സോളാർ: സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നത് നിയമവിരുദ്ധം; ഇടപെട്ട് റെഗുലേറ്ററി കമ്മിഷൻ

#എസ്.എൻ. ജയപ്രകാശ്
പ്രതീകാത്മകചിത്രം | Mathrubhumi archives
പ്രതീകാത്മകചിത്രം | Mathrubhumi archives

തിരുവനന്തപുരം: സോളാർ ഉത്പാദകരിൽനിന്ന് കെ.എസ്.ഇ.ബി. വൻതുക സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കുന്നത് നിയമവിരുദ്ധമായി. ഒരുമാസത്തെ അന്തിമ ബിൽത്തുകയുടെ രണ്ടിരട്ടി മാത്രം ഈടാക്കേണ്ട സ്ഥാനത്ത് മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാണ് സോളാർ ഉത്പാദകരിൽനിന്ന് ഇപ്പോൾ സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കുന്നത്.

ബിൽത്തുകയുടെ അടിസ്ഥാനത്തിൽ മാത്രം കണക്കാക്കേണ്ട ഡിപ്പോസിറ്റ് ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന നിയമലംഘനമാണ് സോളാർ ഉത്പാദകരുടെ കാര്യത്തിൽ കെ.എസ്.ഇ.ബി. നടത്തുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബി.യെ അറിയിച്ചു. വൻതുക ആവശ്യപ്പെട്ട് ജൂൺ മുതൽ ഉത്പാദകർക്ക് നോട്ടീസ് അയക്കുകയാണ് കെ.എസ്.ഇ.ബി.

എല്ലാ വിഭാഗം ഉപഭോക്താക്കളിൽനിന്നും കെ.എസ്.ഇ.ബി. വർഷംതോറും സെക്യൂരിറ്റി ഡിപ്പോസിറ്റ് ഈടാക്കാറുണ്ട്. തൊട്ടുമുൻവർഷം ആകെ അടച്ച തുകയിൽനിന്ന് പ്രതിമാസ ശരാശരി ബിൽ കണക്കാക്കും. മാസംതോറും പണമടയ്ക്കുന്നവരിൽനിന്ന് ഒരുമാസത്തെ ശരാശരി ബില്ലിന്റെ രണ്ടിരട്ടിയും രണ്ടുമാസത്തിലൊരിക്കൽ അടയ്ക്കുന്നവരിൽനിന്ന് മൂന്നിരട്ടിയുമാണ് സെക്യൂരിറ്റി ഡിപ്പോസിറ്റായി ഈടാക്കുന്നത്. വർഷംതോറും ഇത് പുതുക്കും. ഉപഭോഗം കൂടിയാൽ അധിക ഡിപ്പോസിറ്റ് ആവശ്യപ്പെടും. ഉപഭോഗം കുറഞ്ഞാൽ നേരത്തേ അടച്ചതിൽ ബാക്കിയുള്ള പണം അടുത്ത ബില്ലിൽ തട്ടിക്കിഴിക്കും.

സോളാർ ഉത്പാദകർ അവർ ഉത്പാദിപ്പിച്ച് ഗ്രിഡിലേക്കു നൽകുന്ന അത്രയും വൈദ്യുതി ഗ്രിഡിൽനിന്ന് സൗജന്യമായി എടുക്കാം. മാസം 100 യൂണിറ്റ് ഉത്പാദിപ്പിക്കുകയും 100 യൂണിറ്റ് ഉപയോഗിക്കുകയും ചെയ്യുന്നവർക്ക് ബിൽ പൂജ്യമായിരിക്കും. ഫിക്സഡ് ചാർജ് മാത്രം നൽകിയാൽമതി. ഇതോടെ അവരിൽനിന്നുള്ള സെക്യൂരിറ്റി ഡിപ്പോസിറ്റ് കുറഞ്ഞു. അത് മറികടക്കാൻ, ഉത്പാദിപ്പിച്ച് ഗ്രിഡിലേക്ക്‌ നൽകുന്ന വൈദ്യുതി കണക്കിലെടുക്കാതെ, അവർ ആകെ ഉപയോഗിച്ച വൈദ്യുതിയുടെ നിരക്ക് കണക്കാക്കി അതിന്റെ അടിസ്ഥാനത്തിലാണ് ഡിപ്പോസിറ്റ് ആവശ്യപ്പെടുന്നത്.

സോളാർ ഉത്പാദകർ മാസത്തിലൊരിക്കലാണ് ബിൽ അടയ്ക്കുന്നത്. അവർക്ക് ശരാശരി ബിൽത്തുകയുടെ രണ്ടിരട്ടി ഡിപ്പോസിറ്റായി നൽകിയാൽ മതി. സോളാർ പ്ലാന്റ് വെക്കുന്നതോടെ, പലരും എ.സി. ഉൾപ്പെടെ കൂടുതൽ ഉപകരണങ്ങൾ സ്ഥാപിക്കാറുണ്ട്. ഇതോടെ ഉപഭോഗം കൂടും. ഇതുകാരണം സോളാർ പ്ലാന്റ് വെക്കുന്നതിന് മുൻപുള്ളതിനേക്കാൾ വലിയ തുകയാണ് അവർക്ക് ഡിപ്പോസിറ്റായി നൽകേണ്ടിവരുന്നത്.

കഴിഞ്ഞവർഷം ഇതുസംബന്ധിച്ച് പരാതിയുയർന്നപ്പോൾ പരിശോധിച്ച് അമിതമായി ഈടാക്കിയ തുക തിരികേ നൽകണമെന്ന് റെഗുലേറ്ററി കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണയും വൻതുക ഡിപ്പോസിറ്റ് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി. നോട്ടീസ് അയച്ചു. ഇതേപ്പറ്റിയുള്ള പരിശോധനയിലാണ് നിയമവിരുദ്ധമായാണ് ഡിപ്പോസിറ്റ് തുക കണക്കാക്കുന്നതെന്ന് ബോധ്യപ്പെട്ടത്.

Content Highlights: KSEB is charging security deposits based on total consumption rather than final bill amounts., The Regulatory Commission has declared this practice illegal for solar producers., Solar producers are entitled to pay security deposits based on twice their average monthly bill., KSEB is ignoring net-metering benefits, leading to inflated deposit demands., Previous directives to refund excess charges have been ignored by KSEB.