കിഫ്ബി വായ്പയ്ക്ക് അമിതപലിശ; കെഎസ്ഇബിക്ക് വർഷംതോറുമുള്ള അധികബാധ്യത 21.33 കോടി

തിരുവനന്തപുരം: കുറഞ്ഞപലിശയ്ക്ക് വായ്പകിട്ടുമെന്നിരിക്കേ, കിഫ്ബിയിൽനിന്ന് അമിതപലിശയ്ക്കെടുത്ത 2091.68 കോടി രൂപയുടെ വായ്പ കെഎസ്ഇബിക്ക് വലിയ ബാധ്യതയുണ്ടാക്കുന്നതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. കുറഞ്ഞനിരക്കിൽ വായ്പയെടുത്ത് എത്രയുംവേഗം ഇത് തരിച്ചടയ്ക്കാൻ കമ്മിഷൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു.
9.52 ശതമാനമാണ് കിഫ്ബി വായ്പയുടെ പലിശ. കെഎസ്ഇബി എടുത്ത മറ്റുവായ്പകളുടെ ശരാശരി പലിശ 8.5 ശതമാനംമാത്രം. അമിതപലിശകാരണം 21.33 കോടിയാണ് കെഎസ്ഇബിക്ക് വർഷംതോറുമുള്ള അധികബാധ്യത. 2023-24-ലെ കണക്ക് പുനഃപരിശോധിച്ച് ഇറക്കിയ ഉത്തരവിലാണ് ഈ വീഴ്ച ചൂണ്ടിക്കാട്ടുന്നത്. ട്രാൻസ്ഗ്രിഡ് പദ്ധതി നടപ്പാക്കാനാണ് കെഎസ്ഇബി വായ്പയെടുത്തത്. 1680.81 കോടി രൂപയാണ് മുതൽ. തിരിച്ചടവിന് മോറട്ടോറിയമുണ്ടായിരുന്ന കാലത്തെ പലിശയായ 410.87 കോടി രൂപ ഉൾപ്പടെ 2023-24-ൽ ഇത് 2091.68 കോടിയായി. മറ്റ് ധനകാര്യസ്ഥാപനങ്ങളിൽനിന്ന് കുറഞ്ഞപലിശയ്ക്ക് വായ്പയെടുത്ത് ഇത് തിരിച്ചടയ്ക്കണം. മൂന്നുമാസത്തിനകം പുരോഗതി അറിയിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു. വായ്പകളുടെയുൾപ്പെടെ ചെലവുചേർത്താണ് വൈദ്യുതിനിരക്ക് കൂട്ടുന്നത്. മുൻപ് കൂടിയനിരക്കിലുള്ള വായ്പകൾ അടച്ചുതീർത്ത് ചെലവുകുറയ്ക്കുകയും അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്തിട്ടുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.
ശമ്പളപരിഷ്കരണത്തിന് അനുമതിവാങ്ങണം
കെഎസ്ഇബിയിൽ 2021-ൽ നടപ്പാക്കിയ ശമ്പളപരിഷ്കരണത്തിന് ഇതുവരെയും സർക്കാരിന്റെ അംഗീകാരം കിട്ടിയിട്ടില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതിൽ വീഴ്ചവരുത്തിയതിന് റെഗുലേറ്ററി കമ്മിഷൻ കെഎസ്ഇബിയെ വിമർശിച്ചു. രണ്ടുമാസത്തിനകം അംഗീകാരംനേടണം.
Content Highlights: kseb additional liability of 21.33 crore