പാലക്കാട്ട് വാട്ടർ ടാങ്ക് പൊളിക്കുന്നതിനിടെ അപകടം: തകർന്നുവീണത് എതിർദിശയിലേക്ക്; ഒഴിവായത് വൻ ദുരന്തം

പാലക്കാട്: പാലക്കാട് കൊല്ലംകോട് പഴയ കുടിവെള്ള ടാങ്ക് പൊളിച്ചുമാറ്റുന്നതിനിടെ തകർന്നുവീണു. ടാങ്ക് മറിക്കാൻ ഉദ്ദേശിച്ചിരുന്ന ഭാഗത്തേക്ക് വീഴാതെ, നിയന്ത്രണംവിട്ട് എതിർ ദിശയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ സമീപത്തുണ്ടായിരുന്ന വീടിന്റെ ഒരു ഭാഗം തകരുകയും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീഴുകയും ചെയ്തു. കൊല്ലങ്കോട് വില്ലേജ് ഓഫീസിന്റെ മതിലും ഗേറ്റും പൂർണമായും തകർന്നു.
അപകടസമയത്ത് ആളുകൾ സമീപത്ത് ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. ടാങ്ക് വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ജെ.സി.ബി കൃത്യസമയത്ത് പിന്നിലേക്ക് നീക്കിയിരുന്നു. സംഭവസമയത്ത് വില്ലേജ് ഓഫീസിലോ തകർന്ന വീടിന്റെ ഭാഗത്തോ ആളുകൾ ഉണ്ടായിരുന്നില്ല.
ടാങ്ക് പൊളിക്കുന്ന കരാർ കമ്പനി മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നെങ്കിലും മറ്റു സുരക്ഷാ മുൻകരുതലുകൾ എടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
Content Highlights: An old drinking water tank in Kollengode, Palakkad collapsed in the wrong direction during demolition., Causes major damage to a house front, village office compound wall, gate, and an electric pole., A major tragedy was averted as no people were present inside the village office or the damaged house., Locals and eyewitnesses allege severe safety lapses and lack of precautions by the contracting company.