ലക്ഷങ്ങളുടെ വോളിബോൾ തട്ടിപ്പ്; എം. മെഹബൂബ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിന്റെ എഫ്ഐആർ പുറത്ത്

കോഴിക്കോട്: സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിന്റെ എഫ്.ഐ.ആർ. വിശദാംശങ്ങൾ പുറത്ത്. 2018-ൽ കോഴിക്കോട്ട് നടന്ന അഖിലേന്ത്യാ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടനത്തിലായിരുന്നു ലക്ഷങ്ങളുടെ ക്രമക്കേട് നടന്നത്. കോഴിക്കോട് വിജിലൻസ് 2025-ൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസമാണ് സംഭവത്തിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
മുസ്ലിംലീഗ് നേതാവും പെരിന്തൽമണ്ണ മുനിസിപ്പൽ കൗൺസിലറുമായ നാലകത്ത് ബഷീറാണ് കേസിലെ ഒന്നാംപ്രതി. സി. സത്യൻ, അഹമ്മദ് കുട്ടി, മൊയ്തീൻ കോയ തുടങ്ങിയവരാണ് കേസിലെ മറ്റു പ്രതികൾ. പരിപാടിയുടെ സംഘാടകസമിതി ചെയർമാനായിരുന്ന മെഹബൂബ് കേസിൽ മൂന്നാംപ്രതിയാണ്. ഒന്നാംപ്രതിയായ ബഷീറായിരുന്നു ചാമ്പ്യൻഷിപ്പിന്റെ ജനറൽ കൺവീനർ.
ബഷീർ തന്റെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് 34 ലക്ഷം രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് 7,94,000 രൂപയും സർക്കാർ ഫണ്ടുകൾ വാങ്ങിച്ചെടുത്തു. മറ്റു പല മേഖലകളിൽനിന്നായി 1.24 കോടിയോളം രൂപ ശേഖരിച്ച് മറ്റ് നാലു പ്രതികളും ചേർന്ന് കണക്കുകൾ സൂക്ഷിക്കാതെ ക്രമക്കേട് നടത്തിയതായും പണം ദുരുപയോഗം ചെയ്ത് സംസ്ഥാന വോളിബോൾ അസോസിയേഷനോട് വിശ്വാസവഞ്ചന നടത്തിയെന്നുമാണ് നടക്കാവ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എ.ഫ്.ഐ.ആറിലുള്ളത്.
അതേസമയം, സാമ്പത്തിക ക്രമക്കേടിൽ തനിക്ക് പങ്കില്ലെന്നാണ് മെഹബൂബ് കഴിഞ്ഞദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസിൽ എന്തിനാണ് തന്നെ പ്രതിചേർത്തതെന്ന് അറിയില്ല. വോളിബോൾ അസോസിയേഷനിലെ തർക്കമാണ് കേസിന് പിന്നിൽ. സംഘാടകസമിതി ചെയർമാൻ എന്ന നിലയിൽ തന്റെ ലെറ്റർപാഡ് ഉണ്ടാകും. അത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്നറിയില്ല. ഒരു സാമ്പത്തിക ഇടപാടിലും താൻ പങ്കാളിയല്ലെന്നും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: FIR filed against CPM Kozhikode District Secretary M. Mehaboob., Case relates to financial irregularities during the 2018 All India Volleyball Championship., Allegations involve misuse of over 1.24 crore rupees in government and local funds., Nalakath Basheer is the primary accused in the case., Mehaboob denies involvement, citing potential misuse of his letterhead.