ചക്കരപ്പറമ്പിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. ആലുവ തായിക്കാട്ടുകര പുത്തൻചിറ ഹൗസിൽ റോബിൻ (29), ആലുവ തായിക്കാട്ടുകര കിടങ്ങേറ്റ് ഹൗസിൽ മുഹമ്മദ് സജാദ് (22) എന്നിവരാണ് മരിച്ചത്. ഇരുവരും ഇളംകുളം ഐ.ഒ.സി പമ്പിലെ ജീവനക്കാരാണ്.
വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെ പാലാരിവട്ടം ബൈപ്പാസിൽ ചക്കരപ്പറമ്പ് ബസ് സ്റ്റോപ്പിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. വൈറ്റിലയിൽനിന്ന് ഒരേദിശയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ചേർത്തല വേണാട് കെഎസ്ആർടിസി ബസ് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നിൽ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിലേക്ക് മൂകാംബികയിൽ നിന്നുവരികയായിരുന്ന സ്കാനിയ ബസ് ഇടിക്കുകയായിരുന്നു. ഇരു ബസുകൾക്കും ഇടയിൽപ്പെട്ട യുവാക്കൾ തത്ക്ഷണം മരിച്ചു.
ഇരുവരുടേയും മൃതദേഹം എറണാകുളം ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസെടുത്തിട്ടുണ്ട്.