കൂറ്റന്‍ കരിങ്കല്ലുമായെത്തുന്ന കുറുവാകൊള്ളസംഘം, അതിരമ്പുഴയെ ഭയത്തിലാഴ്ത്തി വീഡിയോ

ഏറ്റുമാനൂര്‍: കഴിഞ്ഞ രണ്ട് ദിവസമായി അതിരമ്പുഴയിലെ മിക്ക വീടുകളിലെയും മുഴുവന്‍ ലൈറ്റുകളും രാത്രി കത്തിനില്‍ക്കുകയാണ്. ചെറിയ ശബ്ദംപോലും വീട്ടുകാരെ ഭയപ്പെടുത്തുന്നു. സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോ ദൃശ്യമാണ് നാടിനെ മുഴുവന്‍ ഭയത്തിന്റെ മുള്‍മുനയിലാക്കിയത്. എന്നാല്‍ ഇത് അതിരമ്പുഴയില്‍ നടന്നതല്ലെന്ന് വ്യക്തമായിട്ടുണ്ട്.
ഗ്രാമപ്പഞ്ചായത്ത് 22-ാം വാര്‍ഡില്‍ മുന്‍ മെമ്പറുടെ വീട്ടില്‍ കുറുവാ കൊള്ളസംഘമെത്തിയതെന്നുള്ള ശബ്ദസന്ദേശവും വീഡിയോക്കൊപ്പം ചേര്‍ത്തതാണ് ഭയത്തിന് ഇടയാക്കിയത്. നാലംഗ സംഘം ആയുധങ്ങളും തലയില്‍ കൂറ്റന്‍ കരിങ്കല്ലുമായി എത്തി വീടിന്റെ വാതില്‍ തല്ലിത്തകര്‍ക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് വീഡിയോയില്‍. വീടിനുള്ളിലുള്ളവരുടെ നിലവിളിയും കേള്‍ക്കാം. നാല് വര്‍ഷം മുന്‍പും കുറുവാസംഘം അതിരമ്പുഴയിലെത്തിയതായി സൂചിപ്പിക്കുന്ന സി.സി.ടി.വി. പ്രചരിച്ചിരുന്നു.
ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഇത്തരം വീഡിയോകള്‍ ഫോര്‍വേഡ് ചെയ്ത് പേടിപ്പിക്കരുതെന്ന് മെസേജ് ചെയ്തിട്ടും, ആളുകളുടെ പേടി കുറയുന്നില്ലെന്നും മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ മെമ്പറുമായ ബിജു വലിയമലയില്‍ പറഞ്ഞു.
Content Highlights: kottayam athirampuzha in fear of kuruva gang