തിരൂര്‍-മഞ്ചേരി റൂട്ടില്‍ ഇനി 'കൂളായി' യാത്രചെയ്യാം; ഓര്‍ഡിനറി ടിക്കറ്റ് നിരക്കില്‍ എസി ബസുമായി 'ലാവര്‍ണ'

#ന്യൂസ് ഡെസ്‌ക്
ലാവർണ ട്രാൻസ്പോർട്ടിന്റെ ശീതീകരിച്ച പുതിയ ബസ് സെൻട്രൽസോൺ ട്രാൻസ്പോർട്ട് കമ്മിഷണർ എം.പി. ജയിംസ് ഫ്ലാഗ്‌ഒാഫ് ചെയ്യുന്നു
ലാവർണ ട്രാൻസ്പോർട്ടിന്റെ ശീതീകരിച്ച പുതിയ ബസ് സെൻട്രൽസോൺ ട്രാൻസ്പോർട്ട് കമ്മിഷണർ എം.പി. ജയിംസ് ഫ്ലാഗ്‌ഒാഫ് ചെയ്യുന്നു

കോട്ടയ്ക്കല്‍: സ്വകാര്യബസില്‍ യാത്രക്കാര്‍ക്ക് എസി. അതും ഓര്‍ഡിനറി ടിക്കറ്റ് നിരക്കില്‍. തിരൂര്‍-മഞ്ചേരി റൂട്ടില്‍ സ്മാര്‍ട്ട് സൗകര്യങ്ങളുമായി സര്‍വീസ് നടത്തുന്ന ലാവര്‍ണ ബസാണ് തിങ്കളാഴ്ചമുതല്‍ ശീതീകരിച്ച ബസ് നിരത്തിലിറക്കിയത്. തിരൂര്‍ ബസ്സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍സോണ്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.പി. ജയിംസ് ബസ് ഫ്‌ലാഗ്ഓഫ് ചെയ്തു.

കോട്ടയ്ക്കല്‍ കോഴിച്ചെന സ്വദേശി മുഹമ്മദ് ഷാഫിയാണ് ഉടമ. ബസ്സിനുമുകളില്‍ മൂന്ന് കിലോവാട്ട്് ശേഷിയുള്ള സൗരോര്‍ജപാനലുകള്‍ ഘടിപ്പിച്ചാണ് ഒരു ടണ്ണിന്റെ രണ്ട് എസി പ്രവര്‍ത്തിപ്പിക്കുക. കേരളത്തില്‍ ആദ്യമായാണ് പൂര്‍ണ്ണമായും സൗരോര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എസി ബസ് നിരത്തിലിറങ്ങുന്നതെന്ന് ഷാഫി പറഞ്ഞു. അതിനായി പ്രത്യേകാനുമതി വാങ്ങി. ആദ്യ എസി ബസ് വിജയകരമായാല്‍ രണ്ട് എസി ബസുകള്‍കൂടി ഇറക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ലാവര്‍ണ ബസുകള്‍ വിദ്യാര്‍ഥി സൗഹൃദമാണ്. എല്ലാ സീറ്റിലും ഫാന്‍, ഫ്രീ വൈഫൈ, കുടിവെള്ളം, ഡിജിറ്റല്‍ പേമെന്റ്, സ്റ്റോപ്പ് അനൗണ്‍സ്‌മെന്റ് സിസ്റ്റം, 360 ഡിഗ്രി സിസിടിവി സുരക്ഷാക്യാമറ, ഡ്രൈവര്‍ക്ക് ബസ്സിനുചുറ്റുമുള്ള ദൃശ്യങ്ങള്‍ കാണാന്‍ സൗകര്യമുള്ള സ്‌ക്രീന്‍, യാത്രയിലുടനീളം ട്രാഫിക് ബോധവത്കരണ സന്ദേശളടങ്ങിയ വീഡിയോ പ്രദര്‍ശനം എന്നിവയുണ്ട്. കൂടാതെ എല്ലാ ബസ്സിലും ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം മലയാളത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്.

വിനോദയാത്രകള്‍ക്കും പാര്‍ക്ക് ആന്‍ഡ് സ്റ്റേ ആവശ്യങ്ങള്‍ക്കും സിനിമാമേഖലയിലും ഉപയോഗിക്കുന്ന കാരവനുകളും ലാവര്‍ണ ട്രാന്‍സ്‌പോര്‍ട്ടിന്റെ കീഴിലുണ്ട്. ചടങ്ങില്‍ ലാവര്‍ണ ട്രാന്‍സ്‌പോര്‍ട്ട് എംഡി മുഹമ്മദ് ഷാഫി, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ടി.പി. യൂസഫ്, തിരൂര്‍ ജോയിന്റ് ആര്‍ടിഒ പി.കെ. മൂസ, കേരള ബസ് ഒപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് പി.കെ. മൂസ, സെക്രട്ടറി എം.സി. കുഞ്ഞിപ്പ, വാക്കിയത്ത് കോയ, ശ്രീനിവാസന്‍, പി.കെ. മുഹമ്മദ് ഇക്ബാല്‍, എം.എന്‍. അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Experience AC travel on ordinary ticket fares in Kottakkal! Laverna Bus introduces solar-powered AC on the Tirur-Manjeri route. Book your comfortable journey today!