പൊതുസ്ഥലത്ത് മദ്യ പാർട്ടി, ലഹരിമൂത്ത് കാറിൽ മരണപ്പാച്ചിൽ; ആദ്യ ഇടി ഓട്ടോയ്ക്ക്, പിന്നെ ഇടിയോടിടി

അപകടത്തില്‍ തകര്‍ന്ന ഒരു കാര്‍, അപടത്തില്‍പ്പെട്ട കാറിന്റെ ബംബര്‍ നാട്ടുകാര്‍ കടത്തിണ്ണയിലെടുത്തുവെച്ചിരിക്കുന്നു
അപകടത്തില്‍ തകര്‍ന്ന ഒരു കാര്‍, അപടത്തില്‍പ്പെട്ട കാറിന്റെ ബംബര്‍ നാട്ടുകാര്‍ കടത്തിണ്ണയിലെടുത്തുവെച്ചിരിക്കുന്നു

കോട്ടയം: പൊതുസ്ഥലത്തെ മദ്യപാര്‍ട്ടി, അതിനൊടുവില്‍ മൂത്തലഹരിയുമായി കാറിലൊരു പരക്കംപാച്ചില്‍... കോട്ടയം നഗരത്തിലെ ഏറ്റവും തിരക്കുള്ള കോട്ടയം-ചുങ്കം-മെഡിക്കല്‍ കോളേജ് റോഡിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ച ഒരു കാറോട്ടം. അതായിരുന്നു വ്യാഴാഴ്ച വൈകീട്ട് ആറോടെ അരങ്ങേറിയ ഭീതിപരത്തിയ തെരുവുനാടകത്തിന്റെ ചുരുക്കം. വാഴൂര്‍ സ്വദേശിയും സിഎംഎസ് കോളേജ് വിദ്യാർഥിയുമായ  ജുബിന്‍ ലാല്‍ ജേക്കബായിരുന്നു കാര്‍ ഓടിച്ചിരുന്നത്. 

സിനിമാദൃശ്യങ്ങളെ വെല്ലുംവിധത്തിലായിരുന്നു ഏഴുവാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച് കാറുമായുള്ള വിദ്യാര്‍ഥിയുടെ മരണപ്പാച്ചില്‍. വഴിയാത്രികര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വ്യാഴാഴ്ച കോട്ടയം നഗരത്തിലെ കോളേജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കൊരുക്കിയ സ്വാഗത പരിപാടിയുടെ തുടര്‍ച്ച. ഭാഗ്യംകൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയെന്നാണ് ഈ മരണപ്പാച്ചിലിന് ഇരകളായവരും ദൃക്സാക്ഷികളായ കാല്‍നടക്കാരും വഴിയോരക്കച്ചവടക്കാരും വാഹന യാത്രികരും പറയുന്നത്. അപകടം നടന്ന് ഒരുദിവസം പിന്നിടുമ്പോഴും കാറിന്റെ 'മരണയാത്ര' നേരില്‍ കണ്ടവര്‍ക്ക് ഭീതി വിട്ടുമാറിയിരുന്നില്ല.

കോളേജിന് മുന്നില്‍ അടഞ്ഞുകിടക്കുന്ന സ്ഥാപനത്തിന്റെ മുന്നിലെ പാര്‍ക്കിങ് സ്ഥലത്തായിരുന്നു ഒന്നാവര്‍ഷ വിദ്യാര്‍ഥികളുടെ സ്വീകരണപരിപാടി. ഒന്നിനുപിറകെ ഒന്നായി വിവിധ വിദ്യാര്‍ഥി സംഘടനകള്‍ സംഘാടകരായി. പാട്ടും ഡാന്‍സുമായി കോട്ടയം-ചുങ്കം പാതയോരത്ത് ആഘോഷപരിപാടി അരങ്ങേറുമ്പോള്‍ വഴിയോരത്ത് പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ 'മൊബൈല്‍ ബാറും' പ്രവര്‍ത്തിച്ചു. പരിപാടിക്കിടെ കാറിലെത്തി വിദ്യാര്‍ഥികള്‍ മദ്യപിക്കുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട കാറിലും മദ്യത്തോടെ കുപ്പികള്‍ കണ്ടെത്തി.

ആദ്യ ഇടി ഓട്ടോയില്‍

കോളേജ് പടിയില്‍നിന്ന് വൈകീട്ട് അഞ്ചരയോടെ പുറപ്പെട്ട കാര്‍ ചുങ്കത്ത് ഇറക്കത്തില്‍ പാര്‍ക്കുചെയ്ത ഓട്ടോയിലാണ് ആദ്യം ഇടിക്കുന്നത്. ഡ്രൈവര്‍ ഇറങ്ങി മാറിയ ഉടനുള്ള ഇടിയില്‍ തലനാരിഴയ്ക്കാണ് ചുങ്കം പാലം സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ റിജോ രക്ഷപ്പെടുന്നത്. ഇടിച്ചശേഷം കാര്‍ പാഞ്ഞുപോയി. കുടയംപടി റോഡിലൂടെ ദിശതെറ്റിച്ചുള്ള പരക്കംപാച്ചിലിലാണ് മുന്നില്‍ പോയതും എതിരേവന്നതുമായ മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചത്.

ആദ്യ ഇടിക്കുശേഷം കാറിന്റെ മുന്‍ഭാഗത്തെ ഇടത് ടയര്‍പൊട്ടി, നിലത്തുരഞ്ഞ് വലിയ ശബ്ദത്തോടെയാണ് പിന്നീട് കാര്‍ പാഞ്ഞത്. വഴിയുടെ ഇടതും വലതും വശം മാറിമാറിയായിരുന്നു കാറിന്റെ പരക്കംപാച്ചില്‍. സംഭവം കണ്ടവര്‍ അപകടമുന്നറിയിപ്പുമായി മാറിക്കോ... മാറിക്കോ... എന്ന് വിളിച്ചുപറഞ്ഞ് ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി കാറിനെ പിന്തുടര്‍ന്നു.

ഒടുവില്‍ കുടമാളൂര്‍ ശ്രീസേതുപാര്‍വതി ഭായി ഗ്രന്ഥശാലയ്ക്കുമുന്നിലെ വളവിലുള്ള ആല്‍മരത്തിലിടിച്ച് കാര്‍ നില്‍ക്കുമ്പോള്‍ പിന്നാലെ വന്‍ ജനാവലിയും അകമ്പടിയെത്തി. രോഷാകുലരായി പിന്തുടര്‍ന്നെത്തിയവര്‍ ജുബിനെ കാറില്‍നിന്ന് വലിച്ചിറക്കി 'കൈകാര്യം' ചെയ്തു. കാര്‍ മരത്തിലിടിച്ച് നിന്നില്ലായിരുന്നുവെങ്കില്‍ വന്‍ ദുരന്തത്തിലെത്തിയെനേയെന്ന് പിന്തുടര്‍ന്നെത്തിയവര്‍ പറഞ്ഞു.

പരാതിയില്ല കേസെടുത്തില്ലെന്ന് പോലീസ് 

അപകടം നടന്ന് പിറ്റേന്ന് ഉച്ചയായിട്ടും കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തിരുന്നില്ല. ആരും പരാതി പറയാത്തതിനാല്‍ കേസെടുത്തില്ലെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി. സംഭവം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതോടെ അതിരമ്പുഴ നടമുഖത്ത് ജോസി സെബാസ്റ്റ്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകീട്ടോടെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. വിദ്യാര്‍ഥിയുടെ കാര്‍ ഇദ്ദേഹത്തിന്റെ കാറില്‍ തട്ടിയിരുന്നു. നെഞ്ച്​വേദനയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്ന ജോസിയെ അശുപത്രിയിലെത്തി കണ്ടാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കാറോടിച്ച വിദ്യാര്‍ഥി വാഴൂര്‍ കടുമ്പശ്ശേരില്‍ ജുബിന്‍ ലാല്‍ ജേക്കബിനെതിരെയാണ് കേസ്. വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു.

Content Highlights: kottayam college student reckless driving and accident