കെ-ഷോക്ക്; മുൻകൂട്ടി അറിയിക്കില്ലെന്ന് KSEB, രാത്രിയിൽ ഇൻഡക്ഷൻ കുക്കർ ഉപയോഗവും വാഹനചാർജിങ്ങും വേണ്ട

#പ്രത്യേക ലേഖകൻ
പ്രതീകാത്മകചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂർ, മാതൃഭൂമി
പ്രതീകാത്മകചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂർ, മാതൃഭൂമി

തിരുവനന്തപുരം: ഇതുവരെ രഹസ്യമായി നടത്തിക്കൊണ്ടിരുന്ന വൈദ്യുതിനിയന്ത്രണം തുടരാൻ കെ.എസ്.ഇ.ബി. ഔദ്യോഗികമായി തീരുമാനിച്ചു. ആവശ്യമെങ്കിൽ ഒരു പ്രദേശത്ത് വൈകുന്നേരം ആറുമുതൽ രാത്രി 12 വരെ അരമണിക്കൂർവരെ വൈദ്യുതിനിയന്ത്രിക്കാൻ ലോഡ് ഡെസ്പാച്ച് സെന്ററിന് ഉന്നതതലയോഗം അനുമതിനൽകി.

ജനത്തെ അറിയിക്കാതെ വൈദ്യുതി നിയന്ത്രിച്ചത് വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. വൈദ്യുതി ആവശ്യകത ക്രമാതീതമായി ഉയരുന്ന സന്ദർഭങ്ങളിലായിരിക്കും നിയന്ത്രണം. വൈകീട്ട് ആറിനും 12-നും ഇടയിൽ ഓരോപ്രദേശത്തും എപ്പോൾ മുടങ്ങുമെന്ന് മുൻകൂട്ടി അറിയിക്കാൻ ഇടയില്ല. ഇത് അപ്രായോഗികമാണെന്നാണ് കെ.എസ്.ഇ.ബി.യുടെ നിലപാട്.

ഇതിനിടെ വൈദ്യുതി ഉപഭോഗത്തിൽ ചൊവ്വാഴ്ച പുതിയ റെക്കോഡ് പിറന്നു, 11.82കോടി യൂണിറ്റാണ് ഉപയോഗിച്ചത്. ഏപ്രിൽ 17-ലെ 11.61 കോടിയായിരുന്നു ഇതുവരെയുള്ള റെക്കോഡ്. പവർ എക്സ്‌ചേഞ്ചിൽനിന്ന് വിലകൂടിയ വൈദ്യുതിവാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയെങ്കിലും ചൊവ്വാഴ്ചയും കിട്ടിയില്ല.

കേന്ദ്രവിഹിതത്തിൽ മുടങ്ങിയ 200 മെഗാവാട്ട് ചൊവ്വാഴ്ച മുതൽ വീണ്ടും കിട്ടിത്തുടങ്ങി. മേയ് രണ്ടുവരെ പലേടത്തും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനമുണ്ട്. അങ്ങനെയെങ്കിൽ ഉപഭോഗംകുറയും. രണ്ടിനുശേഷം ഏതാനും ദിവസം മഴ കുറയാൻ സാധ്യതയുണ്ട്.

അതിനുമുൻപ്‌ ഏതെങ്കിലും സ്രോതസ്സിൽനിന്ന് വൈദ്യുതി കണ്ടെത്താനുള്ള ശ്രമത്തിലാണ് ബോർഡ്. അതിന് കഴിഞ്ഞില്ലെങ്കിൽ നിയന്ത്രണം ജൂണിൽ കാലവർഷം സജീവമാകുന്നതുവരെ നീളാൻ സാധ്യതയുണ്ട്.

ഈ വേനലിൽ അന്തരീക്ഷതാപനില 38 ഡിഗ്രിവരെയാണ് പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും 41 ഡിഗ്രിവരെ ഉയർന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ. രാത്രി 12 മണിവരെ വൈദ്യുതിവാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഉപഭോഗം കൂട്ടുന്നുണ്ട്. ഇതും ഇൻഡക്‌ഷൻ കുക്കറിന്റെയും കൂടുതൽ വൈദ്യുതിവേണ്ട മറ്റ് ഉപകരണങ്ങളുടെയും പ്രവർത്തനം രാത്രിയിൽ ഒഴിവാക്കണം.

എ.സി.കൾ 25-26 ഡിഗ്രിയിൽ ക്രമീകരിക്കണം.

ഊർജവകുപ്പ് സെക്രട്ടറി പുനീത് കുമാറിന്റെ അധ്യക്ഷതയിൽ കെ.എസ്.ഇ.ബി. ചെയർമാൻ മിൻഹാജ് ആലവും ഡയറക്ടർമാരും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനങ്ങൾ.

മണിക്കൂറുകളോളം തടസ്സം

അരമണിക്കൂർവരെയാണ് നിയന്ത്രണമെന്ന് പറയുമ്പോഴും കഴിഞ്ഞദിവസങ്ങളിൽ രാത്രിയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയ പ്രദേശങ്ങളുണ്ട്. ലോഡ് കൂടുമ്പോൾ ട്രാൻസ്‌ഫോർമറുകൾ കേടാവുന്നതാണ് ഇതിനുകാരണം.

‘വിപണിയിൽ വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യത്തിലും സർക്കാർശ്രമം ലോഡ് ഷെഡ്ഡിങ് ഇല്ലാതെ മുന്നോട്ടുപോകാനാണ്‌. പ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിലേക്ക് പോകുന്ന സാഹചര്യം ­നിലവിലില്ല.’ - മന്ത്രി കെ. കൃഷ്ണൻകുട്ടി. 

Content Highlights: KSEB authorized load shedding between 6 PM and 12 AM. No prior notice will be provided for power cuts. Record power consumption of 11.82 crore units reported. Public urged to avoid induction cookers and EV charging during peak night hours. AC temperature set to 25-26 degrees recommended.