കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനമെന്ന് പരാതി; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കൊച്ചി: കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നടക്കുന്നതായുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൊച്ചിന്‍ ദേവസ്വം കമ്മീഷണറും കൂടല്‍മാണിക്യം എക്‌സിക്യൂട്ടീവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴകം ജോലികള്‍ക്ക് നിയമിച്ച ഈഴവ സമുദായത്തില്‍പ്പെട്ട ആളെ മാറ്റിനിര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.
ദേവസ്വം റിക്രൂട്‌മെന്റ് നടത്തിയ പരീക്ഷ പാസായി ഫെബ്രുവരി 24-നാണ് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ബാലു ക്ഷേത്രത്തിലെ കഴകം ജോലിയില്‍ പ്രവേശിച്ചത്. വാര്യര്‍ സമാജവും തന്ത്രി സമാജവും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഇയാളെ കഴകം ജോലിയില്‍നിന്ന് ഓഫീസ് ജോലിയിലേക്ക് മാറ്റുകയായിരുന്നു.
ഓഫീസിന്റെ പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ജോലിമാറ്റമെന്നാണ് ദേവസ്വം ബോര്‍ഡ് വിശദീകരിച്ചത്. എന്നാല്‍, പ്രതിഷ്ഠാ ദിനം, ഉത്സവം എന്നിവ നടക്കുന്നതിനാല്‍ പൂജയേയും മറ്റും ബാധിക്കും എന്നതുകൊണ്ടാണ് ബാലുവിനെ അവിടെനിന്ന് മാറ്റിയത്. സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുന്നത്.
Content Highlights: Caste Discrimination at Kudalmanikyam Temple