ഈ കുരുന്നുകൾ പിരിയുന്നു, രോഗപ്പകർച്ച തടയാൻ.. കുടുംബം കാത്തിരിക്കുന്നു 50 കോടിയെന്ന ലക്ഷ്യത്തിലെത്താൻ

#അനു എബ്രഹാം
സ്പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നിവർ സഹോദരി ജൊയാനയോടൊപ്പം | ഫോട്ടോ: പി. കൃഷ്ണപ്രദീപ്
സ്പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നിവർ സഹോദരി ജൊയാനയോടൊപ്പം | ഫോട്ടോ: പി. കൃഷ്ണപ്രദീപ്

കോഴിക്കോട്: 'കുഞ്ഞാവേ വാ, വാ...നന്നു നന്നു വാ...'നിലത്തിരിക്കുന്ന കുഞ്ഞനിയൻ ഈഥനെ നോക്കി നാലുവയസ്സുകാരി ജൊയാന വിളിച്ചുകൊണ്ടേയിരുന്നു. തൊട്ടടുത്തിരുന്ന ഒലിവറും ഡേവിഡും അതുകേട്ടെങ്കിലും പ്രത്യേകിച്ചൊരു ഭാവമാറ്റവുമില്ല, ഈഥനും അതുപോലെത്തന്നെ. നടക്കാൻപോയിട്ട് മുട്ടിലിഴഞ്ഞുപോലും എത്താൻ കുഞ്ഞനിയൻമാർക്ക് കഴിയില്ലെന്ന് ജൊയാനയ്ക്കുമറിയില്ല. അവൾക്ക് രണ്ടുവയസ്സുള്ളപ്പോൾ പിറന്നതാണവർ മൂന്നുപേരും. ഓമശ്ശേരി കല്ലുരുട്ടി പൂവത്തേരിചാലിൽ വീട്ടിൽ അരുണിന്റെയും ഷാൽമിയുടെ മക്കൾ, ഒറ്റപ്രസവത്തിലുണ്ടായ മൂന്ന് കുഞ്ഞുങ്ങൾ.

എട്ടുമാസമായപ്പോഴാണ് മൂന്നുപേർക്കും വളർച്ചക്കുറവും കൈകാലുകൾക്ക് വളർച്ചയില്ലാത്തതും ശ്രദ്ധയിൽപ്പെട്ടത്. പല ഡോക്ടർമാരെയും കാണിച്ചു. രണ്ടു മാസം മുൻപ് ഈഥനെ കഫക്കെട്ടിനെത്തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ 20 ദിവസത്തോളം കിടത്തിച്ചികിത്സിച്ചിട്ടും രോഗം കുറഞ്ഞില്ല. പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സ്‌പൈനൽ മസ്‌കുലാർ അട്രോഫി (എസ്.എം.എ.) സ്ഥിരീകരിച്ചത്. വൈകാതെ മറ്റു രണ്ടുകുട്ടികൾക്കും ഇതേരോഗം സ്ഥിരീകരിച്ചു. കുഞ്ഞുങ്ങൾക്ക് രണ്ടുവയസ്സ് തികയാത്തതിനാൽ ജീൻ തെറപ്പി ഫലപ്രദമാകുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ. അതിനുവേണ്ട 50 കോടി രൂപയാണ് കുടുംബത്തിനു മുൻപിൽ പ്രതിസന്ധിയാകുന്നത്. 'മൂന്നുപേരിൽ ആരെയും കൈവിടാൻ ഞങ്ങൾക്കാവില്ലല്ലോ'-അരുണിന്റെ വാക്കുകളും തൊട്ടരികെ നിന്ന ഷാൽമിയുടെ അമ്മ ഏലിയാമ്മയുടെ വിതുന്പലും ഒരുമിച്ചായിരുന്നു.

നെഞ്ചിലെ പേശികൾ ചുരുങ്ങുന്ന സങ്കീർണ അവസ്ഥയിലാണ് കുഞ്ഞുങ്ങളിപ്പോൾ. കഫക്കെട്ടും ശ്വാസകോശത്തിലെ അണുബാധയും പകരാതിരിക്കാൻ കുഞ്ഞുങ്ങളെ തത്കാലം വേർപിരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കുടുംബം. ഒലിവറിനെയും ഡേവിഡിനെയും വ്യാഴാഴ്ച വൈകീട്ടോടെ മുത്തപ്പൻപുഴയിലെ ഷാൽമിയുടെ മാതാപിതാക്കളുടെ വീട്ടിലെത്തിച്ചു. ഈഥൻ കല്ലുരുട്ടിയിലെ വീട്ടിലും.

കല്ലുരുട്ടി സെയ്ന്റ് തോമസ് പള്ളിക്കുമുന്നിലെ ചികിത്സാസഹായ സമിതിയുടെ ഓഫീസിൽ ഒരു നാടൊന്നാകെ കാത്തിരിക്കുകയാണ്, 50 കോടിയെന്ന കടമ്പ കടക്കുന്നതും കാത്ത്..

നാടൊന്നിക്കുന്നു, നന്മയ്ക്കായി..

50 കോടിയെന്ന ഭീമൻ തുകയ്ക്ക് മുന്നിൽ സ്തംഭിച്ച് നിൽക്കുകയാണ് ഈ കുടുംബം. സ്വകാര്യ സ്ഥാപനങ്ങളിലെ കുഞ്ഞ് ജോലി കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അരുണിനും ഷാൽമിക്കും 50 കോടിയെന്നത് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മാസം അമ്പതിനായിരം രൂപയോളം വില വരുന്ന തുള്ളിമരുന്ന് കൊടുത്താണ് മൂന്ന് കുഞ്ഞുങ്ങളുടേയും നിലവിലെ അവസ്ഥ മോശമാവാതെ ഈ കുടുംബം ഇപ്പോൾ മുന്നോട്ട് കൊണ്ട് പോകുന്നത്. ഇത് പോലും ഇനി എങ്ങനെ സാധിക്കുമെന്നും ഇവർക്കറിയില്ല. ആളുകളെ കാണുമ്പോൾ പ്രതീക്ഷയോടെ ചിരിക്കുന്നുണ്ട് ഈ കുഞ്ഞുങ്ങൾ. ആ പുഞ്ചിരിയിലാണ് ഈ കുടുംബത്തിന്റെയും ആത്മവിശ്വാസം. അവരെ ചേർത്ത് പിടിക്കേണ്ടത് നമ്മുടെയും ഉത്തരവാദിത്തമാണ്. 50 ലക്ഷം പേർ നൂറ് രൂപ വീതം നൽകിയാൽ തന്നെ ഈഥന്റെയും ഒലിവറിന്റെയും ഡേവിഡിന്റെയും ജീവിതം ഇനിയുള്ള കാലവും ചിരിച്ച് കാണാം. ആ ദൗത്യത്തിലേക്ക് നമുക്കും പങ്ക് ചേരാം.

പണം അയക്കുമ്പോൾ Google Pay വഴിയാണ് പണം അയയ്ക്കുന്നതെങ്കിൽ, UPI ID നൽകുന്നതിനായി ആദ്യം കാണുന്ന Search ബാർ ഉപയോഗിക്കരുത്. പകരം, ആപ്പിൽ രണ്ടാമതായി കാണുന്ന Pay Anyone എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതിനുശേഷം അവിടെ UPI ID നൽകുക. തുടർന്ന് ലഭിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിമാത്രം പണം അയയ്ക്കുക. ബാങ്ക് അക്കൗണ്ട് വഴി പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ചാണ് പണം അയയ്ക്കുന്നതെങ്കിൽ, Google Pay, PhonePe തുടങ്ങിയ UPI ആപ്പുകളിലെ ബാങ്ക് ട്രാൻസ്ഫർ മാർഗം ഉപയോഗിക്കരുത്. പകരം, ബന്ധപ്പെട്ട ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴി മാത്രമേ അക്കൗണ്ട് ട്രാൻസ്ഫർ നടത്താവൂ. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

അക്കൗണ്ട് നമ്പർ: 21360100162505

അക്കൗണ്ട് ഉടമയുടെ പേര്: Arun P D

IFSC കോഡ്: FDRL0002136

ബാങ്കിന്റെ പേര്: ഫെഡറൽ ബാങ്ക്

ശാഖ: ഓമശ്ശേരി, കോഴിക്കോട്

UPI ID: arunpd2@fbl

Content Highlights: Triplets Ethan, Oliver, and David diagnosed with Spinal Muscular Atrophy (SMA)., Gene therapy is effective as the children are under two years old., Family faces a massive financial hurdle of 50 crore rupees for the treatment., Children separated temporarily to prevent respiratory infections., A local aid committee has been formed to raise funds for the treatment.