'അനുസരണയുള്ള നായ്ക്കളെപ്പോലെ'; കോളേജ് അധ്യാപകരെക്കുറിച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ജോയന്റ് ഡയറക്ടര്‍

ചിത്രീകരണം: എന്‍.എന്‍. സജീവന്‍
ചിത്രീകരണം: എന്‍.എന്‍. സജീവന്‍

കോഴിക്കോട്: ഹയർസെക്കൻഡറി പരീക്ഷാമുന്നൊരുക്കവുമായി ബന്ധപ്പെട്ട യോഗത്തിൽ, ‘അനുസരണയുള്ള നായ്ക്കളെപ്പോലെ’ എന്ന് കോളേജ് അധ്യാപകരെക്കുറിച്ച് പരാമർശിച്ചത് വിവാദമാകുന്നു. ഹയർസെക്കൻഡറി പരീക്ഷാവിഭാഗം ജോയന്റ് ഡയറക്ടർ ഡോ. എസ്.എസ്. വിവേകാനന്ദനാണ് പരാമർശം നടത്തിയത്.

‘‘പരീക്ഷാജോലികൾ കോളേജ് അധ്യാപകരുടെ ഡ്യൂട്ടിയുടെ ഭാഗമാക്കിയശേഷം അവർ അനുസരണയുള്ള നായ്ക്കളെപ്പോലെയാണ്’’ എന്നായിരുന്നു പരാമർശം. ജില്ലയിലെ പരീക്ഷാച്ചുമതലയുള്ള ചീഫ് സൂപ്രണ്ടുമാരുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിലായിരുന്നു ഇത്. നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു യോഗം.

ഹയർസെക്കൻഡറി പരീക്ഷാനടത്തിപ്പിൽ കോഴിക്കോട്, മലപ്പുറം ജില്ലകളെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും ആക്ഷേപമുണ്ട്. വ്യാപകമായ ക്രമക്കേടാണ് ഈ ജില്ലകളിൽ നടക്കുന്നതെന്നാണ് പറഞ്ഞത്. ഏതെങ്കിലും ഡേറ്റയുടെ അടിസ്ഥാനത്തിലായിരുന്നില്ല ഈ പരാമർശം.

അനുചിതപരാമർശങ്ങൾക്കെതിരേ അധ്യാപകസംഘടനകൾ രംഗത്തെത്തി. അപലപനീയമായ പരാമർശം പിൻവലിച്ച് അധ്യാപകസമൂഹത്തോട് മാപ്പുപറയണമെന്ന് കേരള ഹയർസെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. ഉപയോഗിക്കുന്ന ഭാഷ മാന്യമാവണമെന്ന് ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അതേസമയം പരാമർശവുമായി ബന്ധപ്പെട്ട പ്രതികരണത്തിന് ജോയന്റ് ഡയറക്ടറുമായി ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല.

Content Highlights: kozhikode higher secondary exam joint director controversial statement against college teachers