കൊയിലാണ്ടിയില്‍ ആനയിടഞ്ഞ സംഭവം; നാട്ടാന പരിപാലന ചട്ടലംഘനമുണ്ടായെന്ന് വനംമന്ത്രി

കോഴിക്കോട്: കൊയിലാണ്ടിയില്‍ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികളും ആനയുടെ പാപ്പാനും നാട്ടാന പരിപാലന ചട്ടങ്ങള്‍ ലഘിച്ചതായി കണ്ടെത്തിയെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. ക്ഷേത്രത്തിലെ ഉത്സവം നടത്താനുള്ള അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തില്‍ നാട്ടാന പരിപാലനചട്ട ലംഘനം ഉണ്ടായെന്ന് തന്നെയാണ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി നല്‍കിയിരിക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇന്ന് രാവിലെ തന്നെ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറിയിരുന്നു.
പടക്കം പൊട്ടിച്ച സംഭവം, രണ്ട് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട അകലം ഇതൊക്കെ സംബന്ധിച്ച് റിപ്പോര്‍ട്ടിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ കാര്യങ്ങള്‍ ഫോറസ്റ്റ് ആര്‍.കീര്‍ത്തി വ്യക്തമാക്കിയിട്ടില്ലെങ്കിലും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ലംഘനം നടന്നിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആനകള്‍ വിരണ്ടുണ്ടായ അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. തൊട്ടടുത്ത് വന്‍ശബ്ദത്തോടെ പടക്കം പൊട്ടിയതോടെയാണ് ആനകള്‍ വിരണ്ടത്. കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയില്‍ രാജന്‍ (68) എന്നിവരാണ് മരിച്ചത്. ഉത്സവത്തിനെത്തിച്ച പീതാംബരന്‍ എന്ന ആന വിരണ്ട് ഗോകുല്‍ എന്ന ആനയെ കുത്തുകയും ആ ആന കമ്മിറ്റി ഓഫീസിനുമുകളിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു.
Content Highlights: Three killed in Manakkulanagara Temple festival elephant stampede.