200 വർഷം പഴക്കമുള്ള കോഴിക്കോട് കോടതിക്ക് മേൽക്കൂരയായി ടാർപ്പായ; ചോർന്നൊലിച്ച് ചുമരുകൾ

കോഴിക്കോട്: 200 വർഷംമുൻപ് സായിപ്പുമാർ നൃത്തമാടിയ ഡാൻസ് ഹാളാണ്, ഇന്ന് ജനങ്ങൾ നീതി തേടിയെത്തുന്ന കോഴിക്കോട് ജില്ലാ കോടതി. എന്നാൽ, കോടതിയിലേക്കെത്തുന്നവരെ സ്വീകരിക്കുന്നത് മേൽക്കൂരയിൽ ടാർപ്പായ വലിച്ചുകെട്ടിയ കയറുകളും ചോർന്നൊലിക്കുന്ന ചുമരുകളും വെള്ളംകെട്ടിനിൽക്കുന്ന ബെഞ്ചുകളുമാണ്. ബ്രിട്ടീഷ് കാലത്ത് പണിത കോഴിക്കോട് ജില്ലാ കോടതിയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്-അഞ്ച്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി (സി.ജെ.എം.), കേസ് റെക്കോഡ് ഫയലുകൾ സൂക്ഷിക്കുന്ന കെട്ടിടം എന്നിവയാണ് ഒരുവർഷത്തിലധികമായി ടാർപ്പായ വലിച്ചുകെട്ടി പ്രവർത്തിക്കുന്നത്. പൈതൃക മന്ദിരങ്ങളായതിനാൽ പുരാവസ്തുവകുപ്പിന്റെ അനുമതിയില്ലാതെ പൊളിക്കാനോ അറ്റകുറ്റപ്പണിക്കോ പറ്റില്ല. ചുമരുകൾക്ക് ബലക്ഷയമില്ലെങ്കിലും ഓടുംപട്ടികയും പൂർണമായി മാറ്റേണ്ട സ്ഥിതിയാണ്.
മഴപെയ്താൽ ബെഞ്ചുകളിൽ വെള്ളം കെട്ടിനിൽക്കും. കോടതിയിലെത്തുന്നവർ വെള്ളംകെട്ടിനിൽക്കുന്ന ബെഞ്ചിൽ ഇരിക്കേണ്ട ഗതികേട്. അഭിഭാഷകരും തുടർന്ന് കോർട്ട് മാനേജരും പലകുറി റിപ്പോർട്ട് ചെയ്തിട്ടും പാതിവഴിയിലാണ് നടപടികൾ. എല്ലാതരം ക്രിമിനൽക്കേസുകളുടെയും വാദങ്ങൾ ഇവിടെയാണു നടക്കുന്നത്. കെട്ടിടത്തിന്റെ താഴെ കോടതി പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നു. ഒരു കെട്ടിടത്തിന്റെ ഓടുമാത്രം മാറ്റിയിടാൻ കുറഞ്ഞത് ഒരു മാസമെടുക്കും.
1984-ൽ പണികഴിപ്പിച്ച ജില്ലാ കോടതി, പ്രിൻസിപ്പൽ ജില്ലാകോടതി, അഡീഷണൽ ജില്ലാ കോടതികൾ, സബ് കോടതികൾ, മുൻസിഫ് കോടതി കെട്ടിടങ്ങളും പൊളിച്ച് പുതിയതു പണിയാനുള്ള കേസുകൾ ഹൈക്കോടതിയിൽ നടക്കുകയാണ്. അതിനിടയിലാണ് മഴ കനത്തതിനാൽ കെട്ടിടം ചോർന്നൊലിക്കുന്ന പ്രതിസന്ധിയും ഉയർന്നത്.
ഭീഷണിയിൽ റെക്കോഡുകൾ
സിവിൽ, ക്രിമിനൽ കേസുകളിലെ തീർപ്പാക്കിയ ഫയലുകളെല്ലാം സൂക്ഷിക്കുന്നത് ചോർന്നൊലിക്കുന്ന കെട്ടിടത്തിലാണ്. മൂന്നാം കോടതി പ്രവർത്തിച്ചിരുന്ന മുറിയാണ് ഇപ്പോൾ റെക്കോഡ് റൂം. നൂറ്റാണ്ടുകൾ പഴക്കമുള്ള കേസ് ഫയലുകളാണ് ഇങ്ങനെ പ്രതിസന്ധിയിൽ തുടരുന്നത്. പക്ഷേ, മഴ ശക്തമായാൽ കോടതി നടപടികൾ മാറ്റിവെക്കാനോ റെക്കോഡ് ഫയലുകൾ മറ്റൊരിടത്തേക്ക് മാറ്റിസൂക്ഷിക്കാനോ ബദൽ സംവിധാനമില്ല.
ടെൻഡർ പാതിവഴിയിൽ, രണ്ട് കോടി എവിടെ
കെട്ടിടങ്ങളുടെ പുനർനിർമാണത്തിന് ഹൈക്കോടതി മുഖേനയാണ് ഫണ്ട് ഉത്തരവാകുക. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും എന്ന രീതിയിൽ വരുന്ന ഫണ്ടാണ് നവീകരണത്തിന് ഉപയോഗിക്കുന്നത്. സെന്ററലി സ്പോൺസേഡ് സ്കീം (സി.എസ്.എസ്.) വഴിയാണ് ഈ തുക വകയിരുത്തുന്നത്. കോടതിയുടെ പുനർനിർമാണത്തിന് ഹൈക്കോടതി മുഖേന ഫണ്ട് പാസാക്കി പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി.) രണ്ട് കോടിയുടെ ടെൻഡർ വിളിച്ചെങ്കിലും പണി തുടങ്ങിയില്ല. എരഞ്ഞിപ്പാലത്തെ മാറാട് കോടതിയും ജില്ലാകോടതിക്ക് സമീപത്തേക്കു മാറ്റാൻ ഉത്തരവുണ്ട്. എന്നാൽ പണി തുടങ്ങണമെങ്കിൽ ഓഫീസ് പ്രവർത്തനങ്ങൾ മറ്റൊരു കെട്ടിടത്തിലേക്കു മാറ്റണം. ദീർഘനാൾ കോടതി നിർത്തിവെക്കാതെ നവീകരണം സാധ്യമല്ല. കോടതി മാറ്റി താത്കാലികമായി മറ്റെവിടെ സ്ഥാപിക്കുമെന്ന ചിന്തയിലാണ് പി.ഡബ്ല്യു.ഡി.
Content Highlights: Historic 200-year-old court building suffers from severe roof leaks and structural decay., Essential court records are at risk due to water damage in the record room., Renovation is delayed by heritage site regulations and pending PWD tender execution., Two-crore fund remains unutilized due to lack of alternative space for court operations., High Court is currently reviewing plans for a complete reconstruction of the court complex.