കെ.എൻ. ബാലഗോപാലിന് വോട്ടുപിടിച്ചെന്ന് പരാതി, നാല് പോലീസ് അസോസിയേഷൻ ഭാരവാഹികൾക്ക് സ്ഥലംമാറ്റം

#ന്യൂസ് ഡെസ്ക്

കൊട്ടാരക്കര: പോലീസ് അസോസിയേഷൻ ഭാരവാഹികൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥി കെ.എൻ. ബാലഗോപാലിനുവേണ്ടി പ്രചാരണം നടത്തിയെന്ന പരാതിയിൽ സംഘടനാ നേതാക്കളായിരുന്ന നാലുപേരെ സ്ഥലംമാറ്റി. കൊല്ലം റൂറൽ പോലീസ് ജില്ലയിലെ അസോസിയേഷൻ നേതാക്കളായിരുന്ന ഗ്രേഡ് എസ്.ഐ.മാരായ എസ്. നജീം, എസ്.എൽ. സുജിത്ത്, എസ്.സി.പി.ഒ. എ.എസ്. ശിവേഷ്, സി.പി.ഒ. വി. ചിന്തു എന്നിവരെയാണ് ജില്ലയ്ക്കു പുറത്തേക്ക്‌ സ്ഥലംമാറ്റിയത്.

നജീം, ശിവേഷ് എന്നിവരെ കോട്ടയത്തേക്കും സുജിത്ത്, ചിന്തു എന്നിവരെ ആലപ്പുഴയിലേക്കുമാണ് സ്ഥലംമാറ്റിയത്. ദക്ഷിണമേഖലാ ഐ.ജി.യുടേതാണ് നടപടി. ഇടതുസർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളും പോലീസ് സേനയ്ക്കായി നടപ്പാക്കിയ കാര്യങ്ങളും അസോസിയേഷൻ നേതാക്കൾ വിവരിക്കുന്നതായുള്ള വീഡിയോ തിരഞ്ഞെടുപ്പുകാലത്തു പ്രചരിച്ചിരുന്നു. ഇടതു സ്ഥാനാർഥി കെ.എൻ. ബാലഗോപാലിനുവേണ്ടിയുള്ള പ്രചാരണ വീഡിയോ ആണെന്നുകാട്ടി യു.ഡി.എഫ്. സ്ഥാനാർഥിയും മുൻ എം.എൽ.എ.യുമായ പി. അയിഷാപോറ്റിയാണ് തിരഞ്ഞെടുപ്പ് കമ്മിഷനും ഡി.ജി.പി.ക്കും പരാതി നൽകിയത്. കൊട്ടാരക്കര ഡിവൈ.എസ്.പി.യുടെ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

എന്നാൽ പോലീസ് അസോസിയേഷൻ സമ്മേളനത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ വീഡിയോ തങ്ങൾ അറിയാതെ ചില ഇടത് അനുകൂല ഓൺലൈൻ മാധ്യമങ്ങൾ ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുകയായിരുെന്നന്നും ഇതിനെതിരേ റൂറൽ എസ്.പി.ക്കു പരാതി നൽകിയിരുെന്നന്നും അസോസിയേഷൻ നേതാക്കൾ പറയുന്നു.

റൂറൽ ജില്ലയിൽ പോലീസ് സേനയിലെ പരിമിതികൾ സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. അസോസിയേഷൻ അംഗങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് വീഡിയോ ചിത്രീകരിച്ചതെന്നും ബാലഗോപാലിനെ കുറിച്ചോ, തിരഞ്ഞെടുപ്പിനെ കുറിച്ചോ വീഡിയോയിൽ പരാമർശം ഉണ്ടായിരുന്നില്ലെന്നും നേതാക്കൾ പറയുന്നു.

വീഡിയോ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരേ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നതേയുള്ളൂ. പരാതിയും നടപടിയും രാഷ്ട്രീയപ്രേരിതമാണെന്നാണ് ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ പക്ഷം.

Content Highlights: Four police association leaders in Kollam Rural were transferred out of the district., The action follows a complaint by UDF candidate P. Aisha Potty regarding an election campaign video for LDF candidate K.N. Balagopal.