തലക്കറി കഴിച്ചയാൾ മരിച്ചു;ഷാപ്പിലെ പരിശോധനയിൽ ഉദ്യോഗസ്ഥർക്കുകിട്ടിയത് ഉപ്പും മുളകും കാലിക്കുപ്പികളും

#സ്വന്തം ലേഖകൻ
ഭക്ഷ്യവിഷബാധയേറ്റുണ്ടായ മരണത്തെ തുടർന്ന് തൊള്ളയിരംചിറ ഷാപ്പിൽനിന്ന് ഭക്ഷണസാമ്പിളുകൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ശേഖരിക്കുന്നു. ഇൻസൈറ്റിൽ മരിച്ച ജ്യോതിഷ്.
ഭക്ഷ്യവിഷബാധയേറ്റുണ്ടായ മരണത്തെ തുടർന്ന് തൊള്ളയിരംചിറ ഷാപ്പിൽനിന്ന് ഭക്ഷണസാമ്പിളുകൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ശേഖരിക്കുന്നു. ഇൻസൈറ്റിൽ മരിച്ച ജ്യോതിഷ്.

കോട്ടയം: മീൻതലക്കറി കഴിച്ചവർക്ക് ആരോഗ്യപ്രശ്നമുണ്ടായതായി അറിഞ്ഞതോടെ ഷാപ്പുകാർ തെളിവ് നശിപ്പിക്കൽ നടത്തി. ഭക്ഷണം കഴിച്ച ജ്യോതിഷിന്റെ ആരോഗ്യസ്ഥിതി വഷളായി ശനിയാഴ്ച രാത്രി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി എന്നറിഞ്ഞതോടെ ഷാപ്പിൽനിന്ന് ഭക്ഷണാവശിഷ്ടങ്ങളെല്ലാം നീക്കംചെയ്തു.

പാത്രങ്ങൾ കഴുകി വൃത്തിയാക്കി മേശമേൽ അടുക്കി, കള്ളുകുപ്പികൾപോലും മാറിമറിഞ്ഞു. തിങ്കളാഴ്ച രാവിലെ ജ്യോതിഷ് മരിച്ചതോടെ പരിശോധനയ്ക്കെത്തിയ പോലീസ്-ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് കേസ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കാനായത് ഒരു കുപ്പിയിൽ അവശേഷിച്ച അരക്കുപ്പിയോളം കള്ളും, ഉപ്പും മുളകും കറിക്കൂട്ടുകളുംമാത്രം.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ജ്യോതിഷും സുഹൃത്തുക്കളും ഷാപ്പിലെത്തി മീൻതലക്കറിയും കള്ളും കഴിച്ചത്. മടങ്ങിപ്പോയ ഇവർക്ക് ശനിയാഴ്ച രാത്രിയോടെയാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടമായത്. അപ്പോൾതന്നെ വിവരം ഷാപ്പിലും അറിഞ്ഞു. ഇതോടെയാണ് ശനിയാഴ്ച രാത്രിവരെയുണ്ടായിരുന്ന കറികളും കള്ളും മാറിമറിഞ്ഞത്.

ഭക്ഷണം പാകംചെയ്യുന്നതിനുള്ള എണ്ണ, അരി, മുളക്പൊടി, കറിക്കൂട്ടുകൾ തുടങ്ങി 22 ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകളാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിച്ച് തിരുവനന്തപുരം ഗവ. അനലിറ്റിക്കൽ ലാബിലേക്കയച്ചത്. പാകംചെയ്ത ഭക്ഷണ പദാർഥങ്ങൾ ഒന്നുംതന്നെ കണ്ടെത്താനായില്ല.

പാകം ചെയ്തതൊ അല്ലാത്തതൊ ആയ ഭക്ഷണസാധനങ്ങളില്ലാതെ ഷാപ്പിലെ ഫ്രീസറുകളെല്ലാം ‘കാലി’യായിരുന്നു. കുമളി സ്വദേശികളായ സുജിത്ത്, അഖിൽ, ഗിരീഷ് എന്നിവർ കുമരകം സ്വദേശി അരുൺ സാബുവിന്റെ സുഹൃത്തുക്കളായിരുന്നു. ആ സുഹൃത് ബന്ധത്തിലെ കണ്ണികളായിരുന്നു കുമരകം സ്വദേശികളായ ജ്യോതിഷും രാകേഷ് കൃഷ്ണയും നിഖിലും.

വിദേശത്തുനിന്നെത്തിയ സുജിത്ത് മറ്റ് രണ്ടുപേരുമായി അവധി ആഘോഷിക്കാനാണ് കുമരകത്തെത്തിയത്. തുടർന്ന് ശിക്കാരി ബോട്ടിൽ ജലയാത്രയുംനടത്തി. ഭക്ഷണം തൊള്ളായിരംചിറ ഷാപ്പിലെന്ന് തീരുമാനിച്ചു. ഇവിടെനിന്ന് മീൻതലക്കറിയും കള്ളും വാങ്ങി. ജ്യോതിഷ് കൂടുതൽ കറികഴിച്ചതാണ് വിഷബാധ ശക്തമായി ഏൽക്കാൻ കാരണമെന്നാണ് പറയുന്നത്.

ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ ഭക്ഷണം കുറച്ചുമാത്രമാണ് കഴിച്ചത്. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽതന്നെ ജ്യോതിഷിന് ശാരീരികാവശതകൾ തുടങ്ങി. ഛർദിയും വയറിളക്കവും കൂടിയതോടെയാണ് കുമരകത്തെ സ്വകാര്യആശുപത്രയിൽ ചികിത്സ തേടിയത്.

സ്ഥിതി ഗുരുതരമായതോടെയാണ് കോട്ടയം ഭാരത് ആശുപത്രിയിലേക്ക്‌ മാറ്റിയത്. ഈ സമയംതന്നെ മറ്റുള്ളവർക്കും ശാരീരിക അവശതകൾ തുടങ്ങിയിരുന്നു. ഞായറാഴ്ച രാവിലെയോടെ ഇവരെയും ആശുപത്രിയിലെത്തിച്ചു.

ഷാപ്പ് ലൈസൻസ്‌: ബിനാമി ഇടപാടുകൾ പരിശോധിക്കണം -ജെയ്സൺ ജോസഫ്

കോട്ടയം: അയ്മനം പരിപ്പ് തൊള്ളായിരം ഷാപ്പിൽനിന്ന്‌ ഭക്ഷണം കഴിച്ച് യുവാവ് മരിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. െജയ്സൺ ജോസഫ് ആവശ്യപ്പെട്ടു.

ജില്ലയിലെ ഷാപ്പുകൾ ലൈസൻസി നേരിട്ട് നടത്തുന്നതല്ലെന്ന പരാതിയുള്ള സാഹചര്യത്തിൽ, എല്ലാ ഷാപ്പ് ലൈസൻസിന്റെയും ബിനാമി ഇടപാടുകൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഷാപ്പിലെ കറി സുരക്ഷിതമാക്കാൻ

കോട്ടയം: ഗ്രാമീണമായ അന്തരീക്ഷത്തിൽ രുചികരമായ നാടൻ ഭക്ഷണം കഴിക്കാൻ കുടുംബത്തോടെ പലരും ഷാപ്പുകളിലെത്താറുണ്ട്. മിക്ക ഷാപ്പുകളിലും ഫാമിലി ഇടങ്ങളുണ്ട്. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ഇവരും പാലിക്കണം.

ട്രോളിങ് നിരോധനസമയത്തുപോലും കടൽമത്സ്യങ്ങളായ വറ്റ, മോത, ഓലക്കൊടിയൻ തുടങ്ങിയ മീനുകളുടെ തലക്കറിയും കാരി, കൂരി, വരാൽ തുടങ്ങിയ നാടൻമീനുകളും സുലഭമായി ഷാപ്പുകളിൽ ലഭിക്കുന്നു. ഇതോടൊപ്പം വിവിധ ഇറച്ചി ഇനങ്ങളും. രുചി കൂടാൻ മീൻകറിയും തലക്കറിയും ഒരുദിവസം മുന്നേ ഉണ്ടാക്കി വെയ്ക്കാറുണ്ടെന്നാണ് ഷാപ്പുകളുമായി ബന്ധമുള്ളവർ പറയുന്നത്.

ശ്രദ്ധിക്കേണ്ടത്

*ഭക്ഷ്യസുരക്ഷാ ലൈസൻസ് പ്രദർശിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക

*ഷാപ്പിന്റെ ലൈസൻസ് പ്രദർശിപ്പിച്ചിട്ടുണ്ടാകണം.

*ഷാപ്പിൽ ഉപയോഗിക്കുന്ന വെള്ളം വാട്ടർ അതോറിറ്റി ലാബിൽ പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ നേരിൽകണ്ട് ഉറപ്പുവരുത്തുക.

*തിളപ്പിച്ചാറിയ കുടിവെള്ളംമാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ പാക്കേജ്ഡ് കുടിവെള്ളം.

ജീവനക്കാർ ശ്രദ്ധിക്കുക

*ഫ്രീസർ, ഫ്രിഡ്ജ് എന്നിവയുടെ തണുപ്പ് കൃത്യമായി നിലനിർത്തുക.

*പാഴ്സൽ ആഹാര പായ്ക്കറ്റിന് മുകളിൽ തീയതി, പായ്ക്കിങ് സമയം, രണ്ട് മണിക്കൂറിനുള്ളിൽ ഉപയോഗിക്കുക എന്നുള്ള അറിയിപ്പുകൾ പതിക്കുക.

* ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതെ ഇരിക്കുക.

*അടുക്കളയും പരിസരവും വൃത്തിയോടെ സൂക്ഷിക്കുക.

*പാത്രങ്ങൾ അണുവിമുക്തമാക്കി ഉപയോഗിക്കുക.

*പാചകക്കാർ, വിളമ്പുകാർ എന്നിവർക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം.

* മീൻ, ഇറച്ചി എന്നിവ സുരക്ഷിതമെന്ന് ഉറപ്പാക്കി മാത്രം പാചകംചെയ്യുക.

Content Highlights: A youth died following food poisoning after consuming fish curry at a local toddy shop in Kottayam. Authorities suspect evidence tampering as the shop was cleared of food samples before inspection. Food safety officials collected ingredients for lab testing at the Government Analytical Lab. Political leaders are calling for a probe into benami transactions behind toddy shop licenses. Essential food safety guidelines for restaurants and customers have been highlighted.