പതിനേഴുകാരൻ വാഹനമോടിച്ച് ഉണ്ടാക്കിയ അപകടം: നഷ്ടപരിഹാരം നൽകിയില്ല, 90 ദിവസം തടവ് വിധിച്ച് ജഡ്ജി

കോട്ടയം: പ്രായപൂർത്തിയാകുംമുമ്പ് ഇൻഷുറൻസ് ഇല്ലാത്ത സ്കൂട്ടറോടിച്ച് വഴിയാത്രികരെ ഇടിച്ചിട്ട കേസിൽ കോടതിവിധിച്ച നഷ്ടപരിഹാരം കൊടുക്കാത്ത യുവാവിന് 90 ദിവസം തടവുശിക്ഷ. കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി പ്രസൂൺ മോഹനാണ് വിധി പ്രസ്താവിച്ചത്.
2019 നവംബർ 11-ന് വൈകീട്ട് 5.15-ന് വൈക്കം മുരിയൻകുളങ്ങര റോഡിൽവെച്ച് കാൽനടയാത്രക്കാരനായ വൈക്കം കിഴക്കേനട ശ്യാമവിലാസം ആർ. രമേശൻ, അന്ന് രണ്ടര വയസ്സുള്ള പേരക്കുട്ടി അക്ഷയ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. കുറ്റാരോപിതന് അന്ന് 17 വയസ്സായിരുന്നു. കേസിൽ കുറ്റാരോപിതന്റെ അച്ഛന് പങ്കില്ലെന്നുകണ്ട് കോടതി ഒഴിവാക്കി. സ്കൂട്ടർ മറ്റൊരു വ്യക്തിയുടേതായതിനാൽ അയാൾക്കെതിരേയുള്ള കേസ് നടപടി തുടരും. ഇൻഷൂറൻസ് ഇല്ലാത്ത വണ്ടിയായതിനാലാണ് ഉടമ നിയമനടപടി നേരിടേണ്ടിവരുന്നത്.
അപകടത്തിൽ പരിക്കേറ്റ മുത്തശ്ശന് മൂന്നരലക്ഷം രൂപയും കുട്ടിക്ക് ഒരുലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകാൻ കോട്ടയം മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ 2025 ജനുവരി 27-ന് വിധിച്ചിരുന്നു. എന്നാൽ ഇപ്പോൾ 23 വയസ്സുള്ള യുവാവ് നഷ്ടപരിഹാര തുക അടച്ചുതീർക്കാതെ മാറി നടന്നതിനെ തുടർന്നാണ് ജഡ്ജി തടവുശിക്ഷ വിധിച്ചത്. യുവാവിനെ കണ്ടെത്താൻ കോടതി ആമീൻ പലതവണ ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പരിക്കേറ്റവർക്കുവേണ്ടി അഡ്വ. പി. രാജീവ് ഹാജരായി. ട്രിബ്യൂണൽ വിധിച്ച നഷ്ടപരിഹാരതുകയും അതിന് നാളിതുവരെയുള്ള പലിശയും ഉൾപ്പെടെയുള്ള തുക ഈടാക്കുന്നതിനും വിധി നടപ്പാക്കുന്നതിനുമുള്ള തുടർനടപടികൾ തുടരും.
നീതിക്ക് കാത്തിരിക്കുന്നു
അപകടത്തിൽ എന്റെ അച്ഛൻ രമേശനും എന്റെ മകൻ അക്ഷയിനുമാണ് പരിക്കേറ്റത്. അച്ഛൻ കുഞ്ഞിനെ എടുത്തുകൊണ്ട് നടക്കുകയായിരുന്നു. സ്കൂട്ടർ ഇടിച്ച് രണ്ടാളും വീണു. തലയ്ക്കായിരുന്നു രണ്ടു പേർക്കും പരിക്ക്. അച്ഛന് തലയ്ക്കുള്ളിൽ രക്തസ്രാവമുണ്ടായി. ഏറെനാൾ ചികിത്സ വേണ്ടിവന്നു. വലിയ പണച്ചെലവുണ്ടായി. വണ്ടി ഒാടിച്ചിരുന്ന വ്യക്തി നഷ്ടപരിഹാരം കെട്ടിവെച്ചിട്ടില്ല. ഞങ്ങൾ നീതിക്കുവേണ്ടി കാത്തിരിക്കുകയാണ്. ഇപ്പോൾവന്ന വിധി ചെറിയൊരാശ്വാസമാണ്. അന്തിമമായി കോടതി വിധിച്ച നഷ്ടപരിഹാരം കിട്ടണം.
-ആർ. ശ്യാമ (രമേശന്റെ മകൾ)
Content Highlights: The Kottayam Motor Accident Claims Tribunal sentenced a 23-year-old youth to 90 days in civil imprisonment for failing to pay compensation ordered after he caused a 2019 accident while riding an uninsured scooter as a minor.