ഇരുട്ടിലമർന്ന് തീരം, കോടികൾ മുടക്കിയിട്ടും വെളിച്ചമില്ല; കോഴിക്കോട് ബീച്ചിൽ രാത്രിയിൽ എന്താണ് നടക്കുന്നത്?

#ന്യൂസ് ഡെസ്ക്
കോഴിക്കോട് ബീച്ച്
കോഴിക്കോട് ബീച്ച്

കോഴിക്കോട്: പ്രധാന ബീച്ച്. ഭാഗ്യത്തിന് നടപ്പാതയിലെ വിളക്കുകൾമാത്രം കത്തുന്നുണ്ട്. ബാക്കി എവിടെയൊക്കെ വെളിച്ചമില്ലെന്ന് എടുത്തുപറയാനൊന്നുമില്ല. ഉത്തരം ലളിതം -എവിടെയും വെളിച്ചമില്ല. എങ്കിലും പറയാം, നടപ്പാതയിലെ വിളക്കുകൾ കത്തുന്നതൊഴിച്ചാൽ ബാക്കി ഫുഡ് സ്ട്രീറ്റിലെയും കാർണിവലുകളിൽനിന്നുമുള്ള വെളിച്ചവും മാത്രമാണ് ബീച്ചിലെത്തുന്നവർക്ക് ആശ്രയം. നടപ്പാതയ്ക്കുതാഴെ തീരത്ത് എന്തുനടക്കുന്നുവെന്നുപോലും അറിയില്ല. ഫ്രീഡം സ്‌ക്വയറിൽ ഓപ്പൺ സ്റ്റേജിന് അകത്തുമാത്രം വെളിച്ചമുണ്ട്. അത് ബീച്ചിലേക്കെത്തില്ല. ഓപ്പൺ സ്റ്റേജിനുപുറകിൽ ധാരാളം ആളുകൾ വന്നിരിക്കുന്ന ഇരിപ്പിടങ്ങളുള്ള ഇടത്തും കുറ്റാക്കൂറ്റിരുട്ടാണ്. റോഡിനോടുചേർന്ന് ബീച്ചിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെയുള്ള പരസ്യബോർഡുകളുള്ള വിളക്കുകാലുകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് കത്തുന്നത്.

പേടിപ്പിക്കുന്ന ലയൺസ് പാർക്ക്

കോഴിക്കോട് ബീച്ചിലെ ഏറ്റവും നിഗൂഡമായ ഇടം ലയൺസ് പാർക്കും പരിസരപ്രദേശവുമാണ്. ഇരുട്ടിൽ അവിടെ ആർക്കുമെന്തുമാകാം. നഗരവത്കരണത്തിന്റെ ഭാഗമായി കോടികൾ മുടക്കി നിർമിച്ച പാർക്കാണ് ശവപ്പറമ്പുപോലെ പേടിപ്പെടുത്തുന്നത്. നിലവിൽ ഇവിടെ വാഹനങ്ങൾ പാർക്കുചെയ്യുകയാണ്. പാർക്കിനകത്ത് വെളിച്ചമേയില്ല, പുറകിൽ വിളക്കുകാലുകളുണ്ടെങ്കിലും അതിൽ വിളക്കില്ല.

വെളിച്ചംതരുന്നത് 'അനധികൃതർ'

ഫുഡ്സ്ട്രീറ്റ് ഒരുക്കുന്നതിന്റെ ഭാഗമായി ബീച്ചിലെ ഉന്തുവണ്ടിക്കച്ചവടക്കാരെ ഒന്നാകെ ഒഴിപ്പിച്ചിരുന്നു. എന്നാൽ, അതിൽ ചിലർ തീരത്തോടുചേർന്ന് കച്ചവടം നടത്തുന്നുണ്ട്. ഈ കടകളിൽനിന്നുള്ള വെളിച്ചംമാത്രമാണ് ഇപ്പോൾ തീരത്തോട് ചേർന്നുള്ളത്.

ബീച്ചിൽ മൊത്തത്തിൽ വെളിച്ചം കുറവാണ്. ചില ഏരിയയിൽമാത്രം വെളിച്ചമുണ്ടാകും. ലയൺസ് പാർക്ക് ഭാഗത്താണ് കുടുംബത്തോടെയെത്തിയത്. അവിടെ വെളിച്ചം കുറവായതിനാൽ പ്രധാന ബീച്ചിന്റെ ഭാഗത്തേക്ക് വരേണ്ടിവന്നു.

- അബ്ദുൾ ഖാദർ, ഈങ്ങാപ്പുഴ

വെളിച്ചംവന്നാൽത്തന്നെ ബീച്ചിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. വിളക്കുകൾ സ്ഥാപിക്കാൻ കോർപ്പറേഷന് പദ്ധതികളൊന്നുമില്ല. ടൂറിസം വകുപ്പാണ് ഇവിടെ എന്തെങ്കിലും ചെയ്യേണ്ടത്.

-സഫറി വെള്ളയിൽ, കൗൺസിലർ

Content Highlights: Most streetlights along Kozhikode Beach and Freedom Square are non-functional., Lions Park and surrounding areas are left in pitch darkness, raising safety concerns.