ആറുവരിപ്പാതയിലൂടെ തെറ്റായ ദിശയിൽ ഓട്ടോ ഓടിച്ചു; ഡ്രൈവറുടെ പേരിൽ കേസ്

കൊയിലാണ്ടി: ആറുവരി ദേശീയപാതയിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി വാഹനങ്ങളുടെ മരണപ്പാച്ചിൽ തുടരുന്നു. ഗതാഗതനിയമങ്ങൾ പാലിക്കാതെ, മനുഷ്യജീവന് വിലകല്പിക്കാത്തതരത്തിലാണ് വാഹനങ്ങളുടെ ഓട്ടം. കഴിഞ്ഞദിവസം തിക്കോടിക്കും നന്തിക്കും ഇടയിൽ ദേശീയപാതയിലെ വേഗപ്പാതയിലൂടെ തെറ്റായ ദിശയിൽ കിലോമീറ്ററുകളോളം ഓട്ടോറിക്ഷ ഓടി. എതിരേ വന്ന ആംബുലൻസിലെ സി.സി.ടി.വി.യിൽ അപകടകരമായ രീതിയിലുള്ള ഈ യാത്രയുടെ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് കുറ്റകൃത്യം നിയമപാലകരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ അപകടകരമായ രീതിയിൽ ഓട്ടോ ഓടിച്ച നന്തി കടലൂർ സ്വദേശിയായ ഓട്ടോഡ്രൈവർ അച്യുതന്റെ പേരിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു. പോലീസ് റിപ്പോർട്ട് കിട്ടിയാൽ ഇദ്ദേഹത്തിനെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി ജോ. ആർ.ടി.ഒ. അറിയിച്ചു.

കോഴിക്കോട് മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

ഒരിക്കലും ഓട്ടോറിക്ഷകൾ സഞ്ചരിക്കാൻപാടില്ലാത്ത സ്പീഡ് ട്രാക്കിലൂടെ അതും എതിർദിശയിൽ വാഹനമോടിച്ച ഓട്ടോ ഡ്രൈവറെ വാഹനത്തിന്റെ നമ്പർ പരിശോധിച്ചാണ് പോലീസ് കണ്ടെത്തിയത്. തിക്കോടിക്കും നന്തിക്കും ഇടയിൽ ഗതാഗതം പൂർണതോതിൽ തുറന്നുകൊടുക്കാത്തതിനാലാണ് വലിയ അപകടം ഒഴിഞ്ഞുപോയത്. ഈ ഭാഗത്ത് റോഡുപണി തീരാത്തതിനാലാണ് ഗതാഗതം പൂർണതോതിൽ ആകാത്തത്.

സ്പീഡ് ട്രാക്കിലൂടെ എതിർദിശയിൽ വന്നത് സർവീസ് റോഡിലേക്ക് ഇറങ്ങാൻ വേണ്ടിയിട്ടാണെന്ന മറുപടിയാണ് ഓട്ടോഡ്രൈവർ നൽകിയത്. അപകടകരമായ രീതിയിൽ സ്പീഡ് ട്രാക്കിലൂടെ ഓട്ടോ കടന്നുവന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെയും വാർത്താമാധ്യമങ്ങളിലൂടെയും പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊയിലാണ്ടി പോലീസ് വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് ഡ്രൈവറുടെ പേരിൽ കേസെടുത്തത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 31-ന് ചേമഞ്ചേരി ഭാഗത്ത് ദേശീയ പാതയിൽ അഞ്ചുകിലോമീറ്ററോളം തെറ്റായ ദിശയിൽ സ്വകാര്യ ബസ്സോടിച്ച സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചിരുന്നു. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും മൂന്നുദിവസത്തെ നിർബന്ധിതപരിശീലനത്തിന് എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിലേക്ക് അയക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ഇരുവരോടും 7500 രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടിരുന്നു.

Content Highlights: An auto-rickshaw was driven on the wrong side of the National Highway speed track between Thikodi and Nandi., The incident was captured on an ambulance CCTV, leading to police action., Koyilandy police registered a case against the driver, Achuthan from Nandi Kadalur., Motor Vehicle Department is set to take further disciplinary action.