ദേശീയഗാനവും വന്ദേമാതരവും ഒരേസമയം; കോഴിക്കോട് കോർപ്പറേഷനിലെ വിവാദത്തിൽ നവ്യ ഹരിദാസിന്റെ മൊഴിയെടുത്തു

കോഴിക്കോട്: കോർപ്പറേഷനിലെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കിടെ ദേശീയഗാനവും ദേശീയ ഗീതവും ഒരേസമയം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ബിജെപി കൗൺസിലർ നവ്യ ഹരിദാസിന്റെ മൊഴി ടൗൺ പോലീസ് രേഖപ്പെടുത്തി.
ദേശീയ പതാക ഉയർത്തിയതിനും മേയറുടെ പ്രസംഗത്തിനും പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. മേയർ ദേശീയഗാനം ആരംഭിച്ച അതേ സമയം തന്നെ ബിജെപി കൗൺസിലർമാർ വന്ദേമാതരം ആലപിക്കുകയായിരുന്നു. വിഷയത്തിൽ രണ്ട് വിഭാഗങ്ങളിൽ നിന്നായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ബിജെപി കൗൺസിലർമാർ ദേശീയഗാനത്തെ അപമാനിച്ചു എന്ന് ആരോപിച്ച് യുഡിഎഫ്, കോൺഗ്രസ്, ഡിവൈഎഫ്ഐ നേതൃത്വങ്ങൾ രംഗത്തെത്തി.
അതേസമയം, മേയറുടെയും ഡെപ്യൂട്ടി മേയറുടെയും നേതൃത്വത്തിൽ ദേശീയഗാനത്തെയും ദേശീയ ഗീതത്തെയും അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടന്നതെന്നാണ് ബിജെപിയുടെ പരാതിയിൽ പറയുന്നത്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ പോലീസ് തീരുമാനമെടുക്കും. സംഭവത്തിന്റെ ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
Content Highlights: Police record BJP councilor Navya Haridas's statement over the Kozhikode Corporation national anthem and Vande Mataram controversy.