മാനാഞ്ചിറയിലെ 'തലമുതിർന്ന' കെട്ടിടം ഇനി ഓർമ്മ; ഗവ. മോഡൽ സ്‌കൂൾ കെട്ടിടം പൊളിച്ചുതുടങ്ങി

കോഴിക്കോട്: 'ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ, സ്ഥാപിതം 1920' എന്ന പാതിമാഞ്ഞ ബോർഡും ചുമരിലെ എഴുത്തും ഇനി ഓർമ്മ. ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടമാണ് കഴിഞ്ഞദിവസം പൊളിച്ചുതുടങ്ങിയത്. വർഷങ്ങളായുള്ള സ്‌കൂൾ അധികൃതരുടെ ആശങ്കയ്ക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. നഗരമധ്യത്തിലുള്ള കെട്ടിടം വർഷങ്ങളായി അപകടാവസ്ഥയിലായിരുന്നു. കെട്ടിടം പൊളിച്ചുമാറ്റണമെന്ന് അന്നുമുതൽ സ്‌കൂൾ അധികൃതർ ആവശ്യപ്പെടുകയാണ്. പൊളിഞ്ഞുവീഴാറായ കെട്ടിടത്തിനു സമീപമുള്ള കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ, തകർന്നുവീണാൽ വലിയ അപകടമുണ്ടാകുന്ന സാഹചര്യമായതിനാലായിരുന്നു കെട്ടിടം പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടത്. കുട്ടികൾ അറിയാതെ ഈ ഭാഗത്തേക്കു പോയാൽ പൊട്ടിനിൽക്കുന്ന ഓടുകളും മേൽക്കൂരയും വീണ് പരിക്കേൽക്കുമോയെന്ന ഭയവുമുണ്ടായിരുന്നു.
കെട്ടിടം അപകടാവസ്ഥയിലായതിനാൽ ടൗൺ പോലീസ് ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. മൂന്നുകൊല്ലമായി കെട്ടിടം അപകടാവസ്ഥയിലായിട്ട്. കോഴിക്കോട് കോർപ്പറേഷനാണ് കെട്ടിടത്തിന്റെ ചുമതല.
മൂന്നുമാസത്തിനകം പൂർണമായും കെട്ടിടം പൊളിച്ചുനീക്കുമെന്ന് കരാർ തൊഴിലാളികൾ പറഞ്ഞു. കോഴിക്കോട് സ്വദേശികളാണ് ഇതിനുള്ള ടെൻഡർ എടുത്തിരിക്കുന്നത്. ആദ്യകാലത്തെ കെട്ടിടമായതിനാൽ ഇരൂളും മരുതുമാണ് മേൽക്കൂരയ്ക്കായി ഉപയോഗിച്ചിരുന്നത്. മരങ്ങൾ ഉറപ്പിക്കുന്നതിനായി കരിങ്കല്ലുകളാണ് ഉപയോഗിച്ചത്. കെട്ടിടത്തിനോടു സമീപം 2006-ൽ നിർമിച്ച ശൗചാലയവും പൊളിക്കും.
കെട്ടിടം പൊളിക്കുന്നതിന് ഒക്ടോബർ അവസാനമാണ് കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവിറക്കിയത്. കെട്ടിടം പൊളിച്ച് റിപ്പോർട്ട് നൽകാനും സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കെട്ടിടം പൊളിക്കുന്നതിനായി ദുരന്തനിവാരണ നിയമപ്രകാരം കളക്ടർ നേരത്തേ ഉത്തരവിട്ടിരുന്നെങ്കിലും ഡിഡിഇയുടെ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു. തകർന്നുവീഴാറായ കെട്ടിടം പൊളിക്കാത്തതിനാൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.
Content Highlights: Kozhikode Govt Model HSS`s 100-year-old hazardous building, a long-standing concern for school authorities, has begun demolition. Ensure safety now.