പാർട്ടി-സർക്കാർ ഏകോപനമില്ല; മുഴുവൻസമയ ഭാരവാഹികളില്ലാതെ കെ.പി.സി.സി

തിരുവനന്തപുരം: അധികാരത്തിലെത്തിയിട്ടും പാർട്ടി-സർക്കാർ ഏകോപനത്തിന് വേണ്ടത്ര സംവിധാനമില്ലാതെ കോൺഗ്രസ്. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാറും പി.സി. വിഷ്ണുനാഥും മന്ത്രിമാരായതാണ് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനെ അനാഥത്വത്തിലാക്കിയത്.
സ്ഥലത്തുള്ളപ്പോഴെല്ലാം സണ്ണി ജോസഫ് ഉച്ചയ്ക്ക് ഇന്ദിരാഭവനിൽ എത്തിയാണ് ഉച്ചഭക്ഷണം കഴിക്കാറ്. അക്കൂട്ടത്തിൽ സംഘടനാകാര്യങ്ങൾ നിർവഹിച്ചു പോവുകയാണ് പതിവ്. മന്ത്രിയെന്ന നിലയിലുള്ള യാത്രകളും മറ്റ് ഉത്തരവാദിത്വങ്ങളും പാർട്ടി ചുമതല നിർവഹിക്കാൻ അദ്ദേഹത്തിന് തടസ്സമാവുകയാണ്. പുതിയ പ്രസിഡന്റിനെ നിയമിക്കണമെന്ന് അദേഹം തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആലോചനകളിലേക്ക് നേതൃത്വം കടന്നിട്ടില്ല.
തിരഞ്ഞെടുപ്പുഫലം വിലയിരുത്താൻ കെ.പി.സി.സി. ഭാരവിഹികളുടെ യോഗമോ, രാഷ്ട്രീയകാര്യസമിതിയോ ഇതുവരെ ചേർന്നിട്ടില്ല. ഭരണം മാറിയതിന്റെ പേരിൽ വിവിധ ബോർഡുകൾ, കമ്മിഷനുകൾ, സർക്കാർ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽ പുതിയ നിയമനം നടത്തേണ്ടതുമുണ്ട്.
ഇത്തരം സ്ഥാപനങ്ങളുടെ ഭരണസമിതിയിലേക്ക് ഘടകകക്ഷികൾക്കും പ്രാതിനിധ്യംനൽകാൻ പാർട്ടികൾ തമ്മിലുള്ള സ്ഥാനവിഭജനവും നടക്കണം. അതും ആരംഭിക്കാനായിട്ടില്ല. ചില സ്ഥാപനങ്ങളിൽ ഓർഡിനൻസിലൂടെ വ്യവസ്ഥകൾ ഭേദഗതി ചെയ്താലേ നിലവിലുള്ളവരെ ഒഴിവാക്കി സർക്കാരിന് താത്പര്യമുള്ളവരെ നിയമിക്കാനാവു. ഇത്തരം കാര്യങ്ങൾ നടപ്പാക്കാൻ പാർട്ടി -സർക്കാർ ഏകോപനം അനിവാര്യമാണ്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടാൻ ആയിരക്കണക്കിന് അപേക്ഷകളാണ് വരുന്നത്. ഈ സമ്മർദത്തിൽപ്പെട്ട് പല മന്ത്രിമാർക്കും ഇനിയും സ്റ്റാഫിനെ നിയമിക്കാൻ കഴിഞ്ഞിട്ടുമില്ല.
മന്ത്രിമാരെ നിരീക്ഷിക്കാൻ ഹൈക്കമാൻഡ്
മെച്ചപ്പെട്ട പ്രവർത്തനമുണ്ടായില്ലെങ്കിൽ ഇടക്കാലത്ത് മന്ത്രിമാരെ മാറ്റാൻ മടിക്കില്ലെന്ന് ഹൈക്കമാൻഡ്. മന്ത്രിമാരുടെ പ്രവർത്തനം ഹൈക്കമാൻഡ് നിരീക്ഷിക്കുകയും പൊതു അഭിപ്രായം ശേഖരിക്കുകയും ചെയ്യും. കർണാടകത്തിൽ മുഖ്യമന്ത്രി മാറ്റത്തിനൊപ്പം മന്ത്രിമാരിലും മാറ്റമുണ്ടാകുന്നത് ഇത്തരം നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്. ജൂൺ മധ്യത്തോടെയെങ്കിലും കെ.പി.സി.സി.യിലും ഡി.സി.സി.കളിലും പുനഃസംഘടന നടത്താനാണ് ശ്രമം. തിരുവനന്തപുരം, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ഡി.സി.സി. പ്രസിഡന്റുമാർ എം.എൽ.എ.മാരായതിനാൽ പകരക്കാരെയും കണ്ടെത്തണം.
Content Highlights: KPCC leadership is currently facing a vacancy crisis as key office bearers hold ministerial positions., Lack of coordination between the party and the government is delaying crucial board and commission appointments., High Command is closely monitoring ministerial performance with potential for mid-term reshuffles., Organizational restructuring of KPCC and DCCs is expected by mid-June 2026.