അയിഷ പോറ്റിയുടെ പരാജയം; പ്രചാരണത്തിൽ ആത്മാർത്ഥത കാട്ടിയില്ല, കൊട്ടാരക്കരയിൽ ഡിസിസി നടപടി തുടങ്ങി

#സ്വന്തം ലേഖകൻ
അയിഷ പോറ്റി | ഫോട്ടോ - മാതൃഭൂമി
അയിഷ പോറ്റി | ഫോട്ടോ - മാതൃഭൂമി

കൊട്ടാരക്കര: തിരഞ്ഞെടുപ്പു വിജയം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കൊട്ടാരക്കരയിൽ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി കോൺഗ്രസ് നടപടിയെടുത്തു തുടങ്ങി. പ്രതീക്ഷിത വോട്ടിൽ ഗണ്യമായ കുറവുണ്ടായതായും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ വേണ്ടത്ര ആത്മാർത്ഥത കാട്ടിയില്ലെന്നും കണ്ടെത്തിയതിനാലാണ് നെടുവത്തൂർ, എഴുകോൺ മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടത്.

ഡി.സി.സി. ജനറൽ സെക്രട്ടറിയായ ബ്രിജേഷ് എബ്രഹാമിന് കാരണം കാണിക്കൽ നോട്ടീസും നൽകി. പ്രചാരണത്തിൽ സജീവമാകാതിരുന്ന നേതാക്കളെ നേരിൽ വിളിച്ചു വിശദീകരണം തേടാനും ഡി.സി.സി. തീരുമാനിച്ചു. 1012 വോട്ടിനാണ് മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എൻ. ബാലഗോപാൽ വിജയിച്ചത്.

എഴുകോണിൽ 760 വോട്ടിനും നെടുവത്തൂരിൽ 610 വോട്ടിനും അയിഷ പോറ്റി പിന്നിലായി. നെടുവത്തൂരിൽ ആയിരം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മണ്ഡലം കമ്മിറ്റി നൽകിയ കണക്കിൽ പറഞ്ഞിരുന്നത്. എഴുകോണിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ കനകദാസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സ്ഥാനാർഥിയുടെ വിജയത്തിനായി വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ലെന്നാണ് ഡി.സി.സിയുടെ വിലയിരുത്തൽ.

ഉമ്മന്നൂരിൽ ബ്രിജേഷ് എബ്രഹാം സ്ഥാനാർഥിയുടെ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തില്ല. തിരഞ്ഞെടുപ്പിന്റെ തലേദിവസം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എൻ. ബാലഗോപാലുമായി വസതിയിൽ ചർച്ച നടത്തി. 2,500 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച പഞ്ചായത്തിൽ ലീഡ് 1869-ൽ ഒതുങ്ങി. പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിൽ വോട്ട് കുറഞ്ഞു.

ബ്രിജേഷ് എബ്രഹാം പ്രചാരണത്തിൽനിന്നു മാറിനിൽക്കുന്നുവെന്ന പ്രതീതി ഉളവാക്കിയെന്നുമാണ് ഡി.സി.സി.യുടെ കണ്ടെത്തൽ. സത്യപാലൻ പ്രസിഡന്റായുള്ള കോൺഗ്രസ് നെടുവത്തൂർ മണ്ഡലം കമ്മിറ്റി പ്രചാരണത്തിൽ വലിയ വീഴ്ചകാട്ടിയെന്നാണ് വിലയിരുത്തൽ. പഞ്ചായത്തിൽ മൂന്ന് ബൂത്തിൽ മാത്രമാണ് യു.ഡി.എഫ്. മുന്നിലെത്തിയത്.

കുടുംബസംഗമങ്ങൾ ഉൾപ്പെടെയുള്ള പ്രചാരണത്തിൽ നെടുവത്തൂർ പിന്നിലായി. യു.ഡി.എഫ്. നിയോജകമണ്ഡലം നേതൃത്വവുമായി ചർച്ച ചെയ്തും സ്ഥാനാർഥിയോടു സംസാരിച്ചും നേതാക്കളെ നേരിൽക്കണ്ടുമാണ് ഡി.സി.സി. വിവരങ്ങൾ ശേഖരിച്ചത്. കൂടുതൽ നേതാക്കൾക്കെതിരേ നടപടിയുണ്ടാകുമെന്നും നേതൃത്വം പറയുന്നു.

ഒറ്റപ്പെടുത്താനും അവഹേളിക്കാനുമുള്ള ശ്രമം- ബ്രിജേഷ് എബ്രഹാം 

കാരണം കാണിക്കൽ നോട്ടീസ് നൽകുകയും അതു മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് തന്നെ ഒറ്റപ്പെടുത്താനും ആക്ഷേപിക്കാനുമാണ്. ആരോപണങ്ങൾ പൂർണമായി നിഷേധിക്കുന്നു. 2001-നു ശേഷം ഉമ്മന്നൂർ പഞ്ചായത്തിൽ യു.ഡി.എഫിന് വലിയ ഭൂരിപക്ഷം കിട്ടിയത് ഈ തിരഞ്ഞെടുപ്പാണ്.

ഉയർന്ന രണ്ടാമത്തെ ഭൂരിപക്ഷം, 252 വോട്ട് ലഭിച്ചത് എന്റെ വാർഡിലാണ്. തിരഞ്ഞെടുപ്പിന്റെ തലേന്ന് ബാലഗോപാലുമായി സംസാരിച്ചെന്നു തെളിയിക്കാമെങ്കിൽ പദവികൾ രാജിവയ്ക്കാൻ തയ്യാറാണ്. മാർച്ച് 30-ന് സാമ്പത്തിക വർഷത്തെ അവസാന പഞ്ചായത്ത് കമ്മിറ്റി നേരത്തേ നിശ്ചയിച്ചതാണ്.

സ്വീകരണവിവരം രണ്ടുദിവസംമുൻപാണ് അറിഞ്ഞത്. അന്നുതന്നെയായിരുന്നു മണ്ഡലത്തിൽ എൽ.ഡി.എഫിന്റെയും പര്യടനം നടന്നത്. വോട്ടു കുറഞ്ഞിടങ്ങളിലെല്ലാം ഡി.സി.സി. ജനറൽ സെക്രട്ടറിമാർ ഉണ്ടെങ്കിലും തനിക്കുമാത്രമാണ് നോട്ടീസ് ലഭിച്ചതെന്നും ബ്രിജേഷ് എബ്രഹാം പറയുന്നു.

Content Highlights: DCC dissolves Neduvathur and Ezhukone mandalam committees due to campaign lapses. Brijesh Abraham issued a show-cause notice regarding election conduct. Internal investigations reveal significant vote deficits in key panchayats. Brijesh Abraham denies allegations of collusion with LDF candidate KN Balagopal. Congress leadership plans further disciplinary measures against party members.