പാളയം മാർക്കറ്റ് മാറ്റുന്നതിനെതിരേ കോഴിക്കോട്ട് വൻ പ്രതിഷേധം

കോഴിക്കോട്: പാളയം മാർക്കറ്റ് മാറ്റിസ്ഥാപിക്കുന്നതിനെതിരേ വ്യാപാരികളുടെ പ്രതിഷേധം. പ്രതിഷേധത്തിനിടെ കല്ലുംത്താംകടവിൽ പുതിയ മാർക്കറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
കോഴിക്കോടിന്റെ പൈതൃകമായ മാർക്കറ്റ് ഇവിടെനിന്ന് മാറ്റാൻ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. കരിദിനം ആചരിച്ചുള്ള പ്രതിഷേധമാണ് നടത്തുന്നത്. പാളയം മാർക്കറ്റ് കല്ലുംത്താം കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് വ്യാപാരിവ്യവസായി സമിതിയുടെ പ്രകടനം കടന്നുപോയിരുന്നു. ഇതിനിടെയാണ് പ്രിതിഷേധക്കാരും പോലീസും തമ്മിൽ ഉന്തുംതള്ളും ഉണ്ടായത്.
യാതൊരു സൗകര്യവും ഇല്ലാതെയാണ് കല്ലുംത്താംകടവിൽ കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഒരു കാരണവശാലും അങ്ങോട്ട് പോകുന്ന പ്രശ്നമില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അത് കോർപ്പറേഷൻ കെട്ടിടമല്ല. കുത്തക ഭീമന് 35 വർഷത്തെ കാലാവധിക്കാണ് കൊടുത്തിരിക്കുന്നത്. വാടകയും കച്ചവടക്കാരേയും നിശ്ചയിക്കുന്നത് കുത്തക ഭീമന്മാരണെന്നും പ്രതിഷേധക്കാർ പറയുന്നു.
Content Highlights: Kozhikode Market Relocation Sparks Protest Ahead of Inauguration