KSRTC ബസിലെ സംഭവത്തിൽ വസീഫിനെതിരേ വ്യാജ പ്രചരണം: ശക്തമായ പ്രതിഷേധവുമായി DYFI

കൊച്ചി: കെഎസ്ആർടിസി ബസിൽ യുവതി ചില്ല് അടിച്ചുതകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിനും കുടുംബത്തിനുമെതിരേ നടക്കുന്ന വ്യാജപ്രചാരണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. വസീഫിനും കുടുംബത്തിനും എതിരേ നടക്കുന്ന ഹീനമായ വ്യാജപ്രചാരണത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കോൺഗ്രസ്-ലീഗ്-ബിജെപി സൈബർ ഹാൻഡിലുകളാണ് ഇത്തരം വ്യാജപ്രചാരണത്തിന് പിന്നിലെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.
സംഭവത്തിലെ വ്യക്തിയുമായി വസീഫിനോ കുടുംബത്തിനോ യാതൊരു ബന്ധവും ഇല്ലെന്ന വാസ്തവം അറിഞ്ഞുകൊണ്ടാണ് കോലീബി സഖ്യം ഈ നുണ ഏറ്റുപിടിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തെ കോലീബി നുണപ്രചാരണവും ഐക്യവും തെരഞ്ഞെടുപ്പിന് ശേഷവും തുടരുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ വ്യാജപ്രചരണം. ഇത്തരത്തിലുള്ള ആയിരക്കണക്കിന് നുണകളിലൂടെയാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിൽ ജയിച്ചത്
രാഷ്ട്രീയപ്രവർത്തകരുടെ കുടുംബത്തെയടക്കം എല്ലാ അതിരുകളും വിട്ട് ആക്രമിക്കുന്ന ഉത്തരേന്ത്യൻ ബിജെപി മാതൃകയാണ് കോൺഗ്രസ്സും-ലീഗും ഇപ്പോൾ കേരളത്തിൽ പയറ്റുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉന്മാദത്തിൽ ഇത്തരത്തിൽ സ്ത്രീകളെപോലും സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന പ്രവർത്തകരെ നിലയ്ക്കുനിർത്താൻ കോലീബി നേതൃത്വം തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ പ്രതിരോധം ഉണ്ടാവും. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയനടപടികൾക്കായുള്ള ഇടപെടലും പ്രതിഷേധവും ഉയർത്തുമെന്നും വി.കെ. സനോജ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അതിനിടെ, കോഴിക്കോട്ടെ സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരേ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും നിയുക്ത എംഎൽഎയുമായ പി.കെ. ഫിറോസും ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട യുവതി പി.കെ. ഫിറോസിന്റെ സഹോദരീപുത്രിയാണെന്നായിരുന്നു പ്രചരണം. ഇത്തരം വ്യാജപ്രചാരണത്തിന് പിന്നിൽ സൈബർ സഖാക്കളാണെന്നാണ് പി.കെ. ഫിറോസിന്റെ ആരോപണം. വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ടും പേരാമ്പ്രയിലെ കൗമും പൊളിഞ്ഞ് പാളീസായിട്ടും സഖാക്കൾക്ക് ഒരു മാറ്റവുമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
സ്‌റ്റോപ്പ് ഇല്ലാത്ത സ്ഥലത്ത് കെഎസ്ആർടിസി ബസ് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇത് നിരാകരിച്ചതിനാണ് യുവതി ബസിന്റെ ചില്ല് അടിച്ചുതകർത്തത്. ഈ സംഭവം കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ ഉൾപ്പെട്ട യുവതി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ ഭാര്യയാണെന്ന വ്യാജപ്രചാരണമുണ്ടായത്. ഇതുപോലെ പി.കെ. ഫിറോസിന്റെ സഹോദരിപുത്രിയാണെന്ന വ്യാജപ്രചാരണവുമുണ്ടായി.
Content Highlights: DYFI state leadership refutes false claims linking V. Vaseef's family to the KSRTC bus incident., PK Firoz denies allegations that the woman involved is his niece., Both political factions accuse each other of orchestrated cyber defamation campaigns., The incident originated from a passenger breaking a KSRTC bus window after a stop request was denied.