ഇതാണ് സൗഹൃദം; കൃഷ്ണന്റെ ഓർമ്മയിൽ ഇന്നും മായാതെ മഹമൂദ്‌

#സുരേന്ദ്രൻ ചീമേനി
മഹമൂദിന്റെ കബറിടത്തിൽ പ്രാർഥനയ്ക്കെത്തിയ കൃഷ്ണൻ
മഹമൂദിന്റെ കബറിടത്തിൽ പ്രാർഥനയ്ക്കെത്തിയ കൃഷ്ണൻ

കുമ്പള: ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷം പുലർത്തുന്നകാലത്ത് മനുഷ്യസ്നേഹത്തിന്റേയും മാനവികതയുടെയും ഉദാത്ത മാതൃകയാകുകയാണ് മൊഗ്രാൽ പെർവാഡിലെ കൃഷ്ണൻ. സുഹൃദ്ബന്ധത്തിന് മതമോ ജാതിയോ തടസ്സമാകാതെ, സുഹൃത്തിന്റെ കബറിടത്തിൽ പതിവായി പ്രാർഥനയ്ക്കെത്തും മൊഗ്രാലിൽ ചളിയങ്കോട് റേഷൻകട നടത്തുന്ന കൃഷ്ണൻ. വലിയ സുഹൃദ്‌ബന്ധമായിരുന്നു കാസർകോട്ടെ വസ്ത്രവ്യാപാരിയായിരുന്ന മൊഗ്രാൽ മഹമൂദ് ബ്രാൻഡുമായി കൃഷ്ണനുണ്ടായിരുന്നത്. ഹൃദയാഘാതത്തെ തുടർന്ന്‌ രണ്ടരവർഷം മുൻപാണ്‌ മഹമൂദ് മരിച്ചത്. ഉറ്റസുഹൃത്തിന്റെ വേർപാട് കൃഷ്ണന്റെ മനസ്സിലുണ്ടാക്കിയ മുറിവ് ചെറുതായിരുന്നില്ല. മരണവിവരം അറിഞ്ഞതുമുതൽ കൃഷ്ണൻ അസ്വസ്ഥനായിരുന്നു. ഒരാഴ്ച ഭക്ഷണംപോലും ഉപേക്ഷിച്ച് കൃഷ്ണൻ സങ്കടം കരഞ്ഞുതീർക്കുകയായിരുന്നു. സുഹൃത്തുക്കൾക്കുപോലും അദ്ദേഹത്തിനെ ആശ്വസിപ്പിക്കാനായില്ല.

മഹമൂദ് വിടപറഞ്ഞ് രണ്ടരവർഷം കഴിഞ്ഞിട്ടും കൃഷ്ണന്റെ മനസ്സിൽനിന്ന് മഹമൂദിനെ മാറ്റിനിർത്താനായില്ല. സുഹൃത്തിനെ കാണാൻ മിക്ക ദിവസങ്ങളിലും കൃഷ്ണൻ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിലെ കബറിനരികിലെത്തും. ചന്ദനത്തിരികൾ കത്തിച്ചുവെക്കും. പൂച്ചെടികൾ നടും, കബർ വൃത്തിയായി സൂക്ഷിക്കും. രക്തബന്ധത്തിനപ്പുറത്തുള്ള സൗഹൃദത്തിന്റെ നേർക്കാഴ്ചയാണ് കൃഷ്ണന്റെതെന്ന് നാട്ടുകാരും പറയുന്നു.

Content Highlights: A heartwarming example of interfaith friendship in Mogral, Kerala., Krishnan continues to care for his late friend Mahmood's grave after 2.5 years.