അമിതവേഗത്തിലെത്തിയ ബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി; പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു

#ന്യൂസ് ഡെസ്‌ക്
അഞ്ജലി, അപകടമുണ്ടാക്കിയ ബസ്
അഞ്ജലി, അപകടമുണ്ടാക്കിയ ബസ്

കോട്ടയം: ചന്തക്കവലയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യബസ്, യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. നട്ടാശേരി ഗാന്ധിസ്മാരക കേന്ദ്രത്തിന് സമീപം ഇഞ്ചേരിക്കുന്ന് പാറയിൽ വീട്ടിൽ അജയന്റെ മകൾ അഞ്ജലി (18) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെ കോട്ടയം ചന്തക്കവലയിലാണ് അപകടം ഉണ്ടായത്. ‘തണ്ടപ്ര’ എന്ന സ്വകാര്യ ബസ് ആണ് അപകടത്തിനിടയാക്കിയത്.

അപകടത്തിൽ അഞ്ജലി അടക്കം അഞ്ചു സ്ത്രീകൾക്ക് പരിക്കേറ്റിരുന്നു. ഇത്തിത്താനം സുഭാഷ് ഭവനിൽ ശ്രീകുമാരി (54), മറിയപ്പള്ളി മുട്ടം ഉള്ളാട്ട് വീട്ടിൽ ജയ (51), കൊല്ലാട് കലേഷ് ഭവനിൽ അനുമോൾ സുരേഷ് (48), ചങ്ങനാശേരി മലകുന്നം ആനക്കുഴി വീട്ടിൽ എ.കെ സുനി (46) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

വാഹനം ഓടിച്ച ഡ്രൈവർ കുറിച്ചി സ്വദേശി അതുൽ ബിജു,കണ്ടക്ടർ മലകുന്നം സ്വദേശി ഷാലു എന്നിവരെ വെസ്റ്റ് എസ്‌ഐ വി.എസ്. ഗിരീഷ് കസ്റ്റഡിയിൽ എടുത്തു. കോട്ടയത്തുനിന്നും ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘തണ്ട്രപ്ര’ ബസാണ് അപകടത്തിന് ഇടയാക്കിയത്. നാഗമ്പടം ഭാഗത്തു നിന്നും കോട്ടയം ചന്തക്കവല ഭാഗത്തേയ്ക്ക് വരികയായിരുന്നു ബസ്. നിയന്ത്രണം നഷ്ടമായതോടെ ബസ് റോഡരികിലേയ്ക്ക് ഇടിച്ച് കയറി. ഫുട്പാത്തിലെ ഗ്രില്ലുകളും വൈദ്യുതി പോസ്റ്റും ഇടിച്ച് തകർത്ത ബസ് യാത്രക്കാർക്ക് ഇടയിലേയ്ക്ക് പാഞ്ഞു കയറി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. 

Content Highlights: An 18-year-old girl named Anjali succumbed to injuries from a private bus accident in Kottayam., The incident occurred at Chanthakkavala when an overspeeding private bus lost control and plowed into pedestrians., Five women were injured in total, with three requiring transfer to Kottayam Medical College Hospital., The bus driver and conductor have been taken into police custody by West SI V.S. Girish.