കമ്മ്യൂണിസ്റ്റുകാരുടെ ആലയിലേക്ക് ഒരുപറ്റം ആളുകൾ ഓടുന്ന കാലത്തേ പൂക്കോയ തങ്ങൾ നിലപാട് പറഞ്ഞതാണ്-മജീദ്

കെ.പി.എ. മജീദ്  | മാതൃഭൂമി
കെ.പി.എ. മജീദ് | മാതൃഭൂമി

കോഴിക്കോട്: സി.പി.എമ്മുമായി മുസ്ലിം ലീഗ് അടുക്കുന്നു എന്ന അഭ്യൂഹങ്ങൾക്കിടെ ഓർമ്മപ്പെടുത്തലുമായി ലീഗ് നേതാവ് കെ.പി.എ. മജീദ് എം.എൽ.എ. കമ്മ്യൂണിസത്തോടുള്ള നിലപാട് വർഷങ്ങൾക്ക് മുമ്പ് തന്നെ പി.എം.എസ്.എ. പൂക്കോയ തങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ആ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിം ലീഗിനേയും യു.ഡി.എഫിനേയും ദുർബലപ്പെടുത്താനുള്ള ഊഹാപോഗങ്ങളിലും വ്യാജവാർത്തകളിലും ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കമ്മ്യൂണിസത്തോടുള്ള നിലപാട് 1974-ൽ പി.എം.എസ്.എ പൂക്കോയ തങ്ങൾ പറഞ്ഞിട്ടുണ്ട്. മുസ്ലിം ലീഗിലെ ഒരുപറ്റം ആളുകൾ കമ്മ്യൂണിസ്റ്റുകാരന്റെ ആലയിലേക്ക് ഓടുന്ന ദൗർഭാഗ്യകരമായ കാലമായിരുന്നു അത്. മഹാനായ പൂക്കോയ തങ്ങൾ രോഗവുമായി മല്ലിടുകയായിരുന്നു. ബോംബെയിലെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് തിരിച്ചെത്തിയപ്പോൾ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ഉദ്ധരിച്ച് കൊണ്ടായിരുന്നു പാണക്കാട്ടെ തങ്ങളുടെ പ്രഖ്യാപനം. 
തങ്ങളുടെ വാക്കുകൾ ഇങ്ങനെയാണ്.
''അതിന് എന്നെ കിട്ടില്ല. മാർക്‌സിസ്റ്റ് പാർട്ടിയുമായി കൂട്ടുകൂടാൻ മരണം വരെ എന്നെ കിട്ടില്ല. മരിക്കുന്നതിന് മുമ്പ് ബാഫഖി തങ്ങൾ എന്നോട് പറഞ്ഞിരുന്നു. പൂക്കോയാ, മരണം വരെ നമ്മളിനി മാർക്‌സിസ്റ്റുമായി കൂട്ടില്ല. അതിന് അല്ലാഹു അനുഗ്രഹിക്കട്ടെ. എന്റെ പ്രാർത്ഥനയും അതാണ്. ബാഫഖി തങ്ങളുടെ ആജ്ഞയാണ്, അദ്ദേഹത്തിന്റെ അഭിലാഷമാണ് ഞാൻ നടപ്പാക്കിയത്.'' 
പൂക്കോയ തങ്ങളുടെ പ്രഖ്യാപനത്തിന് ഇന്നും കാരിരുമ്പിന്റെ ശക്തിയാണ്. അത് തിരുത്തേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ല. മുസ്‌ലിംലീഗിനെയും യു.ഡി.എഫിനെയും ദുർബലപ്പെടുത്താനുള്ള ഊഹാപോഹങ്ങളിലും വ്യാജ വാർത്തകളിലും ആരും വഞ്ചിതരാകരുത്.

Content Highlights: kpa majeed mla facebook post about communist league rumours