KSEB വഴി സൗരോർജം വീടുകളിലേക്ക്; സംസ്ഥാനത്തെ ആദ്യ ‘ബെസ്’ കാസർകോട് ഡിസംബറിൽ കമ്മിഷൻ ചെയ്യും

പ്രതീകാത്മക ചിത്രം | Photo: SEN Electrical Design System
പ്രതീകാത്മക ചിത്രം | Photo: SEN Electrical Design System

കാസർകോട്: കേരളത്തിലെ ആദ്യത്തെ ‘ബെസ്’ പദ്ധതി മൈലാട്ടിയിൽ ഡിസംബറിൽ കമ്മിഷൻ ചെയ്യുമെന്ന് വൈദ്യുതമന്ത്രി സണ്ണി ജോസഫ് അറിയിച്ചു. കെ.എസ്.ഇ.ബി.യുടെ ഉത്തരമലബാർ മേഖലാ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകൾ ഉൾപ്പെട്ട ഉത്തര മലബാർ മേഖലാ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനാണ് യോഗം വിളിച്ചത്.

പകൽസമയത്ത് സൗരോർജം ബാറ്ററിയിൽ ശേഖരിച്ച് രാത്രി പീക്ക് സമയത്ത്‌ വിതരണം ചെയ്യുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതിയിൽ മൂന്ന് പദ്ധതികൾ മാർച്ചിന് മുമ്പ് കമ്മിഷൻ ചെയ്യാനാകുമെന്ന് യോഗത്തിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 125 മെഗാവാട്ടാണ് രാത്രി നാലുമണിക്കൂർ നേരം വിതരണം ചെയ്യാനായി ഈ പദ്ധതിയിൽനിന്ന് ലഭിക്കുക. കണ്ണൂരിലെ ശ്രീകണ്ഠപുരം പദ്ധതിക്ക് 160 എം.ഡബ്ല്യു.എച്ച്. ശേഷിയും കാസർകോട്ടെ മുള്ളേരിയയിലേതിന് 60 എം.ഡബ്ല്യു.എച്ച്. ശേഷിയുമാണുള്ളത്. 

വൈദ്യുതിമുടക്കം, വോൾട്ടേജ് ക്ഷാമം, മഴക്കാല പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികൾക്ക് പെട്ടെന്ന് പരിഹാരം കാണാൻ എം.എൽ.എയുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികൾ സജീവമാക്കണമെന്ന് മന്ത്രി നിർദേശിച്ചു. ജനങ്ങൾ ഫോൺ വഴി ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണം. വൈദ്യുതി മുടക്കത്തിന് പുറമേ വോൾട്ടേജ് ക്ഷാമവും മലബാറിലെ ചില ഭാഗങ്ങളിലുണ്ട്. അറ്റകുറ്റപ്പണി കാരണമോ പെട്ടെന്നുണ്ടായ സംഭവങ്ങൾ മൂലമോ വൈദ്യുതി മുടങ്ങുകയാണെങ്കിൽ അക്കാര്യം ഉപഭോക്താക്കളെ പ്രാദേശിക തലത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പുകൾ, വെബ്‌സൈറ്റ്, മാധ്യമങ്ങൾ എന്നിവ വഴി അറിയിക്കണം.

കാസർകോട്ട് സബ്‌ സ്റ്റേഷനുകൾ കുറവാണെന്നും ബോവിക്കാനത്ത് സെക്ഷൻ ഓഫീസ് സ്ഥാപിക്കണമെന്നും കെ.നീലകണ്ഠൻ എം.എൽ.എ. യോഗത്തിൽ ആവശ്യപ്പെട്ടു. മൂന്ന് ജില്ലകളിലെയും പ്രശ്നങ്ങളും വെല്ലുവിളികളും ഉദ്യോഗസ്ഥർ മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. എം.എൽ.എ.മാരായ കെ.വി.സുമേഷ്, വി.കുഞ്ഞികൃഷ്ണൻ, വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കെ.എസ്‌.ഇ.ബി. നോർത്ത് മലബാർ റീജിയൻ ചീഫ് എൻജിനീയർ ടി.എസ്.ജയശ്രീ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മഴക്കാലത്ത് രാത്രി അധിക ഡ്യൂട്ടിക്ക് ലൈൻമാൻ

മഴക്കാലത്ത് രാത്രിയിൽ ഒരു ലൈൻമാന്റെ അധിക ഡ്യൂട്ടി അനുവദിക്കാനുള്ള ശുപാർശ തയ്യാറാക്കി നൽകാൻ മന്ത്രി നിർദേശം നൽകി. കാറ്റിലും മഴയിലും വൈദ്യുതിലൈനിൽ തകരാറുണ്ടാകുന്നത് പതിവായതിനാൽ രാത്രി ജോലിഭാരം കൂടുന്നതിനാലാണിത്. അതിനാൽ തകരാർ നീക്കുന്നതും വൈകും. ഇത് പരിഹരിക്കുകയാണ് മഴക്കാലത്ത് രാത്രി അധിക ഡ്യൂട്ടി അനുവദിക്കുന്നതുവഴി ലക്ഷ്യമിടുന്നത്.

Content Highlights: Commissioning of Kerala's first Battery Energy Storage System (BESS) at Mylatti in December 2026., BESS projects in Sreekandapuram and Mulleria to be completed before March 2027., Total power capacity of 125MW for four hours during peak demand., Directives to resolve voltage issues and power outages in North Malabar., Proposal for additional night-duty linemen during monsoon season to address technical faults.