കോഴിക്കോട്ടെ മെട്രോ ഗതാഗത സംവിധാനം: ആദ്യഘട്ടത്തില്‍ 2 കോറിഡോറുകള്‍, റൂട്ടുകള്‍ ഇങ്ങനെ

#സ്വന്തം ലേഖിക
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

കോഴിക്കോട്: അനുദിനം വളരുന്ന കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയില്‍ പോലുള്ള ഗതാഗത സംവിധാനം ആവശ്യമാണെന്ന് സമഗ്ര മൊബിലിറ്റി പ്ലാന്‍ കരട് റിപ്പോര്‍ട്ടിന്റെ ഭാഗമായി നടന്ന ചര്‍ച്ചയില്‍ വിലയിരുത്തല്‍. ആദ്യഘട്ടത്തിൽ 27.1 കിലോമീറ്റർ ദൂരമുള്ള രണ്ട് കോറിഡോറുകളാണ് പരിഗണിക്കുന്നത്. തെക്കുവടക്ക് ദിശയിൽ വെസ്റ്റ്ഹിൽ-നടക്കാവ്-മീഞ്ചന്ത-ചെറുവണ്ണൂർ-രാമനാട്ടുകര റൂട്ടിലാണ് ആദ്യ കോറിഡോർ. കിഴക്കുപടിഞ്ഞാറ് ദിശയിൽ മെഡിക്കൽ കോളജ്-തൊണ്ടയാട്-കോഴിക്കോട് ബീച്ച് റൂട്ടിലാണ് രണ്ടാമത്തെ കോറിഡോർ. വെസ്റ്റ്ഹിൽ-രാമനാട്ടുകര കോറിഡോറിന് 19 കിലോമീറ്ററും മെഡിക്കൽ കോളേജ്- ബീച്ച് കോറിഡോറിന് 8.1 കിലോമീറ്ററുമാണ് ദൈർഘ്യം. 

ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന റൂട്ടുകൾ, തിരക്കേറിയ സ്ഥലങ്ങൾ എന്നിവ പരിശോധിച്ച ശേഷമാണ് രണ്ട് കോറിഡോറുകൾ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് പറഞ്ഞു. കോഴിക്കോട് സമഗ്ര മൊബിലിറ്റി പ്ലാൻ കരട് റിപ്പോർട്ടിന്റെ ഭാഗമായി നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരട് നിർദ്ദേശം കോർപ്പറേഷനിൽ ചർച്ച ചെയ്ത് പാസാക്കിയ ശേഷം സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തിനും തുടർന്ന് കേന്ദ്ര അംഗീകാരത്തിനും സമർപ്പിക്കും. ഇതിന് ഏഴ് മാസം സമയമെടുക്കും. തുടർന്ന് വിശദപദ്ധതിരേഖ തയാറാക്കും, 50 മുതൽ 60 വർഷം വരെയുള്ള കോഴിക്കോടിന്റെ വികസനം മുൻകൂട്ടി കണ്ടാണ് പദ്ധതി തയ്യാറാക്കുന്നതെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

കോഴിക്കോട് സിറ്റി മാസ്റ്റർ പ്ലാൻ, സമഗ്ര മൊബൈലിറ്റി പ്ലാൻ എന്നിവയുമായി ഏകോപിപ്പിച്ചായിരിക്കും മെട്രോ പദ്ധതിയെന്ന് യോ​ഗത്തിൽ പങ്കെടുത്ത കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എം.ഡി. ലോക്നാഥ് ബെഹ്‌റ പറഞ്ഞു. തൂണുകളിലാണ്  (എലിവേറ്റഡ്) മെട്രോ വരുന്നതെങ്കിൽ സ്റ്റേഷനുകൾ നിർമ്മിക്കാനായിരിക്കും പ്രധാനമായും സ്ഥലം ഏറ്റടുക്കേണ്ടി വരികയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മെട്രോ റെയിൽ ഗതാഗത സംവിധാനത്തിന് സാമൂഹിക പ്രസക്തിയുണ്ടെന്നും നമുക്ക് മാറിനിൽക്കാനാവില്ലെന്നും കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് പറഞ്ഞു. ഇതോടനുബന്ധിച്ച് സർക്കുലർ ബസ് സർവീസുകൾ,  നിലവിലെ സിറ്റി ബസ് സർവീസുകളുടെ പുനർവിന്യാസം, നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ  പാർക്കിങ് ഇടങ്ങൾ ഒരുക്കൽ എന്നിങ്ങനെ സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതി വരുമ്പോൾ കുടിയൊഴിപ്പിക്കേണ്ടി വരുന്നവരുടെ പുനരധിവാസം കുറ്റമറ്റ രീതിയിൽ നടപ്പാക്കേണ്ടതുണ്ടെന്നും മേയർ പറഞ്ഞു.

കോഴിക്കോടിന്റെ ഭാവി മുന്നിൽക്കണ്ട്  നടപ്പാക്കുന്ന പദ്ധതി ഘട്ടങ്ങളായി നടപ്പാക്കുന്നതാണ് നല്ലതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. കരട് മൊബിലിറ്റി പ്ലാനിന്റെ അടിസ്ഥാനത്തിൽ മെട്രോയുടെ ആദ്യഘട്ടം ആരംഭിക്കാനാവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടത്. ആദ്യഘട്ടം പൂർത്തീകരിച്ച ശേഷം അടുത്തഘട്ടം ആരംഭിക്കണമെന്നും സംയോജിത ഗതാഗത സംവിധാനം ഇതിന്റെ കൂടി ഭാഗമാണെന്നും മന്ത്രി പറഞ്ഞു. 

അനുദിനം വളരുന്ന കോഴിക്കോടിന്റെ ഗതാഗത കുരുക്കിന് പരിഹാരമായി മെട്രോ റെയിൽ ആവശ്യമാണെന്നാണ് ചർച്ചയിൽ ഉരുത്തിരിഞ്ഞ പൊതു അഭിപ്രായം. വർധിച്ചുവരുന്ന  തിരക്ക്, അതിവേഗ നഗരവത്കരണം, വാഹനങ്ങളുടെ പെരുപ്പം എന്നിവ കണക്കിലെടുത്ത്  നഗരത്തിന് മെട്രോ ഗതാഗത സംവിധാനം ഒഴിവാക്കാനാവാത്തതാണ്. എന്നാൽ പരമ്പരാഗത മെട്രോ വേണോ അതോ ലൈറ്റ് മെട്രോ മതിയോ എന്ന കാര്യം ട്രാഫിക് സർവേ നടത്തി കൂടുതൽ വിവരങ്ങൾ പരിശോധിച്ച ശേഷമേ തീരുമാനിക്കാൻ കഴിയൂ. വിവിധ ഘട്ടങ്ങളായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിൽ പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്, ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ, കോർപ്പറേഷൻ കൗൺസിലർമാർ, വിവിധ മേഖലയിലെ പ്രമുഖർ തുടങ്ങിയവരും പങ്കെടുത്തു. 

Content Highlights: There will be two corridors in the initial phase of Kozhikode metro rail project.