കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടിച്ചു, രണ്ടുപേർക്ക് ദാരുണാന്ത്യം

കൊട്ടാരക്കര: ദേശീയപാതയിൽ നെടുവത്തൂരിൽ കൂട്ടിയിടിച്ച ബൈക്കുകളിലൊന്നിന് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. എഴുകോൺ അമ്പലത്തുകാല കാർത്തികഭവനിൽ അഭിഷേക്(24,) മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീലേശ്വരം അമ്മുമ്മമുക്ക് സ്വദേശി ജീവൻ (21), സനൂപ് (21) എന്നിവരാണ് ചികിത്സയിലുള്ളത്. ഞായറാഴ്ച രാത്രി പത്തരയോടെ നെടുവത്തൂർ താമരശ്ശേരി ജങ്‌ഷന് സമീപമായിരുന്നു അപകടം. അമിതവേഗത്തിൽ എതിരേയെത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചതിൽ ഒരെണ്ണം കത്തുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
കത്തിയ ബൈക്കിലുണ്ടായിരുന്ന അഭിഷേക് തത്ക്ഷണം വെന്തുമരിച്ചു. മറ്റുള്ളവർക്ക് അപകടത്തിൽ തെറിച്ചുവീണാണ് പരിക്കേറ്റത്. അഗ്നിരക്ഷാസേനയെത്തി തീ അണച്ചശേഷമാണ് അഭിഷേകിന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്.
Content Highlights: Fatal National Highway Collision in Kottarakkara Claims Two Lives, One Bike Catches Fire