നിർത്തിയിട്ട ലോറിയിനിന്ന് തള്ളിനിന്ന തടിയിൽ ബൈക്കിടിച്ചു; മാതൃഭൂമി ഏജന്റിന് ഗുരുതര പരിക്ക്, അപകടം പുലർച്ചെ

#സ്വന്തം ലേഖകൻ
അപകടത്തിൽപ്പെട്ട ബൈക്ക്, അപകടത്തിനിടയാക്കിയ ലോറി
അപകടത്തിൽപ്പെട്ട ബൈക്ക്, അപകടത്തിനിടയാക്കിയ ലോറി

കോട്ടയം: പെരുവയിൽ പത്രവിതരണത്തിന് പോയ മാതൃഭൂമി ഏജന്റിന് റോഡരികിൽ നിർത്തിയിട്ടിരുന്ന തടികയറ്റിയ ലോറിയിലിടിച്ച് ഗുരുതര പരിക്ക്. കീഴൂർ അമ്പലത്തുംകാലായിൽ അനോഷ് മാത്യു (28) ആണ് അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം പുറത്തുവന്നു.

റോഡിൽ ഒരു സുരക്ഷാ മുന്നറിയിപ്പുമില്ലാതെ നിർത്തിയിട്ടിരുന്ന ലോറിയിൽനിന്ന് പുറത്തേക്ക് തള്ളി നിൽക്കുകയായിരുന്ന തടിയിൽ ബൈക്കിടിച്ചാണ് അപകടം. പുലർച്ചെയുള്ള ഇരുട്ടിൽ ഇത് തിരിച്ചറിയാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമായത്.

ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ റോഡിലേക്ക് മറിഞ്ഞു. അനോഷിന്റെ ഇടത് ചെവിയുടെ ഒരു ഭാഗം തെറിച്ചുപോയി. ഇരുകൈകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇടത് കൈയ്യുടെ പൊട്ടൽ ഗുരുതരമാണ്.