ATVM കൗണ്ടറിൽ വ്യാജ സ്‌ക്രീൻഷോട്ട് കാണിച്ച് ടിക്കറ്റെടുക്കും; ക്യാൻസലാക്കി പണം വാങ്ങും; തട്ടിപ്പ്

#ന്യൂസ് ഡെസ്ക്
നാരായൺ പാണ്ഡെ
നാരായൺ പാണ്ഡെ

കോഴിക്കോട്: റെയിൽവേ സ്റ്റേഷനിലെ ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനിൽനിന്ന് ദീർഘദൂരയാത്രയ്ക്കുള്ള ടിക്കറ്റെടുത്ത് പണം നൽകാതെ തട്ടിപ്പുനടത്തുന്ന സംഘത്തിലെ ഒരാൾ അറസ്റ്റിൽ.

ടിക്കറ്റിന് പണം നൽകാതെ ഗൂഗിൾ പേ ചെയ്തുവെന്ന് വ്യാജ സ്‌ക്രീൻ ഷോട്ടും അതുറപ്പിക്കാൻ വ്യാജ മൊബൈൽ എസ്.എം.എസും ടിക്കറ്റ് കൗണ്ടറിലുള്ളവർക്ക് കാണിച്ചാണ് ടിക്കറ്റ് സ്വന്തമാക്കുന്നത്. തുടർന്ന് ഈ ടിക്കറ്റ് മറ്റൊരു കൗണ്ടറിൽ പോയി ക്യാൻസൽ ചെയ്ത് പണം ശേഖരിക്കുന്നതാണ് തട്ടിപ്പ്.

ഒഡിഷയിലെ സമന്ത്രാപ്പൂർ സ്വദേശി നാരായൺ പാണ്ഡെ (20)യാണ് കോഴിക്കോട് റെയിൽവേ പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി 23-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് 8,100 രൂപയ്ക്ക് നിസാമുദ്ദീനിലേക്ക് ഏഴു ടിക്കറ്റാണ് ഇയാൾ എടുത്തത്.

പണമയച്ചതായി ഫോണിലേക്ക് എസ്.എം.എസ്. കണ്ടെങ്കിലും അത് തന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് പിന്നീട് മനസ്സിലാക്കിയ ടിക്കറ്റ് വിൽപ്പന നടത്തിയ സ്ത്രീ (ഫെസിലിറ്റേറ്റർ) പോലീസിലും റെയിൽവേയിലും പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.

തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ റെയിൽവേ സ്റ്റേഷനിൽവെച്ച് വെള്ളിയാഴ്ചയാണ് ഇയാളെ പിടികൂടിയത്. ഇയാൾ സമാനരീതിയിൽ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരുകണ്ണിയാണ് ഇയാളെന്നും സൂചനയുണ്ട്.

കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ സി. പ്രദീപ് കുമാർ, എസ്.ഐ. എം. ജയന്ത്, എ.എസ്.ഐ.മാരായ ഷമീർ, സുനീഷ്, എസ്.സി.പി.ഒ. ജോസ്, സി.പി.ഒ. അഖിലേഷ്, സജികുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് (ഒന്ന്) എൻ.എ. സിർഷ പ്രതിയെ റിമാൻഡ് ചെയ്തു.

തട്ടിപ്പ് ഇങ്ങനെ

റെയിൽവേ എ.ടി.വി.എം. കൗണ്ടറിലെ ക്യൂആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് ഇയാൾ ഫെസിലിറ്റേറ്ററോട് പരാതിപ്പെടുകയും പണമയക്കാൻ ഫോൺനമ്പർ വാങ്ങുകയും ചെയ്തു.

തുടർന്ന് ഫെസിലിറ്റേറ്ററുടെ നമ്പറിലേക്ക് പണം അയച്ചുവെന്നും തെളിവായി ഗൂഗിൾ പേയുടെ വ്യാജ സ്‌ക്രീൻ ഷോട്ടും പണം ബാങ്കിൽനിന്ന് പോയതിന്റെ വ്യാജ എസ്.എം.എസും കാണിക്കും. ഇങ്ങനെ ടിക്കറ്റ് കൈക്കലാക്കും. പിന്നീട് ഈ ടിക്കറ്റ് പ്രധാന കൗണ്ടറിൽ കൊണ്ടുപോയി റദ്ദാക്കി പണം തട്ടുകയും ചെയ്യും.

Content Highlights: A man was arrested in Kozhikode for a novel railway ticket scam., The scam involved using fake Google Pay screenshots and SMS to obtain tickets from facilitators., Tickets were subsequently cancelled at a different counter to illegally collect cash refunds., The accused is believed to be part of a larger organized fraud ring.