കെ.പി.സി.സി. അധ്യക്ഷനെയും സഹഭാരവാഹികളെയും കണ്ടെത്താൻ തീവ്രശ്രമം; ഡിസിസി പുനഃസംഘടന വൈകും

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ്, വർക്കിങ് പ്രസിഡന്റുമാർ, യു.ഡി.എഫ്. കൺവീനർ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് പുതിയ ആളുകളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിൽ കോൺഗ്രസ്. പ്രസിഡന്റടക്കമുള്ള മുതിർന്ന ഭാരവാഹികളിൽ പലരും മന്ത്രിമാരും എം.എൽ.എ.മാരും ആയതോടെയാണ് പുതിയ നേതൃനിരയെ സംഘടനാചുമതലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ഊർജിതമാക്കിയത്.
ഈ മാസാവസാനത്തോടെ പുതിയ ഭാരവാഹികളെ നിയോഗിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രനേതൃത്വം. സർക്കാർ-പാർട്ടി ഏകോപനത്തിനും നിലവിൽ ഫലപ്രദമായ സംവിധാനമില്ല. കഴിഞ്ഞപ്രാവശ്യം പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ട ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴയ്ക്കൻ, കെ.സി. ജോസഫ്, എം.എം. ഹസൻ, എം.കെ. രാഘവൻ എന്നിവരുടെ പേരുകൾ ഇക്കുറിയും ഉയരുന്നുണ്ട്.
താനും അർഹനാണെന്നുപറഞ്ഞ് രാജ്‌മോഹൻ ഉണ്ണിത്താനും രംഗത്തെത്തി. പ്രസിഡന്റ് പട്ടികയിൽനിന്ന് ഒഴിവാകുന്നവർ വർക്കിങ് പ്രസിഡന്റാകാൻ സാധ്യതയുണ്ട്. സാമൂഹിക, സാമുദായിക സന്തുലനവും പരിഗണിക്കപ്പെടും. വി.എസ്. ശിവകുമാർ, മാത്യു കുഴൽനാടൻ എന്നിവരുടെ പേരുകൾ വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കുണ്ട്.
ആരോഗ്യകാരണം മുൻനിർത്തി അടൂർ പ്രകാശ് യു.ഡി.എഫ്. കൺവീനർ സ്ഥാനത്തുനിന്ന് മാറുമെന്ന് സൂചനയുണ്ട്. പ്രസിഡന്റായി പരിഗണിക്കപ്പെട്ട ആരെങ്കിലുമാകും പകരം നിയമിക്കപ്പെടുക.
കഴിഞ്ഞദിവസംവരെ സംസ്ഥാനത്തുണ്ടായിരുന്ന ദീപാ ദാസ്‌മുൻഷി പുതിയ ഭാരവാഹികളെ സംബന്ധിച്ച് മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഡൽഹിക്ക് മടങ്ങി. മുഖ്യമന്ത്രി വി.ഡി. സതീശൻ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുടെ താത്പര്യങ്ങളും പ്രസിഡന്റ് നിയമനത്തിൽ നിർണായകമാകും.
ഡി.സി.സി. പുനഃസംഘടന വൈകും
ഡി.സി.സി. പുനഃസംഘടനയ്ക്ക് എല്ലാ ജില്ലകളിലേക്കും ഹൈക്കമാൻഡ് നിയോഗിക്കുന്ന ഒരു നിരീക്ഷകനെത്തി ചർച്ചനടത്തി മൂന്നുമുതൽ അഞ്ചുവരെ പേരുകൾ ഉൾപ്പെടുന്ന പാനൽ നൽകും. ഇതിൽനിന്നാകും പ്രസിഡന്റിനെ നിയമിക്കുക. നിരീക്ഷകരെ ഇതുവരെ നിയോഗിച്ചിട്ടില്ലാത്തതിനാൽ പുനഃസംഘടനയ്ക്ക് രണ്ടുമാസമെങ്കിലും എടുക്കും.
Content Highlights: Intensified efforts to appoint new KPCC President and working presidents. Leadership change driven by current office holders holding legislative positions. Deepa Dasmunshi leading the consultation process with senior state leaders. DCC reorganization delayed due to pending appointment of observers. Focus on social and communal balance in the new organizational structure.