ലഹരികേന്ദ്രങ്ങളായി കോഴിക്കോട് ബീച്ചും ബീച്ചാശുപത്രിയും

കോഴിക്കോട്: കോന്നാട് ബീച്ച്, ലയണ്‍സ് പാര്‍ക്ക് പരിസരം, ബീച്ച് ആശുപത്രി പരിസരം എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ലഹരി കേന്ദ്രങ്ങളാവുന്നു. രാത്രിയിലാണ് ലഹരി സംഘങ്ങള്‍ ബീച്ച് കേന്ദ്രീകരിക്കുന്നത്. ലയണ്‍സ് പാര്‍ക്കിനും വെള്ളയില്‍ ഹാര്‍ബറിന്റെ പുലിമുട്ടിനുമിടയിലുള്ള ഭാഗത്ത് വെളിച്ചമില്ലാത്തതിനാല്‍ രാത്രിയില്‍ ഒറ്റപ്പെട്ട അവസ്ഥയാണ്. അതുകൊണ്ട് ആളുകള്‍ പൊതുവേ ഈ ഭാഗത്തേക്ക് വരില്ല. പുലര്‍ച്ചെവരെ ഇത്തരം സംഘങ്ങള്‍ ഇവിടെ താവളമടിക്കും.
ഇതേ അവസ്ഥയാണ് കോന്നാട് ബീച്ചിലും. വിളക്കുകാലുകള്‍ ഉണ്ടെങ്കിലും വെളിച്ചമില്ലാത്തതിനാല്‍ ഇവിടെ നേരംപുലരുവോളം ഇത്തരം സംഘങ്ങള്‍ കേന്ദ്രീകരിക്കുന്നുവെന്ന് നാട്ടുകാരനായ ഷൈബു പറയുന്നു. ചോദ്യം ചെയ്യുന്ന ആളുകളോട് തട്ടിക്കയറും. നാട്ടുകാര്‍ പോലീസില്‍ പലതവണ പരാതി നല്‍കി. പോലീസിനും ഒന്നുംചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നുവര്‍ഷത്തോളമായി ഇതാണ് അവസ്ഥ. കോന്നാട് ബീച്ച് നഗരത്തിലെ പ്രധാന ലഹരി സ്‌പോട്ടായി മാറി. തെരുവ് വിളക്കെങ്കിലും സ്ഥാപിച്ചാല്‍ ഇത്തരം ആളുകള്‍ എത്തുന്നതിന് ഒരു നിയന്ത്രണമുണ്ടാവുമെന്ന് നാട്ടുകാര്‍ പറയുന്നു.
ബീച്ച് ആശുപത്രി പരിസരവും ലഹരി ഇടപാടിന്റെയും മയക്കുമരുന്ന് ഉപയോഗത്തിന്റെയും കേന്ദ്രമായി മാറിയിട്ട് ഏറെക്കാലമായി. ബീച്ച് ആശുപത്രിയില്‍ ഇ.എന്‍.ടി. വിഭാഗത്തിന്റെ പിറകില്‍ നിറയെ മയക്കുമരുന്ന് സംഘം ഉപയോഗിച്ച് വലിച്ചെറിഞ്ഞ സിറിഞ്ചുകളാണ്. കെട്ടിടത്തിന്റെ ചുമരില്‍ പലയിടത്തായി ചോരപ്പാടുകളുമുണ്ട്. പകല്‍ സമയങ്ങളിലാണ് ഇവിടെ ലഹരി ഉപയോഗിക്കുന്നത്. മയക്കുമരുന്ന് കുത്തിവെച്ച് അവിടെത്തന്നെ സിറിഞ്ച് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.
ഒ.എസ്.ടി. ലഹരിവിമുക്ത കേന്ദ്രത്തില്‍ ചികിത്സതേടാനെന്ന രീതിയില്‍ എത്തുന്നവരാണ് ഇടപാടുകാരായി മാറുന്നത്. കഞ്ചാവും മറ്റ് മയക്കുമരുന്നുകളുമെല്ലാം ഇവിടെവെച്ച് കൈമാറുന്നുണ്ട്. മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനും സൗകര്യം ചെയ്തുകൊടുക്കുന്നു. സുരക്ഷിത സ്ഥലമായതിനാല്‍ ആവശ്യക്കാരോട് ഇവിടെയെത്താനാണ് സംഘം പറയുന്നത്. രാവിലെയാണ് കൂടുതലും ആളുകള്‍ എത്തുന്നത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും ഇവര്‍ ബുദ്ധിമുട്ടായി മാറുന്നുണ്ട്. ഇവര്‍ തമ്മില്‍ അടിപിടികളുണ്ടാവാറുണ്ട്. ആശുപത്രി കോമ്പൗണ്ടിനുള്ളിലായിട്ടും ഒരു നിയന്ത്രണവും ഇവിടെയില്ല. ഒ.എസ്.ടി. ലഹരിവിമുക്ത കേന്ദ്രം ഇവിടെനിന്ന് മാറ്റണമെന്നാണ് ആവശ്യം.
Content Highlights: Kozhikode`s Konnat beach, Lions Park, and Beach Hospital areas are plagued by drug abuse.