കോട്ടയ്ക്കലിന് കുടിവെള്ളമേകാന് സൗദിയുടെ അബ്ദുള്ള

കോട്ടയ്ക്കല്‍: മരുഭൂമിയില്‍നിന്ന് ഇത്തവണയും അബ്ദുള്ളയെത്തി, സ്നേഹത്തിന്റെ നീരുറവയുമായി. കോട്ടയ്ക്കലില്‍ കുടിവെള്ളക്ഷാമമുള്ളവര്ക്ക് സൗജന്യമായി കുഴല്‍ക്കിണര്‍ കുഴിച്ചുനല്കുകയാണ് അബ്ദുള്ള എന്ന അബുലയാന്. സൗദിയിലെ അല്‍ഖസീം ബുറൈദ സ്വദേശിയായ അബ്ദുള്ള 17 വര്‍ഷമായി കോട്ടയ്ക്കലില്‍ സ്ഥിരമായി വന്നുപോകുന്നു.
17 വര്‍ഷം മുന്‍പ് പിതാവിന്റെ മൂര്‍ച്ഛിച്ച പ്രമേഹത്തിനും കാലിലെ ഉണങ്ങാത്ത മുറിവുകള്‍ക്കും ചികിത്സതേടിയാണ് അബ്ദുള്ള കോട്ടയ്ക്കലിലെത്തുന്നത്. പിതാവിന്റെ അസുഖം ഭേദമായതോടെ അബ്ദുള്ള കോട്ടയ്ക്കലിനോട് കൂട്ടുകൂടി. പിന്നീട് നിരന്തരം വന്നുപോയി. 2017-ലെ വരവിലാണ് അടുത്ത കഥാപാത്രം രംഗപ്രവേശംചെയ്യുന്നത്. കോട്ടയ്ക്കല്‍ പൊട്ടിപ്പാറ സ്വദേശി റഫീഖ്. ഭാഷയറിയാതെ കുഴങ്ങിയ അബ്ദുള്ളയെ റഫീഖ് സഹായിച്ചു. അദ്ദേഹത്തിനുവേണ്ടി ഡോക്ടറോടും മറ്റും സംസാരിച്ചു. പത്തുവര്‍ഷം സൗദിയില്‍ ജോലിചെയ്ത റഫീഖിന് അറബി കൈകാര്യംചെയ്യാനറിയാം. നാട്ടില്‍ ഓട്ടോ ഓടിക്കുന്ന റഫീഖിനെ അബ്ദുള്ളയ്ക്ക് പെരുത്തിഷ്ടപ്പെട്ടു. രണ്ടുമാസം കൂടെക്കൂടാന്‍ ആവശ്യപ്പെട്ടു. കോട്ടയ്ക്കലില്‍ കറങ്ങാന്‍ റഫീഖിന്റെ ഓട്ടോയും വേണം. സമ്മതം മൂളിയ റഫീഖ് കൂടെക്കൂടി.
ആദ്യയാത്ര റഫീഖിന്റെ നാട്ടിലേക്ക്. പൊട്ടിപ്പാറയില്‍ അബ്ദുള്ള എത്തിയ വേനല്‍ക്കാലത്ത് കുറേയാളുകള്‍ പഞ്ചായത്തുകിണറിനു ചുറ്റും കൂടിനില്ക്കുന്നു. ഇത്രയധികം ആളുകള്‍ ഇങ്ങനെ നില്‍ക്കുന്നത് എന്തിനെന്ന ചോദ്യത്തിന് വെള്ളം എടുക്കാനാണെന്ന റഫീഖിന്റെ മറുപടി അബുലയാന്റെ ഹൃദയത്തില്‍കൊണ്ടു. എങ്കില്‍ ഞാനിവര്‍ക്കൊരു കുഴല്‍ക്കിണര്‍ നിര്മിച്ചുനല്കാമെന്നായി അദ്ദേഹം. ഒന്നല്ല രണ്ടു കുഴല്‍ക്കിണറുകള്‍ പൊട്ടിപ്പാറ കോളനിക്കായി നല്കി. അതിനാവശ്യമായ മോട്ടോറുകളും പൈപ്പുകളും എല്ലാം അദ്ദേഹത്തിന്റെ വക.
പിന്നീടുള്ള വരവിലെല്ലാം വെള്ളത്തിന് ബുദ്ധിമുട്ടുന്നവരുടെ അവസ്ഥ ബോധ്യപ്പെട്ടാല്‍ അബുലയാന് കിണറുകള്‍ നിര്മിച്ചുനല്കാന് തുടങ്ങി. നാല്‍പ്പതോളം കിണറുകളാണ് ഇതിനകം നല്‍കിയത്. പണിക്ക് മേല്‍നോട്ടം വഹിക്കണമെന്നതിനാല്‍ കോട്ടയ്ക്കലിന്റെ 15 കിലോമീറ്ററിനുള്ളിലേ നല്‍കാറുള്ളൂ. ഏതുവീട്ടിലായാലും കിണര്‍ അഞ്ചുകുടുംബങ്ങള്ക്കെങ്കിലും ഒരുപോലെ ഉപയോഗിക്കാനും സാധിക്കണം. കുടിവെള്ളം കിട്ടുമ്പോള്‍ ആളുകളുടെ മുഖത്തുവിരിയുന്ന സന്തോഷം തനിക്ക് സംതൃപ്തിയും സന്തോഷവും തരുന്നുണ്ടെന്ന് സൗദിയില്‍ ബിസിനസുകാരനായ അബ്ദുള്ള പറയുന്നു.
Content Highlights: Saudi businessman Abdullah builds wells for families in need in Kottakkal