'കൊല്ലപ്പെട്ട വിദേശവനിതയെ തിരഞ്ഞ് സഹോദരി അലഞ്ഞത് 40 ദിവസം; ബിസിനസ് തകര്‍ന്നിട്ടും കാര്യമാക്കിയില്ല'

കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയെങ്കിലും കൊല്ലപ്പെട്ട വനിതയുടെ സഹോദരിയുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പറയുകയാണ് സുഹൃത്തായ സുനിത്ത്. 'ആ സമയത്ത് കന്യാകുമാരി മുതല്‍ മംഗലാപുരം വരെ സുഹൃത്തിന്റെ സഹോദരിയെ അന്വേഷിച്ച് യാത്ര ചെയ്തിരുന്നു. കേസും അതിന്റെ പ്രശ്നങ്ങളുമൊക്കെയായി ഉണ്ടായ ബാധ്യതകള്‍ മൂലം അയര്‍ലന്‍ഡിലെ അവരുടെ ചെറിയ ബിസിനസ് തകര്‍ന്നു'- സുനിത്ത് പറയുന്നു. അന്നത്തെ നിയമ പോരാട്ടവും ആളുകളുടെ സമീപനത്തെ കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട്‌കോമിനോട് സുനിത്ത് പങ്കുവെക്കുന്നു.
കൊല്ലപ്പെട്ട യുവതിയുടെ സഹോദരി നടത്തിയ അന്വേഷണത്തിലും പോരാട്ടത്തിലുമൊക്കെ സുനിത്ത് എങ്ങനെയാണ് ഭാഗമാകുന്നത്?
2018ല്‍ ഒരു മീഡിയയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സമയമായിരുന്നു സഹോദരിയെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണവുമായി യുവതി തിരുവനന്തപുരത്ത് ഉണ്ടായിരുന്നത്. അന്ന് അന്വേഷണത്തിന്റെ ഭാഗമായി ഒരു വാര്‍ത്ത കൊടുക്കുന്നതിന്റെ പേരിലാണ് അവരുമായി പരിചയപ്പെടുന്നത്. ആ സമയത്ത് അവര്‍ക്ക് ഈ നാടിനെ അത്ര പരിചയമുണ്ടായിരുന്നില്ല. അപരിചിതമായ ഭാഷ, ആളുകള്‍ അതുകൊണ്ടുതന്നെ സഹോദരിയെ കണ്ടുകിട്ടാനായി പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാനും മറ്റും വീണ്ടും സഹായമാവശ്യമായിരുന്നു. അതുകൊണ്ട് ചെറിയ സഹായം ചെയ്തുകൊടുക്കാമെന്നാണ് കരുതിയത്. പക്ഷെ അത് ദീര്‍ഘമായ ഒരു കാലത്തേക്ക് പോകുമെന്ന് കരുതിയിരുന്നില്ല.
അന്വേഷണത്തില്‍ ആളുകളുടെ സമീപനം എങ്ങനെ ആയിരുന്നു?
ശരിക്കും പറഞ്ഞാല്‍ അന്നത്തെ കാര്യങ്ങളൊന്നും ഞങ്ങള്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. അത്രയും കഷ്ടപ്പെട്ടിരുന്ന സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ പ്രതികളെ കുറ്റക്കാരെന്ന് കോടതി വിധിച്ച ദിവസം ആള്‍കൂട്ടത്തില്‍ തനിയെ എന്ന അവസ്ഥയിലായിരുന്നു. അവര്‍ എത്രത്തോളം ബുദ്ധിമുട്ടിയിരുന്നുവെന്ന് എനിക്കറിയാം.
2018ലെ ആ സമയത്ത് ഞങ്ങള്‍ ഒരുപാട് സ്ഥലത്ത് അന്വേഷിച്ച് നടന്നിരുന്നു. കന്യാകുമാരി മുതല്‍ മംഗലാപുരം വരെയുള്ള ബീച്ചുകളില്‍ ഞങ്ങള്‍ ഓരോ ദിവസവും യാത്ര ചെയ്ത് യുവതിയുടെ സഹോദരിക്കായി അന്വേഷിച്ചു നടന്നു. അവിടെയുള്ള സ്ഥലങ്ങളിലെല്ലാം പോസ്റ്ററുകള്‍ ഒട്ടിക്കും. വഴിയേ കാണുന്നവരോടൊക്കെ സഹോദരിയെപ്പറ്റി അന്വേഷിക്കും. മത്സ്യത്തൊഴിലാളികളുടെ അടുത്ത്, പള്ളികളില്‍, അമ്പലങ്ങളില്‍ അങ്ങനെ പലയിടങ്ങളിലായി തുടര്‍ച്ചയായി തിരഞ്ഞുകൊണ്ടേയിരുന്നു.
തീരപ്രദേശങ്ങളില്‍ എന്തൊക്കെയുണ്ടോ അവിടെയെല്ലാം കയറി സഹോദരി അവിടെ എത്തിയിട്ടുണ്ടോ, അവരെ കണ്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ അന്വേഷിച്ചു നടക്കുകയായിരുന്ന അവര്‍. മൃതദേഹം കണ്ടെത്തുന്നതുവരെ ഏതാണ്ട് 40 ദിവസത്തോളം ഞങ്ങള്‍ തിരച്ചിലായിരുന്നു. പോലീസ് അന്വേഷിക്കുന്നതിന് സമാന്തരമായി ഞങ്ങളും പറ്റാവുന്ന തരത്തില്‍ അന്വേഷണം നടത്തിക്കൊണ്ടേയിരുന്നു.
ഒരുപാട് ആളുകള്‍ ആ സമയത്ത് അവരെ സഹായിക്കാനായി വന്നിരുന്നു. എന്‍.ജി.ഒകളും സാമൂഹ്യപ്രവര്‍ത്തകരും രാഷ്ട്രീയക്കാരുമൊക്കെ ആ സമയത്ത് ഞങ്ങളെ സഹായിച്ചിട്ടുണ്ട്. അവര്‍ പക്ഷെ വളരെ ഇന്റലിജന്റായിട്ടുള്ള ആളാണ്. ഒരാളെ കണ്ടാല്‍ അവരുടെ സ്വഭാവം എന്താണെന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ മനസിലാകും. അങ്ങനെ സഹായത്തിനെന്ന് പറഞ്ഞ് വന്ന ആളുകളുടെ ലക്ഷ്യങ്ങളൊക്കെ മനസിലായി അവരെയൊക്കെ ഒഴിവാക്കിയിട്ടുമുണ്ട്.
കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പായി കഴിഞ്ഞു, ഇനിയെന്താണ്?
ഓണ്‍ലൈനായി കോടതി നടപടിയില്‍ ഇല്‍സ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച പ്രതികളുടെ ശിക്ഷ വിധിക്കും. നിലവില്‍ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്തിലൂടെയാണ് അവര്‍ കടന്നുപോകുന്നത്. അവരും സഹോദരിയും ചേര്‍ന്ന് അയല്‍ലന്‍ഡില്‍ ഒരു സംരംഭം തുടങ്ങിയിരുന്നു. 2018ല്‍ യുവതി കൊല്ലപ്പെട്ടതും അതേതുടര്‍ന്നുണ്ടായ പ്രശ്നങ്ങളും കാരണം ആ സംരംഭം തകര്‍ന്ന അവസ്ഥയിലായി. 2018ല്‍ മാസങ്ങളോളം സഹോദരി ഇവിടെ ആയിരുന്നു. നാട്ടിലെ ചെറിയ ബിസിനസ് തകരുമെന്ന ഘട്ടത്തിലായതുകൊണ്ട് തിരികെ പോയ അവര്‍ 2019 വരാന്‍ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല.
പിന്നെ 2020 ആയപ്പോഴേക്കും കോവിഡ് വ്യാപനത്തിന്റെ പ്രശ്നങ്ങളായി. 2021ലാണ് വീണ്ടും വരുന്നത്. കേസുമായി ബന്ധപ്പെട്ട് കോടതി നടപടികളൊക്കെ കൃത്യമായി പിന്തുടര്‍ന്നു. ഒരുവര്‍ഷത്തോളം ഇവിടെ ചെലവഴിക്കേണ്ടി വന്നു. അതോടെ നാട്ടിലെ ബിസിനസ് വീണ്ടും തകര്‍ച്ചയുടെ വക്കിലെത്തി.
ഇനി ഇങ്ങോട്ടെക്ക് വരുമോയെന്ന് തീരുമാനിച്ചിട്ടില്ല. അടുത്ത ഒക്ടോബറില്‍ കേരളത്തിലേക്ക് വരുമെന്നാണ് കരുതുന്നത്. സഹോദരിയുടെ തിരോധാനവും മരണവും അന്വേഷണവുമൊക്കെ ഉള്‍ക്കൊള്ളിച്ച് അവര്‍ ഒരു പുസ്തകമെഴുതുന്നുണ്ട്. അതിന്റെ കാര്യങ്ങള്‍ മുന്നോട്ടു പോകും. കേസിന്റെ കാര്യങ്ങള്‍ ഇവിടെ വെച്ച് തീര്‍ന്നുവെന്ന് കരുതുന്നില്ല. പ്രതികള്‍ അപ്പീലിന് പോയേക്കാം. അതുകൊണ്ട് കേസിന്റെ നടപടികള്‍ നീണ്ടുപോയേക്കാം. കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയെ
സംബന്ധിച്ചിടത്തോളം അതൊരു വലിയ യാത്ര തന്നെയാണ്.
Content Highlights: kovalam gang rape killed latvian lady sister ilsa friend sunith interview