തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ

#ന്യൂസ് ഡെസ്ക്
പരിക്കേറ്റ ഐശ്വര്യ, പിടിയിലായ കൃഷ്ണകുമാർ
പരിക്കേറ്റ ഐശ്വര്യ, പിടിയിലായ കൃഷ്ണകുമാർ

കോഴിക്കോട് : തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാർ (30) ആണ് തിങ്കളാഴ്ച റെയിൽവേ പോലീസിന്റെ പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ മാസം മുപ്പതാം തീയതി ആയിരുന്നു സംഭവം. ആലുവയിലെ ഹോസ്റ്റലിൽ നിന്നും ട്രെയിനിൽ കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ എരഞ്ഞോളി താഴേക്കുനിയിൽ ഐശ്വര്യക്ക്(22) കല്ലേറിൽ പരിക്കേൽക്കുന്നത്. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വെച്ചായിരുന്നു സംഭവം. ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയായിരുന്നു കല്ലേറ് നടന്നത്.

കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റു. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്ടമാവുകയും ചുണ്ടിനു മുറിവേൽക്കുകയും ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐശ്വര്യക്ക് സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയാണ്. വീട്ടിൽ വിശ്രമത്തിലുള്ള ഐശ്വര്യക്ക് പരീക്ഷയുൾപ്പെടെ നഷ്ടമായി. ആലുവ യുസി കോളേജിലെ ബയോ ഇൻഫർമാറ്റിക് പിജി വിദ്യാർഥിയാണ് ഐശ്വര്യ.

Content Highlights: Suspect Krishna Kumar (30) arrested by Railway Police in 2026., Incident occurred between Feroke and Kadalundi involving the Alappuzha-Kannur Executive Express., Victim Aishwarya, a PG student, sustained severe jaw and dental injuries., Police confirmed the attack was committed under the influence of narcotics.