കൊല്ലങ്കോട്ട് അങ്കണവാടികൾക്ക് ഉപകരണങ്ങൾ വാങ്ങൽ; അരക്കോടിയിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തി

കൊല്ലങ്കോട്: കൊല്ലങ്കോട് ഐസിഡിഎസ് ഓഫീസിനുകീഴിലുള്ള അങ്കണവാടികൾ നവീകരിക്കാൻ അനുവദിച്ച 142 ലക്ഷം രൂപ ചെലവഴിച്ചതിൽ വൻ ക്രമക്കേട് കണ്ടെത്തി. ഫണ്ട് വിനിയോഗത്തിൽ വൻ ക്രമക്കേട് നടന്നിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വനിത-ശിശുവികസന വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും കൊല്ലങ്കോട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ പറഞ്ഞു. ഓർഡറിൽ വിലകൂടിയ സാധനങ്ങൾ കാണിക്കയും കുറഞ്ഞവിലയുള്ള സാധനങ്ങൾ ഇറക്കുകയും ചെയ്തതായി പഞ്ചായത്ത് നിയോഗിച്ച അന്വേഷണസമിതി കണ്ടെത്തി. കൊല്ലങ്കോട് ബ്ലോക് പഞ്ചായത്തിന് കീഴിലുള്ള 171 അങ്കണവാടികളിൽ 142 അങ്കണവാടികൾക്ക് സാധനസാമഗ്രികൾ വാങ്ങാൻ ഒരുലക്ഷം രൂപവീതം ചെലവഴിച്ച വകയിലാണ് അരക്കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതെന്നാണ് ആരോപണം. സക്ഷം പദ്ധതിയിൽ അങ്കണവാടികൾക്ക് ജലശുദ്ധീകരണി, ടേബിൾ, ചെയറുകൾ, മാഗസിൻ റാക്ക്, ഷൂറാക്ക്, ടിവി, ഗ്രൈൻഡർ, മിക്സി, കയർമാറ്റ്, പെൻഡ്രൈവ് തുടങ്ങിയവ ജെം പോർട്ടൽവഴി വാങ്ങിയതിലാണ് ക്രമക്കേട് നടന്നിട്ടുള്ളതെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു.
ഇടനിലക്കാരെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന പദ്ധതിയായ ജെംപോർട്ടൽ വഴി പത്തുലക്ഷംരൂപവരെ വിലയുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ദർഘാസ് ഒഴിവാക്കാം എന്ന ആനുകൂല്യത്തിന്റെ മറവിലാണ് ക്രമക്കേടെന്നും രേഖ വ്യക്തമാക്കുന്നു. ദർഘാസ് ഒഴിവാക്കാൻ ഒരേസാധനംതന്നെ പത്തുലക്ഷത്തിൽത്താഴെവരുന്ന പല ബില്ലുകളാക്കി നൽകിയാണ് സാധനങ്ങൾ വാങ്ങിയിട്ടുള്ളത്. ഒരേസാധനം വാങ്ങുമ്പോൾ സ്‌പ്ളിറ്റ് പർച്ചേസ് പാടില്ലെന്ന നിയമം പാലിക്കയും ചെയ്തിട്ടില്ല. പർച്ചേസ് രേഖകളിൽ കാണിച്ചിട്ടുള്ള 14,358 രൂപ വിലയുള്ള ജലശുദ്ധീകരണിക്ക് പകരം 9,099 രൂപ വിലയുള്ള പ്യൂരിഫയറാണ് ഇറക്കിയിട്ടുള്ളത്. ഈ ഒരിനത്തിൽമാത്രം ഏഴുലക്ഷത്തിലധികം രൂപയുടെ തിരിമറി നടന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. വിലകൂടിയ ഗ്രൈൻഡറിനുപകരം മിക്സി ഇറക്കിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ അങ്കണവാടികൾ ഭാഗികമായി പെയിന്റ് ചെയ്തതിലും ഫ്ലോർമാറ്റ് ഭാഗികമായി വിരിച്ചതിലുമുള്ള പരാതികളും ഉയർന്നിട്ടുണ്ട്.
വിനിയോഗത്തെക്കുറിച്ച് പരാതി ലഭിച്ചപ്പോൾത്തന്നെ ബ്ലോക് ഭരണസമിതിയിലെ അംഗങ്ങളായ നിസാർ (കൺ.), വൈസ് പ്രസിഡന്റ് മുംതാജ്, കെ.സി. കൃഷ്ണൻ, അനിത, പ്രസന്നകുമാരി എന്നിവരടങ്ങുന്ന അഞ്ചംഗ കമ്മിറ്റി അന്വേഷണം നടത്തിയെന്ന് കൊല്ലങ്കോട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ പറഞ്ഞു.
ജില്ലാ ഓഫീസിലെ സീനിയർ സുപ്രണ്ടിന്റെ നേതൃത്വത്തിൽ കൊല്ലങ്കോട് ഐസിഡിഎസ് ഇടപാടുകളെക്കുറിച്ച് ഓഡിറ്റ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ ആഴ്ച റിപ്പോർട്ട് കിട്ടുമെന്നും ജില്ലാ വനിത-ശിശു വികസന ഓഫീസർ പ്രേംന ശങ്കർ പറഞ്ഞു.
Content Highlights: kollengode Anganwadi Funds Diverted: Investigation Reveals Over 50 Lakhs in Irregularities