കോഴിക്കോട് രൂപതയ്ക്ക് ഈസ്റ്റർ സമ്മാനം; വിസ്മയങ്ങളുടെ ദൈവം നൽകിയ അനുഗ്രഹമെന്ന് ആർച്ച് ബിഷപ്പ്

ബിഷപ്പ്‌ ഹൗസിൽ നടന്ന അനുമോദന യോഗം
ബിഷപ്പ്‌ ഹൗസിൽ നടന്ന അനുമോദന യോഗം

ജൂബിലിവർഷം ആഘോഷിക്കുന്നവേളയിൽ ഓശാനത്തലേന്നുണ്ടായ അതിരൂപതാ പ്രഖ്യാപനം കോഴിക്കോട് രൂപതയ്ക്ക് ഈസ്റ്റർസമ്മാനമായി. പ്രവർത്തനത്തിന്റെ 102 വർഷം പൂർത്തിയാക്കിയ കോഴിക്കോട് രൂപത മലബാറിന്റെ മാതൃരൂപതയാണ്. വിസ്മയങ്ങളൊരുക്കുന്ന ദൈവം നൽകിയ സമ്മാനമായാണ് പുതിയസ്ഥാനലബ്ധിയെ കാണുന്നത്. ദൈവം നൽകിയ സമ്മാനമാണിത്. അനേകരുടെ പ്രാർഥനയും സ്നേഹവും എനിക്കുകിട്ടുന്നു. ജാതി-മത-വർണ-വർഗ-ലിംഗ ഭേദമെന്യേ ആരെയും മാറ്റിനിർത്താതെയുള്ള പ്രവർത്തനമായിരിക്കും അതിരൂപതാധ്യക്ഷനെന്നനിലയിൽ സ്വീകരിക്കുക. ആർച്ച് ബിഷപ്പ് പറഞ്ഞു.

പ്രഖ്യാപനത്തിനുശേഷം ബിഷപ്പ്‌ ഹൗസിൽ നടന്ന അനുമോദനയോഗത്തിൽ കണ്ണൂർ രൂപതാ ബിഷപ്പ് അലക്സ് വടക്കുംതല, താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കോട്ടപ്പുറം രൂപതാ ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ, വരാപ്പുഴ രൂപതാ സഹായമെത്രാൻ ആന്റണി വാലുങ്കൽ, കണ്ണൂർ രൂപതാ സഹായമെത്രാൻ ഡെന്നിസ് കുറുപ്പശ്ശേരി, സുൽത്താൻപേട്ട് രൂപതാ ബിഷപ്പ് പീറ്റർ അബീർ, മോൺസിഞ്ഞോർ വിൻസെന്റ് അറയ്ക്കൽ, മോൺസിഞ്ഞോർ ജെൻസൻ പുത്തൻവീട്ടിൽ, ഫാ. പോൾ പെഴ്‌സി, സിസ്റ്റർ ജൂഡി വർഗീസ്, ടി.എം. ജോയി എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എഐസിസി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, ‘മാതൃഭൂമി’ ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, എം.കെ. രാഘവൻ എംപി തുടങ്ങിയവർ ആർച്ച് ബിഷപ്പിനെ സന്ദർശിച്ച് ആശംസനേർന്നു. 

1999 ഫെബ്രുവരി ഏഴിന് കണ്ണൂർ രൂപതാ ബിഷപ്പായി അഭിഷിക്തനായ ഡോ. ചക്കാലയ്ക്കൽ 2012 മേയ് 15-നാണ് കോഴിക്കോട് രൂപതാധ്യക്ഷനായത്. ബിഷപ്പുമാരായ പോൾ പെരീനി, ലിയോ പ്രോസ്‌പെരിയോ, ആൽദോ മരിയ പത്രോണി, മാക്സ്‌വെൽ വി. നൊറോണ, ജോസഫ് കളത്തിപ്പറമ്പിൽ എന്നിവർക്കുശേഷമാണ് അദ്ദേഹം കോഴിക്കോടിന്റെ അജപാലകനായത്.

അഭിമാനനിമിഷം

മെത്രാഭിഷേക സിൽവർ ജൂബിലി ആഘോഷത്തിളക്കത്തിനൊപ്പം ഡോ. വർഗീസ് ചക്കാലക്കലിന്റെ ആർച്ച് ബിഷപ്പ് പദവി നാടിനും കുടുംബത്തിനും അഭിമാനനിമിഷം. എളിമയുള്ള ഇടയൻ നാടും കുടുംബവുമായി എന്നും പ്രിയപ്പെട്ടവനാണ്. യാത്രക്കിടയിലും ആഘോഷങ്ങളിലും തറവാട്ടുവീട്ടിലെത്തുന്ന വർഗീസ് ചക്കാലയ്ക്കൽ നാട്ടുകാരും കുടുംബസുഹൃത്തുക്കളുമായി സൗഹൃദം പങ്കിടാറുണ്ട്. അതുകൊണ്ടുതന്നെ ഒാരോ പദവിയും ഇവർക്ക് സന്തോഷവും അഭിമാനവും പകരുന്ന നിമിഷങ്ങളാണ്. മാളപള്ളിപ്പുറം ചക്കാലയ്ക്കൽ പരേതരായ ഔസേപ്പിന്റെയും മറിയംകുട്ടിയുടെയും ആറുമക്കളിൽ മൂന്നാമത്തെ മകനാണ് വർഗീസ് ചക്കാലയ്ക്കൽ. സഹോദരങ്ങളായ ആലീസ്, തോമസ്, കൊച്ചുത്രേസ്യ, ജോസഫ്, മേരി എന്നിവരുമായി നല്ല സൗഹൃദവും കുടുംബബന്ധവും നിലനിർത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. ഫെബ്രുവരിയിൽ മാളപള്ളിപ്പുറം സെയ്ന്റ്‌ ആന്റണീസ് പള്ളിയിലെ തിരുനാളിന് എത്തിയപ്പോൾ ഒരു ദിവസം വീട്ടിലുണ്ടായിരുന്നതായി സഹോദരൻ ജോസഫ് പറഞ്ഞു. മെത്രാഭിഷേകത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന് നാട്ടിൽ മാള പൗരാവലിയും ഇടവക പള്ളിയും സ്വീകരണം നൽകിയിരുന്നു. സ്കൂൾപഠനം മാളപള്ളിപ്പുറം സെയ്ന്റ്‌ ആന്റണീസ് സ്കൂൾ, മാള സെയ്ന്റ്‌ ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു.

ആശംസയറിയിച്ച് മാതൃഭൂമിയും

ആർച്ച് ബിഷപ്പായി പ്രഖ്യാപിക്കപ്പെട്ട ഡോ. വർഗീസ് ചക്കാലക്കലിന് ആശംസയുമായി മാതൃഭൂമിയും. മാതൃഭൂമി ചെയർമാനും മാനേജിങ്‌ എഡിറ്ററുമായ പി.വി. ചന്ദ്രൻ ബിഷപ്പ്‌സ് ഹൗസിലെത്തി ആർച്ച് ബിഷപ്പിന് ആശംസ നേരുകയും അദ്ദേഹത്തെ പൊന്നാടയണിയിക്കുകയും ചെയ്തു. മാതൃഭൂമിയും അതിന്റെ സാരഥികളുമായി എക്കാലവും ഊഷ്മളമായ ബന്ധമാണ് കോഴിക്കോട് രൂപതയ്ക്കുള്ളതെന്ന് ആർച്ച്‌ ബിഷപ്പ് പറഞ്ഞു. മാതൃഭൂമി ജനറൽ മാനേജർ- പബ്ലിക് റിലേഷൻസ് കെ.ആർ. പ്രമോദും പി.വി. ചന്ദ്രനോടൊപ്പമുണ്ടായിരുന്നു.

Content Highlights: Kozhikode Diocese celebrates its 102nd anniversary with elevation to Archdiocese.