'ഒരു രൂപയ്ക്ക് ഷൂ'; പുലർച്ചെ മുതൽ ജനക്കൂട്ടം, പിന്നാലെ അടിപൊട്ടി; കട നടത്തിപ്പുകാർക്കെതിരേ കേസ്

കോഴിക്കോട്: കടയുടെ ഉദ്ഘാടനദിവസം ആളെക്കൂട്ടാൻ ഒരു രൂപയുടെ പഴയ നോട്ടുനൽകിയാൽ ഷൂവും വാച്ചും വാഗ്ദാനം. വിവിധ ജില്ലകളിൽനിന്ന് ഒരു രൂപ നോട്ടുകളുമായി എത്തിയവരുടെ ഉന്തും തള്ളും നിയന്ത്രിക്കാൻ പോലീസിന് ഒടുവിൽ ലാത്തിവീശേണ്ടിവന്നു. കട നടത്തിപ്പുകാരായ ഏഴാളുടെ പേരിൽ ടൗൺ പോലീസ് കേസെടുത്തു. സ്ഥലത്തെത്തിയ കണ്ടാലറിയുന്ന നൂറാളുടെ പേരിലും കേസുണ്ട്.
പഴയ ഒരു രൂപ നോട്ട് കൊണ്ടുവന്നാൽ ആദ്യമെത്തുന്ന നൂറുപേർക്ക് ഷൂവും പിന്നീടുള്ള നൂറുപേർക്ക് രണ്ടായിരം മുതൽ രണ്ടായിരത്തഞ്ഞൂറ് രൂപവരെ വിലവരുന്ന വാച്ചുമായിരുന്നു വാഗ്ദാനം. ഇത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സംഘർഷാവസ്ഥയുണ്ടാക്കിയതിനാണ് കേസ്. സ്ഥാപനത്തിന്റെ ഉടമ മലപ്പുറം ചെമ്മലശേരി സ്വദേശി പലാശ്ശേരി മുഹമ്മദ് ഷബീബ് (26), ജീവനക്കാരായ മലപ്പുറം സ്വദേശികളായ ചെമ്മലശ്ശേരി തച്ചങ്ങാടൻ ടി. ജംഷീർ (20), അങ്ങാടിപ്പുറം നെടുമ്പറമ്പൻ എൻ.പി. മുഹമ്മദ് മുൻസിഫ് (22), വലമ്പൂർ പെരുമ്പുള്ളി പി. മുഹമ്മദ് സഫാൻ (21), പെരിന്തൽമണ്ണ തെക്കംകാട്ടിൽ ടി.കെ. മുഹമ്മദ് ഫർഷാദ് (24), ഗൂഡല്ലൂർ നീലഗിരി സ്വദേശി പടന്തറ പാലത്തിങ്ങൽ അസിഫ് ഷഹീർ (22), മലപ്പുറം ചെമ്മലശ്ശേരി പലാശ്ശേരി പി. മുഹമ്മദ് ഷഹീർ(22) എന്നിവരുടെ പേരിലാണ് കേസ്.
കോഴിക്കോട് മാനാഞ്ചിറയ്ക്കുസമീപമുള്ള വൈക്കം മുഹമ്മദ് ബഷീർ റോഡിലെ ചെരിപ്പുകടയായ 'ട്രെൻഡ് ഫാക്ടറി' എന്ന സ്ഥാപനമാണ് ഇത്തരമൊരു സൗജന്യവാഗ്ദാനം നൽകിയത്. ഇതുകണ്ട് ഞായറാഴ്ച പുലർച്ചെ രണ്ടുമുതൽ വിദ്യാർഥികളും മുതിർന്നവരും ഉൾപ്പെടെ ഒട്ടേറെപ്പേർ കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ റോഡിലുള്ള കടയ്ക്കുമുന്നിൽ തടിച്ചുകൂടി. ഇവരിൽ കാസർകോടുമുതൽ പാലക്കാടുവരെയുള്ളവർ ഉണ്ടായിരുന്നു. ഇതോടെ ഈ റോഡുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. കാൽനടപോലും അസാധ്യമാകുംവിധം ഉന്തും തള്ളുമായി.
രാവിലെ 10-നുശേഷം കട തുറന്നാൽ ഷൂ കൊടുക്കുമെന്നായിരുന്നു വാഗ്ദാനം. കട തുറന്നതോടെ കൂടിനിന്നവർ കടയിലേക്ക് ഇരച്ചുകയറുമെന്ന സ്ഥിതിയായി. സ്ഥിതിഗതികൾ വഷളാകുമെന്നുകണ്ട കടയുടമകൾ ടൗൺ പോലീസിനെ വിവരമറിയിച്ചു.
പോലീസ് എത്തിയിട്ടും കടയ്ക്കുമുന്നിൽ എത്തിയവർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. ലാത്തിവീശിയതോടെ ചിലർക്ക് വീണുപരിക്കേറ്റു. ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷമാണ് പലരും പിരിഞ്ഞുപോയത്.
ഒരു രൂപ നോട്ടിനൊപ്പം കൂപ്പൺകൂടി കൊണ്ടുവരുന്നവർക്കാണ് ഓഫർ നൽകാനൊരുങ്ങിയതെന്ന് കടനടത്തിപ്പുകാർ പറഞ്ഞു. സാമൂഹികമാധ്യമത്തിൽ പരസ്യംചെയ്തപ്പോൾ അത്തരമൊരു നിബന്ധന പറഞ്ഞിട്ടില്ലെന്ന് എത്തിച്ചേർന്നവർ വ്യക്തമാക്കി.
പോലീസ് നിർദേശിച്ചതനുസരിച്ച് 'ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കട തുറക്കില്ലെന്ന' ബോർഡ് കടയ്ക്കുമുന്നിൽ പ്രദർപ്പിക്കേണ്ടിവന്നു. ടൗൺ എസ്.ഐ സി.എസ്. ശ്രീസിതയ്ക്കാണ് അന്വേഷണച്ചുമതല.
Content Highlights: Shop offered shoes and watches for one-rupee notes to attract customers., Massive crowds caused severe traffic congestion in Kozhikode., Police intervened with lathi-charge to control the situation., Case registered against seven shop owners and 100 unidentified individuals., Shop operations suspended until further notice by police orders.