ബോർഡ്-കോർപ്പറേഷൻ നിയമനം; കോൺഗ്രസിൽ കല്ലുകടി, തഴയപ്പെട്ടെന്ന് എ ഗ്രൂപ്പ്, വേഗത്തിൽ നീങ്ങി ലീഗ്

#ബിജു പരവത്ത്
പി.കെ. കുഞ്ഞാലിക്കുട്ടി, വി.ഡി. സതീശൻ | Photo: PTI
പി.കെ. കുഞ്ഞാലിക്കുട്ടി, വി.ഡി. സതീശൻ | Photo: PTI

തിരുവനന്തപുരം: സർക്കാർ അധികാരമേറ്റ് ആറുമാസമായിട്ടും ബോർഡ്-കോർപ്പറേഷൻ പദവികളിൽ ഇടതുപക്ഷക്കാർ തന്നെ തുടരുന്നത് മുന്നണിക്കാകെ മോശമാണെന്ന് കെ.പി.സി.സി. ഭാരവാഹിയോഗത്തിൽ വിമർശനം. പുനഃസംഘടന വേഗത്തിലാക്കണമെന്ന് സോണി സെബാസ്റ്റ്യനും പദവികൾ നൽകുന്നതിനു മാനദണ്ഡം വേണമെന്ന് അബ്ദുൾ മുത്തലിബും യോഗത്തിൽ പറഞ്ഞു. മന്ത്രിമാരടക്കം പരസ്പരവിരുദ്ധമായി പ്രതികരിക്കുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു എ.എ. ഷുക്കൂറിന്റെ പരാമർശം. ഇക്കാര്യത്തിൽ ലീഗിനെ കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഫിഷറീസ് വകുപ്പ് ലീഗിനു വിട്ടുനൽകിയെങ്കിലും അതിനുകീഴിലെ ക്ഷേമനിധി ബോർഡ് കോൺഗ്രസ് ഏറ്റെടുക്കേണ്ടതുണ്ട്. തീരമേഖലയിൽ ഒട്ടേറെ കോൺഗ്രസ് പ്രവർത്തകരുള്ളതാണ്.

അക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള തീരുമാനമേ ബോർഡ്-കോർപ്പറേഷൻ വിഭജനത്തിലുണ്ടാകാവൂവെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. താത്‌കാലിക നിയമനങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്ന് ബി.ആർ.എം.ഷഫീർ കുറ്റപ്പെടുത്തി. കുടുംബശ്രീ വഴി താത്‌കാലിക നിയമനം നടത്തുന്ന രീതിയും ഒഴിവാക്കണമെന്ന് സിൽസൺ തോമസ് പറഞ്ഞു.

രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തുന്ന പ്രസ്താവനകൾക്കു കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചെന്ന് യോഗത്തിൽ നേതാക്കൾ കുറ്റപ്പെടുത്തി. മന്ത്രിമാരെ ഗൺപോയിന്റിൽ നിർത്താനുള്ള കാര്യങ്ങൾ തന്റെ കൈയിലുണ്ടെന്നതടക്കം രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശം വെച്ചുപൊറുപ്പിക്കാവുന്നതല്ല. ഇത് പാർട്ടിയെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നും നേതാക്കൾ പറഞ്ഞു. കാസർകോട് ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസലാണ് ഉണ്ണിത്താനെതിരേയുള്ള വിമർശനം തുടങ്ങിവെച്ചത്.

കെ.എസ്.ഇ.ബി. വിഷയത്തിൽ മന്ത്രിസഭയിൽ തർക്കമുണ്ടെന്ന പ്രതീതിയാണ് സമൂഹത്തിലുണ്ടായതെന്ന് ദീപ്തി മേരി വർഗീസ് കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ താൻ ജാഗ്രതകാണിക്കാമെന്നും ഇനി അത്തരം കാര്യങ്ങളുണ്ടാകില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് മറുപടി നൽകി. യോഗത്തിലുണ്ടായ വിമർശനങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്നും പരിഹാരനടപടികളുണ്ടാകുമെന്നും അദ്ദേഹം മറുപടി നൽകി.

അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ മുഖ്യമന്ത്രിയെയും കെ.പി.സി.സി. പ്രസിഡന്റിനെയും അതൃപ്തി അറിയിച്ച് എ വിഭാഗം നേതാക്കൾ. ഇതിന്റെ ചർച്ചയിൽ ഒരിടത്തും എ വിഭാഗം നേതാക്കൾക്കു പരിഗണന ലഭിക്കുന്നില്ല. മുഖ്യമന്ത്രിയും കെ.പി.സി.സി. പ്രസിഡന്റും രമേശ് ചെന്നിത്തലയും ചേർന്നുള്ള തീരുമാനം അംഗീകരിക്കാനാവില്ല. കെ.സി.ജോസഫ്, ബെന്നി ബെഹനാൻ, എം.എം.ഹസൻ, മന്ത്രി പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എം.പി. എന്നിവരാണ് പരാതി അറിയിച്ചത്.

ബോർഡ്, കോർപറേഷൻ; ഏഴ് അധ്യക്ഷരെ തീരുമാനിച്ച് ലീഗ്

ബോർഡ്, കോർപറേഷൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലെ പദവികൾ സംബന്ധിച്ച് യു.ഡി.എഫിൽ ധാരണയായതിനു പിന്നാലെ മുസ്‌ലിം ലീഗ് പ്രതിനിധികളെ തീരുമാനിച്ചുതുടങ്ങി. ഏഴുപേരുടെ നിയമന ഉത്തരവുകളാണ് ആദ്യഘട്ടത്തിൽ ഇറങ്ങിയത്. വ്യവസായവകുപ്പിനു കീഴിലുള്ള ആറ് സ്ഥാപനങ്ങളുടെയും തദ്ദേശവകുപ്പിനു കീഴിലുള്ള ക്രൂസിന്റെയും അധ്യക്ഷരെയാണ് തീരുമാനിച്ചത്. ഇവർ ബുധനാഴ്‌ചയോടെ ചുമതലയേൽക്കും.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാമാണ് സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്) ചെയർമാൻ. ദേശീയ സെക്രട്ടറി സി.കെ. സുബൈർ (കെ.എസ്.ഐ.ഇ.), സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.എച്ച്. റഷീദ് (ട്രാക്കോ കേബിൾ), സി. ശ്യാം സുന്ദർ (കെ.ഇ.എം.ഡി.ഇ.എൽ.), ടി.എം. സലീം (കെൽ), വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ് (സിഡ്‌കോ), വയനാട് ജില്ലാ വൈസ് പ്രസിഡന്റ് യഹ്‌യാ ഖാൻ തലക്കൽ (ക്രൂസ്) എന്നിവരും ചെയർമാൻമാരാണ്.

ലീഗിന് 32 അധ്യക്ഷസ്ഥാനമുണ്ടാകുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

ഷാഫി ചാലിയം പി.എസ്.സി. അംഗമാകും

പി.എസ്.സി. അംഗമായി സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയത്തിന്റെ പേരാണ് മുസ്‍ലിം ലീഗ് കൈമാറിയത്.